കോഴിക്കോട് കോര്പ്പറേഷന് അക്കൗണ്ട് തട്ടിപ്പില്‍ 12 കോടി 68 ലക്ഷം രൂപയുടെ തിരിമറി കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്. കേസ് ഏറ്റെടുത്ത കോഴിക്കോട് ജില്ലാ ക്രൈബ്രാഞ്ച് നാളെ പഞ്ചാബ് നാഷണല്‍ ബാങ്കിലും കോര്‍പ്പറേഷനിലും പരിശോധന നടത്തും.ഇന്നലെയാണ് കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഏറ്റെടുത്തത് . ലോക്കല്‍ പൊലീസ് നല്കിയ രേഖകളും അക്കൗണ്ടുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും ശേഖരിച്ചു. ഇതുവരെയുള്ള പരിശോധനയില്‍ 12 കോടി 68 ലക്ഷം രൂപയുടെ തിരിമറി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. നാളെ കോർപ്പറേഷൻ ഓഫീസിൽ പരിശോധന നടത്തും.
തട്ടിപ്പ് കേസിലെ പ്രതി പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ എം പി റിജിലിന്റെ ആക്സിസ് ബാങ്കിലെ അക്കൗണ്ട് ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഓണ്‍ലൈന്‍ റമ്മിക്ക് ഉള്‍പ്പടെ ഈ അക്കൗണ്ടില്‍ നിന്ന് പണമിടപാട് നടത്തിയതായി കണ്ടെത്തി. കോർപ്പറേഷൻ ബാങ്കിന്റെ കണക്കനുസരിച്ച് 15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് പറയുമ്പോൾ ബാങ്ക് പുറത്തുവിടുന്നത് 12 കോടി രൂപയുടെ കണക്കാണ് . എന്നാൽ ചില സ്വകാര്യ വ്യക്തികളും പണം നഷ്ടപ്പെട്ടതായി പരാതിപ്പെടുന്നുണ്ട് . അതിനാൽ തട്ടിപ്പിന്റെ വ്യാപ്തി കൂടാനാണ് സാധ്യത .