പ്രമുഖ ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മ്മാതാക്കളായ ബെന്റ്ലി എസ്.യു.വി മോഡലായ ബെന്റെയ്ഗയുടെ എക്സ്റ്റന്‍ഡഡ് വീല്‍ബേസ് (ഇ.ഡബ്‌ള്യു.ബി) പതിപ്പ് ഇന്ത്യയിലെത്തിച്ചു. അസ്യൂര്‍ വേരിയന്റായി എത്തുന്ന ഈ അള്‍ട്ര എസ്.യു.വി മോഡലിന്റെ ബുക്കിംഗ് ബെന്റ്ലി ഷോറൂമുകളില്‍ തുടങ്ങി. ആറ് കോടി രൂപയാണ് എക്സ്ഷോറൂം വില. റിയര്‍വീല്‍ ഡ്രൈവാണ് സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് ബെന്റെയ്ഗ ഇ.ഡബ്‌ള്യു.ബിയെ പ്രധാനമായും വ്യത്യസ്തമാക്കുന്നത്. ടേണിംഗ് റേഡിയസ് 11.8 മീറ്റര്‍ കുറഞ്ഞിട്ടുണ്ട്. വീല്‍ബേസ് 180 എം.എം കൂട്ടിയിരിക്കുന്നു. സ്റ്റാന്‍ഡേര്‍ഡിലെ 2,995 എം.എമ്മില്‍ നിന്ന് 3,175 എം.എമ്മായാണ് വര്‍ദ്ധന. അകത്തളത്തിന്റെ രണ്ടാംനിരയില്‍ വിശാലതയുടെ ആഡംബരസൗകര്യങ്ങള്‍ തീര്‍ക്കാന്‍ ഇതുപകരിച്ചിട്ടുമുണ്ട്. വിലയ്‌ക്കൊത്ത ആഡംബരമികവുകളാല്‍ സമ്പന്നമാണ് ഈ മോഡല്‍. 582 ബി.എച്ച്.പി കരുത്തുള്ള 4-ലിറ്റര്‍ എന്‍ജിന്റെ ടോപ്‌സ്പീഡ് 280 കിലോമീറ്ററാണ്. 0-100 കിലോമീറ്റര്‍ വേഗം നേടാന്‍ വേണ്ടത് വെറും 4.6 സെക്കന്‍ഡ്.