ഒരു വര്‍ഷം മുന്‍പ് ജൂണിലാണ് ആഗോളതലത്തില്‍ വാട്സ്ആപ്പ് ചാനല്‍ ഫീച്ചര്‍ അവതരിപ്പിച്ചത്. കണ്ടന്റ് ക്രിയേറ്റേഴ്സിനും ബിസിനസ് ഉടമകള്‍ക്കും ഏറെ പ്രയോജനം ചെയ്ത ഫീച്ചറാണിത്. 2023 സെപ്റ്റംബറിലാണ് ഇന്ത്യയില്‍ ഈ ഫീച്ചര്‍ കൊണ്ടുവന്നത്. വിവിധ സ്ഥാപനങ്ങളുടെയും പ്ലാറ്റ്ഫോമുകളുടെയും അപ്ഡേറ്റ്സുകള്‍ അപ്പപ്പോള്‍ അറിയാന്‍ സഹായിക്കുന്ന ഫീച്ചര്‍ എന്ന നിലയില്‍ വലിയ സ്വീകാര്യതയാണ് ചാനല്‍ ഫീച്ചറിന് ലഭിച്ചത്. ഇപ്പോള്‍ ചാനല്‍ ഫീച്ചറുമായി ബന്ധപ്പെട്ട് മറ്റൊരു അപ്ഡേറ്റ്സിനുള്ള ഒരുക്കത്തിലാണ് വാട്സ്ആപ്പ്. നിലവില്‍ പ്രൈമറി ഡിവൈസില്‍ മാത്രമാണ് ചാനല്‍ ഫീച്ചര്‍ ലഭിക്കുന്നത്. പ്രൈമറി ഡിവൈസില്‍ നിന്ന് കണക്ട് ചെയ്ത് മറ്റൊരു ഡിവൈസില്‍ കൂടി ചാനല്‍ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ പുതിയ അപ്ഡേറ്റ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്സ്ആപ്പ്. ലിങ്ക്ഡ് ഡിവൈസുകളില്‍ നിന്നും ചാനല്‍ ക്രിയേറ്റ് ചെയ്യാനും കാണാനും ആശയവിനിമയം നടത്താനും കഴിയുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ലിങ്ക്ഡ് ഡിവൈസില്‍ നിന്ന് കൊണ്ട് ചാനലുകള്‍ ഫോട്ടോ ചെയ്യാന്‍ കഴിയുന്നത് ഉപയോക്താക്കള്‍ക്ക് ഏറെ സൗകര്യപ്രദമായിരിക്കുമെന്നാണ് വിലയിരുത്തല്‍.