ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമറ്റം വാർഡുകളിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. 100ല്‍ താഴെ വീടുകൾ സ്പോൺസർ ചെയ്തവരുടെ യോഗമാണ് ചേർന്നത്.വീട് നിർമാണവുമായി ബന്ധപ്പെട്ട ചെലവുകൾ വിലയിരുത്തി പരമാവധി സഹായം നൽകുമെന്ന് സ്പോൺസർമാർ അറിയിച്ചു. സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾക്കൊള്ളിച്ച് വെബ്പോർട്ടൽ തയ്യാറാക്കുമെന്നും നിലവിലുള്ള സ്പോൺസർമാരുടെ വിവരങ്ങളും ഭാവി സ്പോൺസർമാർക്കുള്ള ഓപ്ഷനുകളും അതിൽ ലഭ്യമാക്കുമെന്നും യോഗത്തിൽ തീരുമാനമായി. ഓരോ സ്പോൺസർക്കും സവിശേഷമായ സ്പോൺസർ ഐഡി നൽകും. ഓൺലൈൻ പെയ്മെൻറ് ഓപ്ഷനും ഉണ്ടാകും. സ്പോൺസർഷിപ്പ് മാനേജ്മെൻറിനായി പ്രത്യേക യൂണിറ്റ് ഉണ്ടാകും. ഇതിനുവേണ്ടി ഒരു സ്പെഷ്യല്‍ ഓഫീസറെ നിയമിക്കും. മുഖ്യമന്ത്രിതലത്തിലും സെക്രട്ടറിതലത്തിലും ഉള്ള അവലോകനവും ഉണ്ടാകും. ഡിഡിഎംഎ, സ്പോൺസർ, കോൺട്രാക്ടർ എന്നിവർ തമ്മിലുള്ള ത്രികക്ഷി കരാർ ഉണ്ടാകും. കരാറിന്‍റെ നിർവഹണം പിഐയു ഏകോപിപ്പിക്കും. നിർമ്മാണ പ്രക്രിയകളുടെ ഉപാധികളും നിബന്ധനകളും സമയക്രമങ്ങളും പാലിക്കുന്നു എന്ന് ഉറപ്പാക്കുമെന്നും തീരുമാനിച്ചു.