ലോകത്തില്‍ മൂന്നില്‍ രണ്ട് വരുന്ന ജനസംഖ്യയും ചായ പ്രേമികളാണെന്നാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്. എന്നാല്‍ എന്താണെങ്കിലും അധികമായാല്‍ വിഷമാണെന്ന് പറയുന്നതു പോലെ തന്നെയാണ് ചായയുടെ കാര്യവും. ചായ, പ്രത്യേകിച്ച് പാല്‍ ചായയുടെ ഉപഭോഗം മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ചൈനയിലെ സിംഗ്വാ യൂണിവേഴ്സിറ്റിയിലെയും സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് ഫിനാന്‍സ് ആന്‍ഡ് ഇക്കണോമിക്സിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. ബെയ്ജിങ് നിന്നുള്ള 5, 281 കോളജ് വിദ്യാര്‍ഥികളില്‍ നടത്തിയ സര്‍വേയില്‍ പാല്‍ചായയുടെ ഉപയോഗം വിദ്യാര്‍ഥികളില്‍ വിഷാദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുന്നു എന്നാണ് പഠനത്തില്‍ പറയുന്നത്. ഇടയ്ക്കിടെ ഒന്ന് ഫ്രഷ് ആകാന്‍ വേണ്ടി ചായ കുടിക്കുന്ന പതിവ് ഒരു അഡിക്ഷനിലേക്കും അത് പിന്നീട് മാനസിക പ്രശ്നങ്ങളിലേക്കും നയിക്കാം. മാനസിക പ്രശ്നങ്ങള്‍ക്ക് പുറമേ പാല്‍ ചായ കുടിക്കുന്നത് അമിതവണ്ണത്തിനും ദന്തക്ഷയത്തിനും കാരണമാകുമെന്നു ഗവേഷകര്‍ ചൂണ്ടികാണിക്കുന്നു. ചായയില്‍ അടങ്ങിയിട്ടുള്ള കഫീനും പഞ്ചാസാരയുമാണ് ഇതിന് കാരണം. കഫീന്‍ നിങ്ങളുടെ ശരീരത്തെ നിര്‍ജ്ജലീകരിക്കുകയും മലബന്ധത്തിലേക്ക് നയിക്കുകയും ചെയ്യാം. കൂടാതെ ചായ കുടി പതിവാക്കിയാല്‍ അത് നിങ്ങളുടെ ഉറക്കത്തെയും ബാധിക്കും. അധികമായി ചായ കുടിക്കുന്നത് നിങ്ങളുടെ തലച്ചോറില്‍ രാസ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ഇത് ഉത്കണ്ഠയ്ക്കും പല മാനസികപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നാണ് പഠനം പറയുന്നത്.