മാൻഡോസ് ചുഴലിക്കാറ്റ് : കനത്ത ജാഗ്രത
മാൻഡോസ് ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തമിഴ്നാട്ടിലെ മഹാബലിപുരത്ത് കരതൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി ഇത് മാറും. മണിക്കൂറിൽ 12 കിമീ വേഗത്തിൽ വീശുന്ന ചുഴലിക്കാറ്റ് കരകടക്കുമ്പോൾ 85 കി.മീ വരെ വേഗത്തിലാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് തമിഴ്നാട്ടിൽ കനത്ത ജാഗ്രതയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അടുത്ത രണ്ടു ദിവസത്തേയ്ക്ക് തമിഴ്നാട്ടിലെ 3 ജില്ലകളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ്, വടക്കൻ ശ്രീലങ്കൻ തീരപ്രദേശങ്ങളിൽ ഇന്ന് മുതൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്, കൂടാതെ കാറ്റിന്റെ തീവ്രത 70 കിലോമീറ്റർ ആവാനും സാധ്യതയുണ്ട്. 2 ദിവസത്തിനുള്ളിൽ ചുഴലിക്കറ്റിന്റെ വേഗത മണിക്കൂറിൽ 90 കി.മീ വേഗതയിലെത്തുമെന്നും, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.