അടുത്തിടെ ഏറെ മാറ്റങ്ങള്‍ അവതരിപ്പിച്ച പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ പേയ്മെന്റ് ഗേറ്റ്വേ സംവിധാനത്തിലും മാറ്റം വരുത്തി. ഇനി മുതല്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയായിരിക്കും ബിഎസ്എന്‍എല്ലിന്റെ പേയ്മെന്റ് പാര്‍ട്ണര്‍ എന്ന് ടെലികോംടോക് റിപ്പോര്‍ട്ട് ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ പുതിയ പേയ്മെന്റ് ഗേറ്റ്വേ പാര്‍ട്ണര്‍ ആയി തെരഞ്ഞെടുത്തിരിക്കുകയാണ് പൊതുമേഖല ടെലികോം നെറ്റ്വര്ക്കായ ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്ലിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോം വഴി റീച്ചാര്‍ജ് ചെയ്താല്‍ ഇനി മുതല്‍ പേയ്മെന്റ് സംവിധാനം പ്രവര്‍ത്തിക്കുക എസ്ബിഐ വഴിയായിരിക്കും. സുരക്ഷിതമായ ട്രാന്സാക്ഷന് നടത്താന്‍ ബിഎസ്എന്‍എല്‍ ഉപഭോക്താക്കളെ ഇത് സഹായിക്കും എന്നാണ് പ്രതീക്ഷ. ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ യുപിഐ, നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍, വാലറ്റുകള്‍ എന്നിവ ഉപയോഗിച്ച് എസ്ബിഐ പേയ്മെന്റ് ഗേറ്റ്വേ സംവിധാനം വഴി ലാന്‍ഡ്ലൈന്‍, മൊബൈല്‍ പേയ്മെന്റുകള്‍ നടത്താമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.