web cover 4 1

ബെല്‍ അമി | അദ്ധ്യായം 4 | രാജന്‍ തുവ്വാര
ജൂഡിത്ത് മോര്‍ഗന്‍

ഫേസ്ബുക്ക് വഴിയാണ് ജൂഡിത്ത് മോര്‍ഗന്‍ ചാരുമതിയെ പരിചയപ്പെടുന്നത്.
ഫ്രാന്‍സിലെ ഏട്രി റ്റ യില്‍നിന്നുള്ള ജൂഡിത്ത് സൂറിച്ചിലെ സ്‌കൂള്‍ ഓഫ് ആര്‍ട്ട് ഡിസൈനില്‍നിന്നാണ് ബിരുദം നേടിയത്. അതിനുശേഷം പാരീസിലെ എക്കോള്‍ ദേ ബ്യു വില്‍നിന്ന് അവള്‍ മാസ്റ്റര്‍ ബിരുദം നേടി. മികച്ച ചിത്രകാരിയായ ജൂഡിത്ത് പക്ഷേ ചിത്രകലയില്‍ തനിക്ക് മാസ്റ്റര്‍ ബിരുദമുണ്ടെന്ന് പറയാന്‍ മടി കാണിക്കുന്നവളാണ്. ‘സെല്‍ഫ് ടോട്ട് ആര്‍ടിസ്റ്റ്’ എന്നാണ് ചിത്രകലയില്‍ ലഭിച്ച പരിശീലനത്തെക്കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ അവള്‍ പറയുക. ഫേസ്ബുക്കില്‍ പുതിയ ചിത്രകാരന്‍മാരുടെയും ചിത്രകാരികളുടെയും ഫേസ്ബുക്ക് പേജ് സെര്‍ച്ച് ചെയ്യുന്നതും നിരീക്ഷിക്കുന്നതും ജൂഡിത്തിന്റെ ദിനചര്യയായിരുന്നു. ചാരുമതിയുടെഫേസ്ബുക്ക് പേജും ചിത്രങ്ങളും അവള്‍ക്കിഷ്ടപ്പെട്ടു. .ചാരുമതിയുടെ ചിത്രങ്ങളുടെ സവിശേഷമായ ഡീറ്റൈലിങ്ങ് ജൂഡിത്തിനെ അതിശയിപ്പിച്ചു.അതിനെതുടര്‍ന്നാണ് അവള്‍ ചാരുമതിക്ക് ഫ്രെന്റ് റിക്വസ്റ്റ് അയച്ചത് .ചാരുമതി അത് അംഗീകരിച്ചതോടെ അവര്‍ തമ്മില്‍ അഭിപ്രായങ്ങള്‍ കൈമാറ്റം ചെയ്തു. ചില നിമിഷങ്ങളില്‍ സൗഹ്രുദത്തിന്റെ പച്ചപ്പ് ചിത്രങ്ങള്‍ക്കപ്പുറത്തേക്കും പടര്‍ന്നു. ഒരു ന്യൂഡ് ക്യൂബോ ഫിമെയില്‍ പോട്രെയ്റ്റിന് താഴെ ബൂച്ച് ആന്റ് ഫെമ്മേ എന്ന് ജൂഡിത്ത് കമന്റിട്ടപ്പോള്‍ ചാരുമതി ആശ്ചചര്യം കൊണ്ടു. ആ ഒരു കമന്റില്‍ നിന്നാണ് അവര്‍ തമ്മില്‍ ആഴത്തിലുള്ള സൗഹൃദം രൂപംകൊള്ളുന്നത്. അന്നുമുതല്‍ അവര്‍ ആ ചിത്രകാരികള്‍ ഫേസ് ബുക്ക് മെസ്സെഞ്ചര്‍ വഴി ആശയ വിനിമയവും സംവാദങ്ങളുമാരംഭിച്ചു. അവര്‍ തമ്മില്‍ സംവദിക്കാത്ത ഒരു ദിവസം പോലുമില്ലെന്നായി.
ദുബായിലെ കാര്‍ബണ്‍ 12 ആര്‍ട്ട് ഗാലറിയില്‍ ജൂഡിത്ത് ഒരു സോളോ നടത്തിയിരുന്നു. പ്രദര്‍ശനത്തിന്റെ അവസാനദിവസം ശേഷിച്ച ചിത്രങ്ങള്‍ ജനീവയിലുള്ള തന്റെ സ്റ്റുഡിയോയിലേക്ക് അയച്ചശേഷം അവള്‍ ചാരുമതിയെക്കാണാന്‍ ബാംഗളൂരിലേക്ക് തിരിച്ചു.ഈ വിവരം അവള്‍ ചാരുമതിക്ക് ടെക്സ്റ്റ് ചെയ്തിരുന്നു.
