ജര്‍മ്മന്‍ വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു ഇന്ത്യ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025-ല്‍ ബിഎംഡബ്ല്യു ഐഎക്‌സ്1 എല്‍ഡബ്‌ളിയുബി പുറത്തിറക്കി. 49 ലക്ഷം രൂപ എക്സ്ഷോറൂം വില ഉള്ള ഈ ബിഎംഡബ്ല്യു കാര്‍ ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്തിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ചെന്നൈയിലെ പ്ലാന്റില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ഇലക്ട്രിക് കാറാണിത്. ഒറ്റ ചാര്‍ജില്‍ 531 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് അവകാശപ്പെടുന്ന ബിഎംഡബ്ല്യുവിന്റെ ഈ ഇലക്ട്രിക് കാര്‍ അതിന്റെ സെഗ്മെന്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കാറായി കണക്കാക്കപ്പെടുന്നു. മിനറല്‍ വൈറ്റ്, സ്‌കൈസ്‌ക്രാപ്പര്‍ ഗ്രേ, എം കാര്‍ബണ്‍ ബ്ലാക്ക്, എം പോര്‍ട്ടിമാവോ ബ്ലൂ, സ്പാര്‍ക്ലിംഗ് കോപ്പര്‍ ഗ്രേ എന്നിവ ഉള്‍പ്പെടുന്ന അഞ്ച് കളര്‍ ഓപ്ഷനുകളാണ് ഈ കാറില്‍ നല്‍കിയിരിക്കുന്നത്. ഫ്രണ്ട് ആക്‌സില്‍ ഘടിപ്പിച്ച മോട്ടോര്‍ 204 എച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു. കാറിന്റെ മോട്ടോറിന് 8.6 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 30 മിനിറ്റിനുള്ളില്‍ ബാറ്ററി പാക്ക് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം.