വിഴിഞ്ഞം സമരം ഒത്തുതീര്‍ക്കാര്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിൽ നടന്ന ചർച്ചയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.സർക്കാരിന് വേണ്ടിയാണ് മന്ത്രിസഭ ഉപസമിതി ചർച്ച നടത്തുന്നത്. ഓഗസ്റ്റ് മാസത്തിൽ രണ്ട് തവണ ചർച്ച നടത്തി. സെപ്റ്റംബർ മാസത്തിലും രണ്ടു തവണ ചർച്ച നടത്തി. അനൗദ്യോഗിക ചർച്ചകൾ വേറെയും നടന്നു.തീര ശോഷണം പഠിക്കാൻ സമിതിയെ വെക്കാമെന്നും അറിയിച്ചു. പൂർണ്ണ സമ്മതം എന്ന് പറഞ്ഞാണ് അന്ന് പിരിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരത്തിന്റെ പ്രധാന നേതാവുമായി താൻ തന്നെയാണ് ചർച്ച നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീടും ഭൂമിയും നഷ്ടപെട്ടവർക്ക് പുനർഗേഹം പദ്ധതി വഴി 276 ഭവന സമുച്ചയം കൈമാറി,തിരുവനന്തപുരം ജില്ലയില്‍ മാത്രം 475 കുടുംബങ്ങൾക്ക് വീട് നല്‍കി.അങ്ങനെ വിവിധ ഘട്ടങ്ങളിലായി 925 കുടുംബങ്ങൾക്കാണ് വീട് നല്‍കിയത്. അവശേഷിക്കുന്നവർക്ക് ഫ്ലാറ്റ് ഒന്നര വർഷത്തിനുള്ളിൽ തീർക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തിൽ കടലിൽ പണിക്ക് പോകാൻ കഴിയാത്തവർക്കായി മണ്ണെണ്ണ സബ്‌സിഡി നിരക്കിൽ കൊടുത്തു. കേരളത്തിന്‍റെ സമഗ്ര വികസനത്തിന് അനിവാര്യമായ ബ്രഹത്ത് പശ്ചാത്തല വികസന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. എൺപത് ശതമാനം പദ്ധതി പൂർത്തിയായി.
എത്ര പ്രകോപനം ഉണ്ടായിട്ടും സംയമനത്തിന്‍റെ അതിര് വിട്ട് ഒരു നടപടിയും ഉണ്ടായിട്ടില്ല. കേസ് സ്വാഭാവിക നടപടിയാണ്. ആരെ കേസിൽ ഉൾപെടുത്തണം എന്ന് തീരുമാനിക്കുന്നത് സർക്കാർ അല്ല.
കേന്ദ്ര സേന സുരക്ഷ ആവശ്യപ്പെട്ടത് അദാനിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാർ അതിനെ എതിർത്തില്ല.ചർച്ചക്കുള്ള വാതിൽ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും നിർമ്മാണം നിർത്തിവെക്കില്ലെന്ന തീരുമാനം മാത്രമാണ് സർക്കാരെടുത്ത കടുംപിടുത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമം കയ്യിലെടുക്കുന്നവരെ പൊലീസ് നിയന്ത്രിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ലത്തീൻ സഭക്ക് സർക്കാരുമായി ഊഷ്മള ബന്ധമാണെന്നും കൂട്ടിച്ചേര്‍ത്തു. സഭയുടെ പൊതു വികാരമല്ല സമരത്തെ അനുകൂലിക്കുന്നവർക്കെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.