കോവിഡ് ബാധിതരുടെ ജനിതക ഘടനയില്‍ തന്നെ ചില മാറ്റങ്ങള്‍ വരുത്താന്‍ കൊറോണ വൈറസിന് സാധിച്ചേക്കാമെന്ന് പുതിയ പഠനം. ഇതാകാം പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങള്‍ക്കും ദീര്‍ഘകാല കോവിഡിലേക്കുമെല്ലാം നയിക്കുന്നതെന്നും അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഹെല്‍ത്ത് സയന്‍സ് സെന്റര്‍ നടത്തിയ ഗവേഷണം പറയുന്നു. ക്രൊമാറ്റിന്‍ എന്ന ഘടനയിലാണ് കോശങ്ങളിലെ ജനിതക സാമഗ്രികള്‍ ശേഖരിച്ച് വയ്ക്കുന്നത്. കൊറോണ വൈറസ് വിഭാഗത്തില്‍പ്പെട്ട ചില വൈറസുകള്‍ ക്രൊമാറ്റിനെ ഹൈജാക്ക് ചെയ്യുകയോ അതില്‍ മാറ്റം വരുത്തുകയോ ചെയ്യുക വഴി കോശങ്ങള്‍ക്കുള്ളില്‍ വൈറസ് പെരുകാനുള്ള സാഹചര്യം ഒരുക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് അണുബാധയ്ക്ക് ശേഷം ഒരു സാധാരണ കോശത്തിലെ ക്രൊമാറ്റിന്‍ രൂപഘടനയില്‍ ചില വ്യതിയാനങ്ങള്‍ കാണാനായി. ഈ വ്യതിയാനം ചില പ്രധാനപ്പെട്ട ജീനുകളില്‍ മാറ്റത്തിന് കാരണമാകും. ഇന്റര്‍ലൂക്കിന്‍-6 പോലുള്ള ഇന്‍ഫ്‌ളമേഷന്‍ ജീനില്‍ വരുന്ന മാറ്റം കടുത്ത കോവിഡ് അണുബാധയുള്ളവരില്‍ സൈറ്റോകീന്‍ അതിപ്രസരത്തിന് കാരണമാകും. രക്തത്തിലേക്ക് ശരീരം അമിതമായ തോതില്‍ സൈറ്റോകീനുകളെ അഴിച്ചുവിടുന്ന കടുത്ത പ്രതിരോധ പ്രതികരണത്തെയാണ് സൈറ്റോകീന്‍ പ്രവാഹമെന്ന് പറയുന്നത്. ഇത് പല ആന്തരികാവയവങ്ങളെയും അപകടപ്പെടുത്താം. ജീനുകളിലും ഫീനോടൈപ്പുകളിലും ദീര്‍ഘകാല മാറ്റങ്ങള്‍ക്കും അണുബാധ വഴിവയ്ക്കാം. ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങളുമായെല്ലാം ഈ ജനിതക ഘടനയിലെ മാറ്റങ്ങള്‍ക്ക് ബന്ധമുണ്ടാകാമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. നേച്ചര്‍ മൈക്രോബയോളജി ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.