വൈദ്യുതി കാറുകളുടെ നിര്‍മാണം വൈകാതെ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു. ഇന്ത്യയിലെ വൈദ്യുതി വാഹന വിപണി വളരെ വേഗത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ബിഎംഡബ്ല്യുവിന്റെ പ്രഖ്യാപനം വരുന്നത്. 2023ല്‍ ആദ്യ ആറു മാസത്തില്‍ ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ വില്‍പനയില്‍ ഒമ്പത് ശതമാനം വൈദ്യുതി കാറുകളായിരുന്നു. ഇന്ത്യയില്‍ ഇത് 2025 ആകുമ്പോഴേക്കും 25 ശതമാനമായി ഉയരുമെന്നാണ് ബിഎംഡബ്ല്യുവിന്റെ കണക്കുകൂട്ടല്‍. ഇന്ത്യയില്‍ 2023ന്റെ ആദ്യ ആറു മാസത്തിനുള്ളില്‍ നാലു മോഡലുകളിലായി 500 വൈദ്യുതി കാറുകളാണ് ബിഎംഡബ്ല്യു വിറ്റത്. ഐ7, ഐഎക്‌സ്, ഐ4, മിനി എസ്ഇ എന്നീ മോഡലുകളാണ് ബിഎംഡബ്ല്യു ഇന്ത്യയില്‍ വിറ്റത്. 2013 മുതല്‍ വൈദ്യുതി വാഹനങ്ങള്‍ നിര്‍മിച്ചു വില്‍ക്കുന്ന കമ്പനിയാണ് ബിഎംഡബ്ല്യു. നിലവില്‍ ബിഎംഡബ്ല്യുവിന്റെ അഞ്ചാം തലമുറ ബാറ്ററികളാണ് പുതിയ വാഹനങ്ങളിലുള്ളത്. ആറാം തലമുറ ബാറ്ററികള്‍ നിര്‍മിക്കാനുള്ള ഗവേഷണങ്ങള്‍ ഇതിനകം തന്നെ ബിഎംഡബ്ല്യു ആരംഭിച്ചിട്ടുണ്ട്. 2023 പൂര്‍ത്തിയാകുമ്പോഴേക്കും ആകെ വാഹന വില്‍പയുടെ 15 ശതമാനമായി വൈദ്യുത വാഹനങ്ങള്‍ മാറുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യയില്‍ തന്നെ നിര്‍മാണം ആരംഭിച്ചാല്‍ വില കുറക്കാനാവുമെന്നതും ബിഎംഡബ്ല്യുവിന് അനുകൂലഘടകമായി മാറും.