ചാറ്റ് ജിപിടിയുടെ പുതിയ വേര്‍ഷന്‍ പുറത്തിറക്കി ഓപ്പണ്‍ എഐ. മുന്‍ഗാമി ജിപിടി-3.5നെ അപേക്ഷിച്ച് കൂടുതല്‍ ക്രിയാത്മകവും നിഷ്പക്ഷതയും പുലര്‍ത്തുന്നതാണ് ചാറ്റ് ജിപിടിയുടെ പുതിയ വേര്‍ഷനായ ജിപിടി-4 എന്ന് കമ്പനി അവകാശപ്പെടുന്നു. ചിത്രങ്ങള്‍ കാണിച്ചും ഉത്തരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നതാണ് ജിപിടി-4 ലെ സാങ്കേതികവിദ്യ. അതായത് ടെക്സ്റ്റിന് പുറമേ ചിത്രങ്ങള്‍ ചോദ്യങ്ങളായി ഉന്നയിച്ചാലും കൃത്യമായി മറുപടി ലഭിക്കും എന്ന് സാരം. ഒരേസമയം 20,000 വാക്കുകളെ വരെ കൈകാര്യം ചെയ്യാന്‍ കഴിയുന്നവിധമാണ് സാങ്കേതികവിദ്യ പരിഷ്‌കരിച്ചത്. നിലവില്‍ ഉപയോഗിക്കുന്ന ജിപിടി-3.5 ടെക്സ്റ്റുകളുടെ അടിസ്ഥാനത്തിലാണ് പ്രതികരിക്കുന്നത്. ഇതൊരു ലാംഗ്വേജ് മോഡല്‍ മാത്രമല്ല. ഒരു കാഴ്ചപ്പാട് മോഡല്‍ കൂടിയാണെന്ന് കമ്പനി അവകാശപ്പെടുന്നു. ചാറ്റ് ജിപിടി പ്ലസ് വരിക്കാര്‍ക്ക് പുതിയ വേര്‍ഷന്‍ ഉപയോഗിക്കാന്‍ സാധിക്കും. ചാറ്റ് ജിപിടിയുടെ പെയ്ഡ് വേര്‍ഷനാണ് ചാറ്റ്ജിപിടി പ്ലസ്. ഓപ്പണ്‍എഐ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത ശേഷം അപ്ഗ്രേഡ് ടു പ്ലസില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ വേര്‍ഷന്‍ ഉപയോഗിക്കാന്‍ സാധിക്കും. സ്‌കാന്‍ ചെയ്ത വിവരങ്ങളും സ്‌ക്രീന്‍ഷോട്ടുകളും വിശകലനം ചെയ്ത് ഉത്തരം നല്‍കും എന്നതാണ് പുതിയ വേര്‍ഷന്റെ പ്രത്യേകത.