സര്‍വകലാശാലകളിലെ ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ. മുഖ്യമന്ത്രിയെ സര്‍വ്വകലാശാലകളുടെ വിസിറ്ററായി നിയമിക്കണം. ഓരോ സര്‍വ്വകലാശാലകള്‍ക്കും വെവ്വേറെ ചാന്‍സലറെ നിയമിക്കാവുന്നതാണ്. ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉടക്കിനില്‍ക്കേയാണ് ഗവര്‍ണറുടെ അധികാരം കുറയ്ക്കണമെന്ന ശുപാര്‍ശ പുറത്തുവന്നത്.
ഇടമലയാർ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. ഡാമിൽ നിന്ന് പുറത്തേക്കൊഴുകുന്ന ജലത്തിന്റെ അളവ് 350 ക്യുമെക്‌സ് വരെയാക്കി വർധിപ്പിക്കുന്നതിന് കളക്ടർ അനുമതി നൽകി. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഇത്തരത്തിൽ ഒഴുക്കി വിടുന്നതിന് കെ എസ് ഇ ബി അനുമതി നൽകിയിരിക്കുന്നത്
ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവയ്ക്കുന്നു. നിതീഷ്‌കുമാര്‍ എന്‍ഡിഎ മുന്നണി വിട്ട് പുറത്തേക്ക്. നിതീഷ് കുമാറിനു പിന്തുണ നല്‍കുമെന്ന് ആര്‍ജെഡിയും കോണ്‍ഗ്രസും തീരുമാനിച്ചു. ബിഹാറിലെ ബിജെപി മന്ത്രിമാര്‍ രാജിവച്ചേക്കും. എന്നാല്‍ ജെഡിയു, ആര്‍ജെഡി എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങളുമായി ബിജെപിയും മുന്നേറുന്നുണ്ട്.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ എട്ടാം ശമ്പള കമ്മീഷനെ നിയമിക്കില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍. പരിഷ്‌കരിച്ച ശമ്പളം 2026 ജനുവരി ഒന്നു മുതല്‍ നല്‍കണമെങ്കില്‍ ഇപ്പോള്‍ ശമ്പള പരിഷ്‌കരണ കമ്മിഷനെ നിയമിക്കേണ്ടതാണ്. എന്നാല്‍ വിലക്കയറ്റത്തെ ആധാരമാക്കിയുള്ള ക്ഷാമബത്ത വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാര്‍ ഡാമില്‍നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടും. സെക്കന്റില്‍ മൂന്നു ലക്ഷത്തോളം ലിറ്റര്‍ വെള്ളം ഒഴുക്കിവിടും. ഇപ്പോള്‍ സെക്കന്‍ഡില്‍ രണ്ടേകാല്‍ ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുക്കിവിടുന്നത്. വള്ളക്കടവ് മുതല്‍ വണ്ടിപ്പെരിയാര്‍ വരെ പെരിയാര്‍ തീരത്തുള്ളവരോട് മാറിത്താമസിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇടുക്കി ആര്‍ഡിഒ എത്തിയാണ് നിര്‍ദേശം നല്‍കിയത്. ജനങ്ങള്‍ക്ക് ക്യാമ്പിലേക്കു മാറാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തി.
മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. 3000 ക്യുസെക്‌സ് വരെ വെള്ളം തമിഴ് നാടിന് കൊണ്ടുപോകാവുന്നതാണ്. നിലവില്‍ 2144 ക്യു സെക്‌സ് വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. തമിഴ്‌നാട് കൂടുതല്‍ വെള്ളം എടത്തില്ലെങ്കില്‍ കേരളത്തിലേക്കു കൂടുതല്‍ വെള്ളം തുറന്നുവിടേണ്ടിവരും. മുഖ്യമന്ത്രിയുടെ ഓഫീസിനെയും ചീഫ് സെക്രട്ടറിയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ബഫര്‍സോണ്‍ പരിധിയില്‍നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനുള്ള തീരുമാനം അവതാളത്തില്‍. വനാതിര്‍ത്തിയില്‍നിന്ന് ഒരു കിലോമീറ്റര്‍ ബഫര്‍സോണാക്കിക്കൊണ്ടുള്ള 2019 ലെ ഉത്തരവ് മന്ത്രിസഭ തീരുമാനമനുസരിച്ചു റദ്ദാക്കിയാലും നിയമപ്രശ്‌നങ്ങളുണ്ടാകുമെന്ന് അഡ്വക്കറ്റ് ജനറല്‍ നിയമോപദേശം നല്‍കി. 2019 ലെ ഉത്തരവിനു ഭേദഗതി കൊണ്ടുവരാമെന്നാണു നിര്‍ദേശം. അന്തിമ തീരുമാനം വൈകുന്നതിനാല്‍ സുപ്രീം കോടതിയില്‍ തടസ ഹര്‍ജി നല്‍കുന്നതും വൈകുകയാണ്.
ദേശീയ പാതയിലെ കുഴിയടയ്ക്കല്‍ കളക്ടര്‍മാര്‍ പരിശോധിക്കണമെന്നു ഹൈക്കോടതി. ഇടപ്പളളി- മണ്ണൂത്തി ദേശിയപാതയിലെ അറ്റകുറ്റപ്പണിയുടെ വേഗതയും മേന്മയും തൃശൂര്‍- എറണാകുളം കളക്ടര്‍മാര്‍ പരിശോധിക്കണം. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റേതാണ് നിര്‍ദ്ദേശം. ഒരാഴ്ചക്കുളളില്‍ സംസ്ഥാനത്തെ മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണി നടത്തണമെന്ന് കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു.
കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിന് എംപിമാര്‍ക്കും കളക്ടര്‍മാര്‍ക്കുമുള്ള ക്വാട്ടകള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. റദ്ദാക്കിയ ക്വാട്ടകള്‍ പുനസ്ഥാപിക്കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് ഉത്തരവിട്ടത്.