ജാമ്യം റദ്ദാക്കണമെന്ന പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.അജിത്ത് കുമാറിന്റെ ഹർജിയിൽ ഷുഹൈബ് വധക്കേസിൽ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു. മാർച്ച് ഒന്ന് തലശ്ശേരി സെഷൻസ് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. മട്ടന്നൂർ പൊലീസാണ് ആകാശിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചത്. ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാനായി ഇന്നലെയാണ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.അജിത്ത് കുമാർ മുഖേന പൊലീസ് തലശ്ശേരി സെഷൻസ് കോടതിയിൽ ഹർജി നൽകിയത്. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായിട്ടാണ് പൊലീസിന്റെ റിപ്പോർട്ട്. 2018 ഫെബ്രുവരി 12നാണ് രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായുണ്ടായ ആക്രമണത്തിൽ ഷുഹൈബ് കൊല്ലപ്പെട്ടത്.