ഹോങ്കോങ്ങിനെ മറികടന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ലോകത്തെ നാലാമത്തെ വലിയ സ്റ്റോക്ക് എക്സ്ചേഞ്ച്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (ബിഎസ്ഇ) ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 5.18 ലക്ഷം കോടി ഡോളറായി ഉയര്‍ന്നതോടെയാണ് ഹോങ്കോങ് ഓഹരി വിപണിയെ മറികടന്നത്. 5.17 ലക്ഷം കോടി ഡോളറാണ് ഹോങ്കോങ് വിപണിയുടെ മൊത്തം മൂല്യമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവില്‍ അമേരിക്കന്‍ വിപണിയാണ് ഒന്നാം സ്ഥാനത്ത്. 56.49 ലക്ഷം കോടി ഡോളറാണ് അമേരിക്കന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ കമ്പനികളുടെ മൊത്തം വിപണി മൂല്യം. 8.84 ലക്ഷം കോടി ഡോളറുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ജപ്പാന്‍ ആണ്. 6.30 ലക്ഷം കോടി ഡോളറാണ് ജപ്പാനിലെ കമ്പനികളുടെ വിപണി മൂല്യം. ജനുവരി 23ന് ഹോങ്കോങ്ങിനെ ഇന്ത്യന്‍ വിപണി മറികടന്നിരുന്നു. എന്നാല്‍ താമസിയാതെ തന്നെ ഹോങ്കോങ് ഹാംഗ് സെങ് സൂചിക നാലാമത്തെ സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്ന ജൂണ്‍ നാലിന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ആറുശതമാനം ഇടിവാണ് നേരിട്ടത്. എന്നാല്‍ പിന്നിടുള്ള ദിവസങ്ങളില്‍ വിപണി തിരിച്ചുവരുന്നതാണ് കണ്ടത്. ദിവസങ്ങള്‍ക്കകം 32 ലക്ഷം കോടി രൂപയാണ് കമ്പനികളുടെ വിപണി മൂല്യത്തിലേക്ക് ചേര്‍ത്തത്.