കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ അഞ്ചു പ്രതികളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. മുഖ്യപ്രതി ബിജോയ്, സുനില്‍ കുമാര്‍, ജില്‍സ്, ബിജു കരീം എന്നിവരുടെ വീടുകളിലാണ് പരിശോധന. വരവില്‍ കവിഞ്ഞ സ്വത്തു കണ്ടെത്താനാണു പരിശോധന. സിപിഎം നേതാക്കളടങ്ങിയ ഭരണസമിതിയാണ് ബാങ്ക് ഭരിച്ചിരുന്നത്. അപഹരിച്ച പണം ഉപയോഗിച്ച് പലരും റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്നെന്നാണ് ആരോപണം.
ഓര്‍ഡിനന്‍സ് വിഷയത്തില്‍ ബില്ലുകള്‍ പാസാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടുന്നു. ഈ മാസം 22 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെയാണ് സഭാ സമ്മേളനം. മന്ത്രിസഭാ യോഗമാണു തീരുമാനമെടുത്തത്.
ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ വിശാല സഖ്യ സര്‍ക്കാര്‍ അധികാരത്തിലേക്ക്. തേജസ്വിയാദവ് ഉപമുഖ്യമന്ത്രി. കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍, മറ്റ് ചെറുകക്ഷികള്‍ എന്നിവര്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം. ബിജെപി അംഗമായ നിയമസഭ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ വിശാല സഖ്യം തീരുമാനിച്ചു. ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ആര്‍ ജെ ഡി തള്ളി. ആഭ്യന്തരം വേണമെന്ന നിലപാടിലാണ് തേജസ്വി യാദവ്.
സെക്രട്ടേറിയറ്റിനു മുന്നിലെ മല്‍സ്യത്തൊഴിലാളി സമരത്തിനിടെ സംഘര്‍ഷാവസ്ഥ. ലോറികളില്‍ ബോട്ടുകളുമായി എത്തിയ മല്‍സ്യത്തൊഴിലാളികളെ പോലീസ് തടഞ്ഞു. ലോറികളുടെ താക്കോല്‍ ഊരിയെടുത്തു. ഇതോടെ വള്ളവും ചുമന്ന് റോഡ് തടസപ്പെടുത്തി മല്‍സ്യത്തൊഴിലാളികള്‍ രംഗത്തിറങ്ങി. സ്ത്രീകള്‍ അടക്കമുള്ള മല്‍സ്യത്തൊഴിലാളികളാണ് സമരത്തിനുള്ളത്. അദാനിയുടെ തുറമുഖ നിര്‍മാണംമൂലം കടലാക്രമണത്തിലൂടെ തീരം ഒലിച്ചുപോയെന്നും തീരവാസികളെ സംരക്ഷണമെന്നുമാണ് സമരക്കാര്‍ പറയുന്നത്. മൂന്നാഴ്ചയായി ലത്തീന്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തെ അധികാരികള്‍ ഗൗനിച്ചില്ല. ഇതോടെയാണ് ഇന്ന് ബോട്ടുകളുമായി സമരത്തിനെത്തിയത്. മല്‍സ്യത്തൊഴിലാളികളുടെ നിരവധി ബോട്ടുകള്‍ വിഴിഞ്ഞത്തും പൂന്തുറയിലും പോലീസ് തടഞ്ഞിട്ടു.
കഴിഞ്ഞ തവണ നിയമസഭ ചേര്‍ന്നപ്പോള്‍ ഓര്‍ഡിനന്‍സുകള്‍ സഭയില്‍ പാസാക്കിതിരുന്നത് എന്തുകൊണ്ടാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. ഇത്തരം കാര്യങ്ങള്‍കൂടി പഠിച്ചശേഷമേ ഓര്‍ഡിനന്‍സില്‍ ഒപ്പിടുന്ന കാര്യം തീരുമാനിക്കൂവെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. നിയമസഭ ചേരാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിലെ കുഴിയടയ്ക്കലിനെതിരേ വ്യാപക പരാതികളും കളക്ടറുടെ റിപ്പോര്‍ട്ടുകളും വന്നതോടെ കരാറുകാര്‍ ഇന്നു ശാസ്ത്രീയമായ കുഴിയടയ്ക്കലുമായി രംഗത്ത്. റോഡ് റോളറുകളും മറ്റ് സംവിധാനങ്ങളുമായാണ് കുഴിയടയ്ക്കല്‍. കുഴികളില്‍ മെറ്റല്‍ തൂമ്പകൊണ്ടു നിരത്തിയുള്ള കുഴിയടയ്ക്കലാണ് ഇന്നലെ നടത്തിയിരുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. 139.15 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. മഴ കുറഞ്ഞതാണ് ജലനിരപ്പ് കുറയാന്‍ കാരണം. ഇടുക്കി ഡാമിലെ ജലനിരപ്പ് കുറഞ്ഞിട്ടില്ലെങ്കിലും കൂടുതല്‍ ജലം ഇന്നു തുറന്നു വിടില്ല.
