കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക 20 നു പ്രസിദ്ധീകരിക്കുമെന്ന് വരണാധികാരിയായ മധുസൂദന്‍ മിസ്ത്രി. വോട്ടര്‍പട്ടിക ആവശ്യപ്പെട്ടു കത്തു നല്കിയ ശശി തരൂര്‍ അടക്കമുള്ള അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍ക്കു നല്‍കിയ മറുപടിയിലാണ് ഈ വിവരം. ഒമ്പതിനായിരം പ്രതിനിധികളടങ്ങുന്ന വോട്ടര്‍പട്ടിക പ്രസിഡന്റു സ്ഥാനാര്‍ത്ഥിക്കു മാത്രം ഓഫീസില്‍ പരിശോധിക്കാമെന്നാണു മിസ്ത്രിയുടെ അറിയിപ്പ്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പത്രിക സമര്‍പ്പണം ഈ മാസം 22 ന് തുടങ്ങും. ഇതിനിടെ ശശി തരൂര്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയും എഐസിസി അധ്യക്ഷ സ്ഥാനത്തേക്കു ഗാന്ധികുടുംബം പരിഗണിക്കുന്ന നേതാവുമായ അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തി.
രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നു കേരളത്തില്‍. ഇന്നലെ വൈകുന്നേരത്തോടെ യാത്ര കേരള അതിര്‍ത്തിയായ പാറശാലയില്‍ എത്തി. ഗംഭീരവും ആവേശകരവുമായ സ്വീകരണ പരിപാടികളാണ് കെപിസിസി ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ഏഴു ജില്ലകളിലൂടെ 17 ദിവസമെടുത്താണു യാത്ര കടന്നുപോകുക. 27 ന് പാലക്കാട് വഴി കേരളം വിടും. 14 ാം തീയതിവരെ തിരുവനന്തപുരം ജില്ലയിലാണ് പര്യടനം.
ചാള്‍സ് രാജകുമാരന്‍ ബ്രിട്ടീഷ് രാജാവായി ചുമതലയേറ്റു. കിംഗ് ചാള്‍സ് മൂന്നാമന്‍ എന്നാകും ഇനി അദ്ദേഹം അറിയപ്പെടുക. സെന്റ് ജെയിംസ് കൊട്ടരത്തില്‍ അക്സഷന്‍ കൗണ്‍സിലിന്റെ പ്രതിനിധിയാണ് എഴുപത്തിമൂന്നുകാരനായ ചാള്‍സിനെ രാജാവായി പ്രഖ്യാപിച്ചത്. ലണ്ടനില്‍ പ്രിവി കൗണ്‍സിലിനു മുന്നില്‍ ചാള്‍സ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ചാള്‍സിന്റെ ഭാര്യയും രാജ്ഞിയുമായ കാമില്ല സാക്ഷിയായി ഒപ്പിട്ടു.
അച്ചന്‍കോവിലാറില്‍ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കാണാതായ രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥി ആദിത്യന്‍, ചെറുകോല്‍പ്പുഴ സ്വദേശി വിനീഷ് എന്നിവരാണ് മരിച്ചത്. ആറന്‍മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാന്‍ നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് മാവേലിക്കര വലിയ പെരുംമ്പുഴ കടവില്‍ മറിഞ്ഞത്.
മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ നാവികസേനയുടെ ഫോര്‍ട്ടുകൊച്ചിയിലെ ഐഎന്‍എസ് ദ്രോണാചാര്യയില്‍ പൊലീസ് പരിശോധന. ബാലിസ്റ്റിക് വിദഗ്ധരുടെ സഹായത്തോടെയാണ് പരിശോധിച്ചത്. വെടിയുണ്ട നേവിയിലെ തോക്കുകളില്‍ ഉപയോഗിക്കുന്നതാണോയെന്നാണ് പരിശോധിച്ചത്. നാവിക പരിശിലീന കേന്ദ്രത്തോട് ചേര്‍ന്നുളള കടലിലും തീരത്തും പൊലീസ് പരിശോധന നടത്തി.
തൃശൂരില്‍ ഇന്നു വൈകുന്നേരം പുലിക്കളി. ഉച്ചമുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം. വൈകുന്നേരം നാലു മുതല്‍ പുലിക്കളി സംഘങ്ങള്‍ നഗരത്തിലെത്തും. ഓണാഘോഷത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ കുമ്മാട്ടി സംഘങ്ങളുടെ പ്രകടനങ്ങളും ഉണ്ടായിരുന്നു.