ഇടയ്ക്കിടെ ഉണ്ടാകുന്ന ദേഷ്യം, സ്ട്രെസ്സ്, അസ്വസ്ഥത ഇതൊക്കെ ജീവിതശൈലീരോഗമായ ഉയര്‍ന്ന രക്തസമ്മര്‍ദം അഥവാ ഹൈപ്പര്ടെന്ഷന് മൂലമാകാം. നിങ്ങള്‍ ദേഷ്യപ്പെടുമ്പോള്‍ ശരീരം സ്ട്രെസ്സ് ഹോര്‍മോണുകളുടെ പുറന്തള്ളുകയും ഇത് ഹൃദയമിടിപ്പ് വേഗത്തിലാകാന്‍ കാരണമാകുകയും ചെയ്യും. ഇതുമൂലം രക്തക്കുഴലുകള്‍ സങ്കോചിക്കുകയും രക്തസമ്മര്‍ദം ഉയരുകയും ചെയ്യും. എന്നാല്‍ ഇത് ശീലമാകുകയാണെങ്കില്‍ ദീര്‍ഘകാലത്തേക്ക് ക്ഷതങ്ങള്‍ക്ക് സാധ്യതയുണ്ട്. മധ്യവയസ്സുള്ളവര്‍ക്കാണ് ഉയര്‍ന്ന രക്തസമ്മര്‍ദം വരാനുള്ള സാധ്യത കൂടുതല്‍. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ജോലി സമ്മര്‍ദം, വീട്ടിലെ ചുമതലകള്‍, ജീവിതശൈലി എന്നിവയാണ് രോഗസാധ്യത കൂട്ടുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദം പരിശോധിക്കാതിരുന്നാല്‍ അത് ഹൃദ്രോഗം, പക്ഷാഘാതം, വൃക്കയിലെ പ്രശ്നങ്ങള്‍ ഇവയ്ക്കുള്ള സാധ്യത കൂട്ടും. ഇത് പൂര്‍ണമായി ഭേദമാക്കാനാവില്ലെങ്കിലും നല്ല മാറ്റം വരുത്താന്‍ സാധിക്കും. ഇതിനായി ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളറിയാം. പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍, കൊഴുപ്പു കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെയും ഉപ്പിന്റെയും ഉപയോഗം കുറയ്ക്കുക. മിതമായ അളവിലെങ്കിലും ശാരീരികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. ബ്രിസ്ക് വോക്കിങ്ങ്, സൈക്ലിങ്ങ് ഇവ ചെയ്യാം. ശ്വസനവ്യായാമങ്ങള്‍, ധ്യാനം ഇവ പരിശീലിക്കാം. അല്ലെങ്കില്‍ ഇഷ്ടവിനോദങ്ങളിലേര്‍പ്പെടാം. മദ്യപാനവും കഫീന്റെ ഉപയോഗവും നിയന്ത്രിക്കാം. പുകവലി ശീലം ഉണ്ടെങ്കില്‍ അതുപേക്ഷിക്കാം. ഉറക്കരീതികള്‍ കൃത്യമായി പിന്തുടരാം. കൊളസ്ട്രോളും ബ്ലഡ് ഷുഗറും പതിവായി പരിശോധിക്കാം. എപ്പോഴും ദേഷ്യം വരുന്നുണ്ടെങ്കില്‍ രക്തസമ്മര്‍ദം കൂടുതലാണ് എന്ന് ശരീരം നല്കുന്ന സൂചനയാകാം. നേരത്തെ തിരിച്ചറിഞ്ഞ് രോഗം നിയന്ത്രിച്ചു നിര്‍ത്തുന്നത് ഏറെ ഗുണം ചെയ്യും.
ഉയര്‍ന്ന രക്തസമ്മര്‍ദത്തില്‍ മാറ്റം വരുത്താം
