ശശിതരൂർ വിഷയത്തിൽ പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിന്മാറണമെന്ന് കെപിസിസി
ശശി തരൂർ വിഷയത്തില്‍ പരസ്യ പ്രസ്താവനകൾ വിലക്കി കെപിസിസി നേതൃത്വം.
തരൂരിന്റെ കാര്യത്തിൽ കോൺഗ്രസ് പരസ്യ വിഴുപ്പലക്കലിന് മുതിർന്നതോടെയാണ് നേതൃത്വം ഇടപെട്ടത്.
കോണ്‍ഗ്രസ് പാർട്ടിയുടെ കെട്ടുറപ്പിനേയും ഐക്യത്തേയും ബാധിക്കുന്ന പ്രതികരണങ്ങൾ പാടില്ലെന്നാണ് കെപിസിസി നിര്‍ദ്ദേശം. തരൂരിന് കോൺഗ്രസിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ അവകാശമുണ്ട്. പാർട്ടി പരിപാടികളിൽ നിന്ന് തരൂരിനെ തടഞ്ഞെന്ന് പ്രചരണം ശരിയല്ലെന്നും കെപിസിസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ശശി തരൂർ വിഷയത്തിലെ പ്രതികരണങ്ങളിൽ നിന്ന് നേതാക്കൾ പിൻമാറണം എന്നാണ് കെപിസിസിയുടെ നിര്‍ദ്ദേശം. പാര്‍ട്ടിയുടെ ഐക്യത്തേയും കെട്ടുറപ്പിനേയും ബാധിക്കുന്ന പ്രവര്‍ത്തനങ്ങളും പരസ്യ പ്രതികരണങ്ങളും ആരുടെയും ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി കര്‍ശന നിര്‍ദ്ദേശം നല്‍കി. ആഭ്യന്തര ജനാധിപത്യം പൂര്‍ണ്ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. പരസ്യ പ്രതികരണം പാര്‍ട്ടിക്ക് ഒട്ടും ഗുണകരമല്ല. ശശി തരൂര്‍ വിഷയവുമായി ബന്ധപ്പെട്ട് പൊതുജന മധ്യത്തില്‍ കോണ്‍ഗ്രസിന് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്നും നേതാക്കള്‍ പിന്തിരിയണം. മറ്റുവിഷയങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യും.കോണ്‍ഗ്രസില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ശശി തരൂരിനുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവായ ശശി തരൂരിന് ബന്ധപ്പെട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുമായി കൂടിയാലോചിച്ച് ഔദ്യോഗിക പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരു തടസ്സവുമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.