സൗന്ദര്യവര്‍ദ്ധക വസ്തുകളില്‍ സാധാരണയായി കാണപ്പെടുന്ന പാരബെന്‍സും ഫ്താലേറ്റുകളും ഒഴിവാക്കുന്നത് സ്തനകലകളിലെ കാന്‍സറുമായി ബന്ധപ്പെട്ട മാറ്റങ്ങളെ തടയുമെന്ന് പുതിയ പഠനം. സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളിലും സാധാരണയായി അടങ്ങിയിരിക്കുന്ന സീനോ ഈസ്ട്രോജനിക്ക് ആയ സംയുക്തങ്ങളാണ് പാരബെന്‍സും ഫ്താലേറ്റുകളും. ഇവ ഉല്‍പ്പന്നങ്ങളുടെ സുഗന്ധം വര്‍ധിപ്പിക്കുന്നതിനും പ്രിസര്‍വേറ്റീവുകളായും പ്രവര്‍ത്തിക്കുന്നു. ഇവ സീനോ ഈസ്ട്രജന്‍ സംയുക്തങ്ങളാണ്. ഇവ സ്തനാര്‍ബുദ വികസനത്തിന് കാരണമാകുന്ന ഈസ്ട്രജനെ അനുകരിക്കുന്ന സിന്തറ്റിക് സംയുക്തങ്ങളാണ്. വെറും 28 ദിവസം ഇവ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുന്നത് സ്തനകോശങ്ങളില്‍ കാന്‍സറുമായി ബന്ധപ്പെട്ട ഫിനോടൈപ്പുകളുടെ ശേഖരണം കുറയുന്നുവെന്ന് പ്രകടമായതായി കീമോസ്പിയറില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍, ഭക്ഷണം, ഫാര്‍മസ്യൂട്ടിക്കല്‍സ് പോലുള്ളവയില്‍ ബാക്ടീരിയ, ഫംഗസ്, യീസ്റ്റ് എന്നിവയുടെ വളര്‍ച്ച തടയുന്നതിനും അതുവഴി ഉല്‍പ്പന്നങ്ങളുടെ ഷെല്‍ഫ് ലൈഫ് വര്‍ധിപ്പിക്കുന്നതിനും സാധാരണയായി ഉപയോഗിക്കുന്ന ഒരു കൂട്ടം കെമിക്കല്‍ പ്രിസര്‍വേറ്റീവുകളാണ് പാരബെന്‍സ്. എഫ്ഡിഎ പോലുള്ള റെഗുലേറ്ററി ബോഡികള്‍ പൊതുവെ സുരക്ഷിതമായാണ് പാരബെന്‍സുകളെ കാണുന്നത്. മേക്കപ്പ്, മോയ്സ്ചറൈസര്‍, ഷാംപൂ, കണ്ടീഷണര്‍, ബോഡി ലോഷന്‍, സണ്‍സ്‌ക്രീന്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ പാരബെന്‍സ് അടങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക്കുകളെ കൂടുതല്‍ വഴക്കമുള്ളതും, ഈടുറ്റതാക്കുന്നതിനും, ഷെല്‍ഫ് ലൈഫ് വര്‍ധിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന രാസ അഡിറ്റീവുകളാണ് ഫ്താലേറ്റുകള്‍. പ്ലാസ്റ്റിക് റാപ്പുകള്‍, പ്ലാസ്റ്റിക് ഭക്ഷണ പാത്രങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയില്‍ ഇവ സ്ഥിരമായി കാണാം. പ്ലാസ്റ്റിക് പാക്കേജിങ്, കളിപ്പാട്ടങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, നെയില്‍ പോളിഷ്, പെര്‍ഫ്യൂമുകള്‍ എന്നിവയില്‍ ഫ്താലേറ്റുകള്‍ അടങ്ങിയിട്ടുണ്ട്.