2026 മുതൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ രണ്ടു തവണ നടത്തുമെന്ന് സൂചന. പരീക്ഷകൾ വിദ്യാർത്ഥികളിലുണ്ടാക്കുന്ന സമ്മർദം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ മാർച്ചിന് പുറമെ ജൂണിലും പരീക്ഷ നടത്താനാണ് ആലോചന. ഇതോടെ മികച്ച മാർക്ക് ഏതാണോ അത് വിദ്യാർത്ഥികൾക്ക് സ്വീകരിക്കാൻ കഴിയും. നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് ഫോർ സ്കൂൾ എജ്യുക്കേഷൻ ആണ് ഇതു സംബന്ധിച്ച ശുപാർശ നൽകിയത്. രണ്ട് തവണ പരീക്ഷ നടത്തുമ്പോള്‍ വിദ്യാർത്ഥികൾക്ക് താൽപ്പര്യമുണ്ടെങ്കിൽ എല്ലാ വിഷയങ്ങളും വീണ്ടും എഴുതാൻ കഴിയും. രണ്ടാം ബോർഡ് പരീക്ഷയുടെ ഫലം ഓഗസ്റ്റോടെയാകും പ്രസിദ്ധീകരിക്കുക. എന്നിട്ട് കൂടുതലുള്ള മാർക്ക് ഏതാണോ അത് സ്വീകരിക്കാം. എന്നാൽ വിദ്യാർത്ഥികൾക്ക് എഴുതേണ്ട മറ്റ് പ്രവേശന പരീക്ഷകൾ, രണ്ട് തവണ മൂല്യനിർണയം മൂലം അധ്യാപകർക്കുണ്ടാവുന്ന അമിത ജോലിഭാരം തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാകും അന്തിമ തീരുമാനമെടുക്കുക.