oanam 1

സൗജന്യ ഓണക്കിറ്റ് വിതരണം 17 നു ശേഷം തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി ജി. ആര്‍. അനില്‍. സാധനങ്ങളുടെ പാക്കിംഗ് പുരോഗമിക്കുകയാണ്.   തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങളാണ് ഓണക്കിറ്റിലുള്ളത്. 92 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് ഓണക്കിറ്റ് ലഭിക്കുക.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതില്‍ എന്താണു തെറ്റെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസകിനോട് ഹൈക്കോടതി. എന്‍ഫോഴ്സ്മെന്റിന്റെ നടപടികള്‍ക്കെതിരെ തോമസ് ഐസക് നല്‍കിയ ഹര്‍ജി ഹൈക്കോടതി ബുധനാഴ്ചത്തേക്കു മാറ്റി. തുടര്‍നടപടികള്‍ക്കു സ്റ്റേ ഇല്ല. സാക്ഷിയുടെ മൊഴിയെടുക്കാന്‍ എന്‍ഫോഴ്സ്മെന്റിന് അധികാരമുണ്ടെന്നു കോടതി നിരീക്ഷിച്ചു. തന്നെ കുറ്റാരോപിതനായിട്ടാണ് വിളിപ്പിക്കുന്നതെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി. രണ്ടു സമന്‍സും രണ്ടു രീതിയിലാണ്. വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെട്ടത് എന്തിനാണെന്നു കോടതി എന്‍ഫോഴ്സ്മെന്റിനോടു ചോദിച്ചു. ഉദ്യോഗസ്ഥരുടെ വിവേചനാധികാരമാണെന്ന് എന്‍ഫോഴ്സ്മെന്റിന്റെ അഭിഭാഷകന്‍ വാദിച്ചു.

ലോകായുക്ത നിയമഭേദഗതി ബില്ലില്‍ ഉടക്കി സിപിഐ. നിയമസഭയില്‍ ബില്‍ അവതരിപ്പിക്കും മുമ്പ് ചര്‍ച്ച വേണമെന്നാണു സിപിഐ നിലപാട്. ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ മാറ്റിവച്ചുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ നിയമസഭയില്‍ ബില്‍ പാസാക്കാമെന്നാണു മന്ത്രിസഭ തീരുമാനിച്ചത്. എന്നാല്‍ സഭയില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് എല്‍ഡിഎഫില്‍ ചര്‍ച്ച വേണമെന്ന് സിപിഐ ആവശ്യപ്പെടുമെന്നാണു റിപ്പോര്‍ട്ട്.

കോടികളുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ കരുവന്നൂര്‍ സഹകരണ ബാങ്കിലും മുന്‍ ഡയറക്ടര്‍മാരുടേയും ഉദ്യോഗസ്ഥരുടെയും വീടുകളിലും എന്‍ഫോഴ്സ്മെന്റ് റെയ്ഡ് അവസാനിച്ചത് ഇന്നു പുലര്‍ച്ചെ മൂന്നരയ്ക്ക്. ഇന്നലെ രാവിലെ എട്ടിനാണ് റെയ്ഡ് ആരംഭിച്ചത്. പ്രതികളുടെ വീടുകളില്‍നിന്ന് ആധാരം ഉള്‍പ്പടെയുള്ള രേഖകളുടെ പകര്‍പ്പ് ശേഖരിച്ചു. ബാങ്ക് പ്രസിഡന്റ് ആയിരുന്ന കെ.കെ ദിവാകരന്‍, സെക്രട്ടറി ആയിരുന്ന സുനില്‍ കുമാര്‍, മുന്‍ ശാഖ മാനേജര്‍ ബിജു, കരീം എന്നിവരുടെ വീടുകളിലും ബാങ്ക് ഓഫീസിലും 75 പേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

കാഷ്മീരില്‍ സൈനിക ക്യാമ്പില്‍ ചാവേറാക്രമണം. മൂന്ന് സൈനികര്‍ക്കു വീരമൃത്യു. ആക്രമണം നടത്തിയ രണ്ടു ഭീകരരെ വധിച്ചു. ഇന്ന് പുലര്‍ച്ചെ രജൗരിയിലെ പാര്‍ഗല്‍ സൈനിക ക്യാമ്പിലാണ് ആക്രമണമുണ്ടായത്. രണ്ട് ഭീകരര്‍ ആര്‍മി ക്യാമ്പിന്റെ വേലി ചാടിക്കടന്നു. സൈന്യം ഇവരെ നേരിട്ടതോടെ ഏറ്റുമുട്ടലായി.

ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിലെ 16 ഇടങ്ങളില്‍ ഉറപ്പുള്ള ടാറിംഗ് നടത്തണമെന്ന് ദേശീയപാതാ അതോറിറ്റി കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനു നിര്‍ദേശം നല്‍കി. രണ്ടു മെഷീനുകള്‍ ഉപയോഗിച്ച് കൂടുതല്‍ ഉറപ്പുള്ള ഹോട്ട് മിക്സിംഗ് ടാറിടണമെന്നാണ് നിര്‍ദേശം.

കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനല്‍ പൊളിച്ചു മാറ്റാതെ ബലപ്പെടുത്താമെന്നാണ് മദ്രാസ് ഐഐടി വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ആറു മാസത്തിനകം പണി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഐഐടി വിദഗ്ധര്‍ കെഎസ്ആര്‍ടിസി സിഎംഡി ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഹെല്‍മെറ്റില്‍ കൃത്രിമമായി ക്യാമറ ഘടിപ്പിച്ചാല്‍ നിയമ വിരുദ്ധമാണെന്നു ഗതാഗതമന്ത്രി ആന്റണി രാജു. കമ്പനികള്‍ ഘടിപ്പിച്ച ക്യാമറ ഉള്ള ഹെല്‍മറ്റുകള്‍ ഉപയോഗിക്കാം. ക്യാമറ ഹെല്‍മെറ്റില്‍ വയ്ക്കാതെ വസ്ത്രത്തിലോ മറ്റെവിടെയെങ്കിലുമോ വച്ചുകൂടേയെന്നും മന്ത്രി ചോദിച്ചു.

മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാന്‍ ഈ മാസം 22 ന്  മന്ത്രിമാരുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്ന് മന്ത്രി ആന്റണി രാജു. മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കേണ്ടതാണ്. സംസ്ഥാനത്തിന് മാത്രം ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ല. പുനരധിവാസം ഉള്‍പ്പെടെ ഉറപ്പാക്കാന്‍ 17 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മൂന്നാഴ്ചയായി മല്‍സ്യത്തൊഴിലാളികള്‍ തിരുവനന്തപുരത്ത് സമരത്തിലാണ്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം മൂലമുള്ള തീരശോഷണം പരിഹരിക്കുക, തുറമുഖ പദ്ധതി മൂലം ജോലി നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *