മദ്യം കഴിച്ചാൽ തീർച്ചയായും മരിക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സരൺ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2016 മുതൽ മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണ് ബീഹാർ. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണെന്നും നിതീഷ് കുമാർ പറഞ്ഞു.സരൺ ജില്ലയിലെ വിഷമദ്യ ദുരന്തത്തിൽ 39 പേർക്ക് ജീവൻ നഷ്ടമായി. നിരവധി പേർ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.
എന്നാൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള സാധ്യതയെ നിതീഷ് കുമാർ തള്ളിക്കളഞ്ഞു. കഴിഞ്ഞ തവണയും നഷ്ടപരിഹാരം വേണമെന്ന് ജനങ്ങൾ പറഞ്ഞതാണ് . മദ്യം കഴിച്ചാൽ മരിക്കും, നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ ജനങ്ങൾക്ക് ബോധവത്കരണം നൽകേണ്ടത് അത്യാവശ്യമാണെന്നും ബീഹാർ മുഖ്യമന്ത്രി പറഞ്ഞു.മദ്യ നിരോധനം മൂലമാണ് വ്യാജമദ്യം ആളുകൾ കഴിക്കുന്നത് എന്നതിന് മറുപടിയായി നിതീഷ് കുമാർ പറഞ്ഞത് , നിരോധനം ഇല്ലാതിരുന്ന കാലത്തും വ്യാജമദ്യം കഴിച്ച് ആളുകൾ മരണപ്പെട്ടിട്ടുണ്ട്. പഞ്ചാബിലും ഗുജറാത്തിലും വിഷമദ്യ ദുരന്തം സംഭവിച്ചിട്ടുണ്ട് എന്നാണ്.വിഷമദ്യ ദുരന്തത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി സുനിൽകുമാർ പറഞ്ഞു.