വാളയാര്‍ പീഡന കേസ് സിബിഐതന്നെ പുനരന്വേഷിക്കണമെന്ന് പാലക്കാട് പോക്‌സോ കോടതി. സിബിഐയുടെ കുറ്റപത്രം കോടതി തള്ളി. പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ വിധി. പെണ്‍കുട്ടികളുടെ മരണം കൊലപാതകമല്ലെന്ന പോലീസ് കണ്ടെത്തല്‍ ശരിവച്ചുള്ള കുറ്റപത്രമാണ് സിബിഐയും കോടതിയില്‍ സമര്‍പ്പിച്ചത്.
കൊല്ലം ശൂരനാട് വടക്ക് സിപിഐ പ്രദേശിക യുവ വനിതാ നേതാവിനെയും കുടുംബത്തെയും വ്യാജ ചാരായവുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇടപ്പനയം മുറിയില്‍ അമ്മു നിവാസില്‍ സിന്ധു എന്ന ബിന്ദു ജനാര്‍ദ്ദനന്‍, മകള്‍ എ.ഐ.എസ്.എഫ് നേതാവായ അമ്മു, സഹോദരന്‍ അപ്പു എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്നു പത്തു ലിറ്റര്‍ വ്യാജ ചാരായവും പിടികൂടി. റെയിഡിനെത്തിയ വനിതാ ഉദ്യോഗസ്ഥരെ അടക്കമുള്ളവരെ ഇവരടക്കമുള്ള സംഘം ആക്രമിക്കുകയും വാഹനം തല്ലിത്തകര്‍ക്കുകയും ചെയ്തതിനു വേറെ കേസുമുണ്ട്. ഈ കേസില്‍ അമ്മുവിന്റെ അച്ഛന്‍ ജനാര്‍ദനന്‍ (60), വിജില്‍ ഭവനത്തില്‍ വിനോദ് (41), മകന്‍ വിജില്‍ (20) എന്നിവരെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു
സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിതാ നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി. മുഖ്യമന്ത്രിയ്ക്കും കുടുംബാഗങ്ങള്‍ക്കുമെതിരെ സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി പൊതരേഖയല്ലെന്നു കോടതി നിരീക്ഷിച്ചു.
തൃശൂര്‍ മാളയ്ക്കടുത്ത് അന്നമനടയിലുണ്ടായ ചുഴലിക്കാറ്റില്‍ കനത്ത നാശം. ഒട്ടേറെ മരങ്ങള്‍ കടപുഴകി വീണു. വീടുകളുടെ മേല്‍ക്കൂരയിലുണ്ടായിരുന്ന ഓടുകള്‍ ശക്തമായ കാറ്റില്‍ പറന്നു പോയി. വൈദ്യുതി ലൈനുകള്‍ പൊട്ടിവീണ് പ്രദേശത്തെ വൈദ്യുതിബന്ധം തകരാറിലായി.
പോലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ആദിവാസി വയോധികയുടെ മൃതദേഹം എട്ടു മണിക്കൂര്‍ ആശുപത്രിയില്‍ കിടത്തേണ്ടി വന്നെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിയും താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ടും ഒരാഴ്ചക്കകം വിശദീകരണം നല്‍കണം. കൂരാച്ചുണ്ട് പഞ്ചായത്ത് നാലാം വാര്‍ഡില്‍ കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിലെ മാധവി (90) യുടെ മൃതദേഹമാണ് മോര്‍ച്ചറിയില്‍ എട്ടു മണിക്കൂര്‍ കിടന്നത്.
ആത്മഹത്യാ പ്രേരണകേസില്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹ്നാസ് മൊയ്ദുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
പാലക്കാട് ചിറ്റിലഞ്ചേരിക്കടുത്ത് കോന്നല്ലൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയായ യുവതിയെ കൊലപ്പെടുത്തി കാമുകന്‍ പോലീസില്‍ കീഴടങ്ങി. മേലാര്‍കോട് കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യപ്രിയയാണ് കൊല്ലപ്പെട്ടത്. 24 വയസായിരുന്നു. മംഗലം ചിക്കോട് സ്വദേശി സുജീഷാണു പൊലീസില്‍ കീഴടങ്ങിയത്.