തിയറ്ററില്‍ വലിയ ശ്രദ്ധ നേടാതെപോയ ചില ചിത്രങ്ങള്‍ ഒടിടി റിലീസില്‍ വന്‍ പ്രേക്ഷകപ്രീതി നേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ‘ഭരതനാട്യം’ എന്ന ചിത്രം. സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ചിത്രമാണിത്. ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്‌സ്. സിംപ്ലി സൗത്ത് എന്നീ പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രം ഓടുന്നത്. പ്രൈം വീഡിയോയില്‍ ചിത്രം ഇതിനകം 50 മില്യണ്‍ മിനിറ്റുകളിലധികം (5 കോടി) സ്ട്രീം ചെയ്തുകഴിഞ്ഞു. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് വലിയ നേട്ടമാണ് ഇത്. കോമഡിക്ക് പ്രാധാന്യമുള്ള ക്ലീന്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ഭരതനാട്യം. സൈജു കുറുപ്പ് നായകനായ ചിത്രത്തിലെ ഭരതന്‍ നായര്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സായ് കുമാര്‍ ആണ്. കലാരഞ്ജിനി, സോഹന്‍ സീനുലാല്‍, മണികണ്ഠന്‍ പട്ടാമ്പി, സലിം ഹസന്‍, ശ്രീജ രവി, ദിവ്യാ എം നായര്‍, ശ്രുതി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.