ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന പുതിയൊരു ഫീച്ചറിലാണ് വാട്‌സ്ആപ്പ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ചാറ്റുകള്‍ എളുപ്പം കൈമാറ്റം ചെയ്യാന്‍ കഴിയുന്നതാണ് പുതിയ സവിശേഷത. വാബീറ്റഇന്‍ഫോയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഇനി മുതല്‍ രണ്ട് ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്കിടയില്‍ വാട്‌സ്ആപ്പ് ചാറ്റുകള്‍ കൈമാറാന്‍ ഗൂഗിള്‍ ഡ്രൈവിന്റെ ആവശ്യമില്ല. ‘ഗൂഗിള്‍ ഡ്രൈവ് ചാറ്റ് ബാക്കപ്പുകളുടെ’ ആവശ്യമില്ലാതെ മറ്റ് ഫോണുകളിലേക്ക് വാട്‌സ്ആപ്പ് ചാറ്റുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഏറ്റവും പുതിയ വാട്‌സ്ആപ്പ് ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പ് 2.23.9.19-ല്‍ ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. വാട്‌സ്ആപ്പിലെ സെറ്റിങ്‌സ് തെരഞ്ഞെടുത്ത് ‘ചാറ്റ്‌സ്’ എന്ന ഓപ്ഷനിലേക്ക് പോയാല്‍ ഏറ്റവും താഴെയായി ‘ചാറ്റ് ട്രാന്‍സ്ഫര്‍’ എന്ന പുതിയൊരു ഫീച്ചര്‍ എത്തിയതായി കാണാന്‍ സാധിക്കും. അതില്‍ ക്ലിക്ക് ചെയ്താല്‍, നിങ്ങളുടെ ചാറ്റുകള്‍ മറ്റൊരു ഫോണിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നത് തുടങ്ങാനായുള്ള ഒരു ക്യൂ.ആര്‍ കോഡ് ദൃശ്യമാകും. ഈ ഫീച്ചര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാല്‍ ഉടന്‍ തന്നെ ബീറ്റാ ടെസ്റ്റിങ് കഴിഞ്ഞ് എല്ലാ യൂസര്‍മാര്‍ക്കും ചാറ്റ് ട്രാന്‍സ്ഫര്‍ സൗകര്യം ലഭ്യമായേക്കും. ഐ.ഒ.എസ് യൂസര്‍മാര്‍ക്ക് ഈ സൗകര്യം ലഭ്യമാകുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ സ്ഥിരീകരണമില്ല.