ബിഎംഡബ്ല്യു ഐ7 എം70 എക്‌സ്‌ഡ്രൈവും ബിഎംഡബ്ല്യു 740ഡി എം സ്‌പോര്‍ട്‌സും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ 7സീരീസ് പെട്രോള്‍, ഡീസല്‍, ഓള്‍ ഇലക്ട്രിക് വകഭേദങ്ങളില്‍ ലഭ്യമാണ്. ബിഎംഡബ്ല്യു 740 ഡി എം സ്പോര്‍ട് ചെന്നൈ ഫാക്ടറിയില്‍ പുറത്തിറങ്ങുന്ന ഇന്ത്യന്‍ നിര്‍മിത വാഹനമാണെങ്കില്‍ ഐ7 എം70 ഇറക്കുമതി ചെയ്യും. 740 ഡി എം സ്പോര്‍ടിന് 1.81 കോടിരൂപയും ഐ7 എം70ന് 2.5 കോടി രൂപയുമാണ് വില. ഓക്സൈഡ് ഗ്രേ, മിനറല്‍ വൈറ്റ്, ബ്ലാക്ക് സഫയര്‍, ബിഎംഡബ്ല്യു ഇന്‍ഡിവിജ്വല്‍ ടാന്‍സനൈറ്റ് ബ്ലൂ എന്നീ നിറങ്ങളില്‍ ബിഎംഡബ്ല്യു 740ഡി സ്പോര്‍ട് ലഭിക്കും. ബിഎംഡബ്ല്യു ഐ7 എം70 സ്റ്റാന്‍ഡേഡായി ഇന്‍ഡിവിജ്വല്‍ പെയിന്റ് വര്‍ക്കിനൊപ്പം ടു ടോണ്‍ പെയിന്റ് വര്‍ക്കിലും എത്തുന്നു. ബ്ലാക്ക് സഫയര്‍ റൂഫ്, ഓക്സൈഡ് ഗ്രേ റൂഫ് നിറങ്ങളിലാണ് ഈ വാഹനം ലഭിക്കുക. ഇന്‍ഡിവിജ്വല്‍ പെയിന്റ് വര്‍ക്ക് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. 3.0 ലീറ്റര്‍ 6 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് 740 ഡി എം സ്പോര്‍ട്ടിലുള്ളത്. 286ബിഎച്ച്പി കരുത്തും പരമാവധി 650 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ പുറത്തെടുക്കും. 48വി മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം അധികമായി 18ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും നല്‍കും. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. വേഗം 100 കിലോമീറ്റര്‍ കടക്കാന്‍ വെറും ആറു സെക്കന്‍ഡ് മതി. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍. വൈദ്യുത വാഹനമായി പുറത്തിറങ്ങുന്ന ബിഎംഡബ്ല്യു ഐ7 എം70ല്‍ 101.7 കിലോവാട്ടിന്റെ ബാറ്ററി പാക്കാണ്. 660ബിഎച്ച്പി കരുത്തും പരമാവധി 1,100 എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ ഈ കാറിന് സാധിക്കും. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്ക് വെറും 3.7 സെക്കന്റില്‍ കുതിച്ചെത്താന്‍ കരുത്തുള്ള വാഹനമാണിത്. പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്റര്‍. റെഞ്ച് 560 കിലോമീറ്റര്‍.