സിട്രോണിന്റെ ചെറു എസ്യുവി കൂപ്പെ ബസാള്‍ട്ട് ഓഗസ്റ്റ് ആദ്യം വിപണിയിലെത്തും. ടാറ്റ കര്‍വുമായി മത്സരിക്കുന്ന വാഹനം ഓഗ്സറ്റ് 2ന് വിപണിയില്‍ എത്തിക്കാനാണ് സിട്രോണ്‍ ശ്രമിക്കുന്നത്. പുറത്തിറക്കിലിന്റെ മുന്നോടിയായി ബസാള്‍ട്ടിന്റെ നിര്‍മാണം തമിഴ്നാട്ടിലെ തിരുവള്ളൂര്‍ പ്ലാന്റില്‍ ആരംഭിച്ചിരുന്നു. സി3, ഇസി3, സി3 എയര്‍ക്രോസ് എസ്യുവി എന്നിവക്കു ശേഷം സി ക്യൂബ്ഡ് പ്രോഗ്രാമിന്റെ ഭാഗമായി സിട്രോണ്‍ പുറത്തിറക്കുന്ന നാലാമതു വാഹനമാണ് ബസാള്‍ട്ട്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ബസാള്‍ട്ട് എസ് യു വി തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്നും സിട്രോണ്‍ അറിയിച്ചിട്ടുണ്ട്. സിട്രോണിന്റെ സി എം പി പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണ് ബസാള്‍ട്ട് ഒരുങ്ങുക. സിട്രോണിന്റെ സി3 എയര്‍ക്രോസിന് മുകളിലായിട്ടാണ് ബസാള്‍ട്ടിന്റെ സ്ഥാനമുണ്ടാവുക. 110 എച്ച്പി, 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനായിരിക്കും ബസാള്‍ട്ടിന്റെ കരുത്ത്. മാനുവല്‍/ ഓട്ടോമാറ്റിക് വകഭേദങ്ങളും ഉണ്ടാവും. ബസാള്‍ട്ട് പുറത്തിറങ്ങി ആറു മാസത്തിനു ശേഷം വൈദ്യുത മോഡലും എത്തുമെന്ന് കരുതപ്പെടുന്നു.