കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാജ്ഭവനിലേക്ക് എൽഡിഎഫ് മാർച്ച്. സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി മാർച്ച് ഉദ്ഘാടനം ചെയ്തു. ഗവർണ്ണർക്കെതിരെയും ആർ എസ് എസ്സിനും കേന്ദ്രത്തിനുമെതിരേയും രൂക്ഷ വിമർശനങ്ങളുന്നയിച്ച് യച്ചൂരി.
ഇത് ഇന്ത്യക്ക് വേണ്ടിയുള്ള വലിയ പോരാട്ടം. സംസ്ഥാനത്ത് അസാധാരണ സാഹചര്യമാണുള്ളതെന്നും കേന്ദ്ര സർക്കാർ ഗവർണറെ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. ബി ജെ പി ഇതര ഭരണം നിലനിൽക്കുന്ന സംസ്ഥാങ്ങളെല്ലാം സമാന സാഹചര്യം നേരിടുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളത്തിൽ മാത്രമല്ല പ്രശ്നങ്ങളുള്ളത്. പശ്ചിമ ബംഗാൾ, തമിഴ് നാട്, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിലും സമാന പ്രശ്നങ്ങളുണ്ട്. ഇവിടങ്ങളിലെല്ലാം ബിജെപിയുടെ കേന്ദ്ര സർക്കാർ ഗവർണറെ രാഷ്ട്രീയ ഉപകരണമാക്കുകയാണ് . കേന്ദ്രത്തിനൊപ്പം സംസ്ഥാനങ്ങൾക്കും തുല്യ അധികാരമുണ്ടെന്നിരിക്കെയാണ് ഈ കടന്നുകയറ്റമെന്നും യെച്ചൂരി കുറ്റപ്പെടുത്തി. ഗവർണർ ചാൻസിലറായത് സ്വഭാവികമായല്ല. സംസ്ഥാന നിയമങ്ങൾ പ്രകാരമാണ് ഗവർണർക്ക് ചാൻസിലർ പദവികൂടി ലഭിച്ചത്. നിർഭാഗ്യവശാൽ ചില കോടതി വിധികൾ സംസ്ഥാന നിയമങ്ങൾക്ക് എതിരെയുണ്ടായി. കേന്ദ്ര നിർദ്ദേശങ്ങൾ പലതും ജനാധിപത്യ വിരുദ്ധമാണെന്നും യച്ചൂരി പറഞ്ഞു.