ജൂഡിത്തിന്റെ പഴയ ആണ്‍ചങ്ങാതി ടിംആള്‍ട്ട്മാന്‍ ബംഗളൂരിലെ ഐ ബി എം എന്ന ഐ ടി സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ ആയിരുന്നു. അമേരിക്കയിലെ ഷിക്കാഗോയില്‍ നിന്നുള്ള ടിം ജൂഡിത്തിനെ ആദ്യമായി കാണുന്നത് സൂറിച്ചില്‍നിന്ന് ബേണിലേക്കുള്ള യാത്രക്കിടെ. ഹൈവേയിലൂടെ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ഒരു റെസ്റ്റോറന്റില്‍ പ്രാതല്‍ കഴിക്കാനിറങ്ങിയ ടിം ചുവന്ന
തലമുടിക്കാരി റെസ്റ്റോറന്റിന്റെ വലതുവശത്തെ പുല്‍ത്തകിടിയില്‍ സ്ഥാപിച്ച കാന്‍വാസില്‍ ചിത്രം വരക്കുന്നത് കണ്ടു. അകത്തേക്ക് കയറും മുന്‍പേ ടിം ആ ചിത്രകാരിയുടെ അടുത്തേക്ക് ചെന്നു. അങ്ങനെ പലരും അവളുടെ ചിത്രമെഴുത്ത് കാണുവാന്‍ അവിടെ കൂടി നിന്നുവെങ്കിലും പത്തുമിനിറ്റ് തികയും മുന്‍പേ അവരെല്ലാം താന്താങ്ങളുടെ വിശപ്പു ശമിപ്പിക്കാന്‍ റെസ്റ്റോറന്റിലേക്ക് കയറി. ഏതായാലും ടിമ്മിന് ആ ചിത്രംവര കുറച്ചുനേരം കണ്ടുനില്‍ക്കണമെന്ന് തോന്നി.
മടക്കി വെക്കാവുന്ന ഒരു സ്റ്റൂളില്‍ ഇരുന്നുകൊണ്ടാണ് ടിം ആദ്യം കാണുമ്പോള്‍ അവള്‍ കാന്‍വാസില്‍ ചിത്രമെഴുതിയിരുന്നത്. ഏതാണ്ട് ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോള്‍ കാന്‍വാസിന്റെ മുകള്‍ ഭാഗത്ത് ബ്രഷ് എത്തുകയില്ലെന്ന് മനസ്സിലാക്കി അവള്‍ സ്റ്റൂളില്‍ കയറിനിന്നു. ഇപ്പോള്‍ അവള്‍ക്ക് മുകള്‍ഭാഗത്ത് ബ്രഷ് എത്തിക്കാന്‍ കഴിയുന്നുണ്ട്.
അവള്‍ വരക്കാനുദ്ദേശിക്കുന്ന ദൃശ്യം എന്താണെന്ന് ടിമ്മിന് തുടക്കത്തില്‍ മനസ്സിലായിരുന്നില്ല. ചിത്രകാരിയുടെ ജോലി പുരോഗമിക്കെ മഞ്ഞുമൂടിയ ഒരു പാറയാണ് അവളുടെ ലക്ഷ്യമെന്ന് അയാള്‍ക്ക് മനസ്സിലായി. ഇടക്കിടെ അവള്‍ റെസ്റ്റോറന്റ് നില്‍ക്കുന്നതിന്റെ എതിര്‍ഭാഗത്തേക്ക് നോക്കുന്നുണ്ടായിരുന്നു. അവളുടെ ദ്രുതഗതിയിലുള്ള ചലനങ്ങള്‍ക്കൊപ്പം കാന്‍വാസില്‍ റെസ്റ്റോറന്റിന്റെ എതിര്‍ഭാഗത്തുള്ള മലഞ്ചെരിവും ആ മഞ്ഞുമൂടിയ പാറയും ടിമ്മിന്റെ ബൈക്കും, ടിം ആ പാറയുടെ അടുത്താണ് ബൈക്ക് പാര്‍ക്ക് ചെയ്തിരുന്നത്, ക്രമേണ മനോഹരമായി പ്രത്യക്ഷപ്പെട്ടു. ചിത്രം പൂര്‍ത്തിയായപ്പോള്‍ അവള്‍ കുറച്ചു പുറകോട്ട് മാറി നിന്ന് ചിത്രത്തിലേക്ക് നോക്കിക്കൊണ്ടിരുന്നു.
അവളുടെ മുഖത്ത് ചെറിയ തൃപ്തിക്കുറവ് ഉള്ളതായി തോന്നി. അവള്‍ പാലറ്റില്‍ നിന്ന് ബ്രഷ് എടുത്ത് കാന്‍വാസിന്റെ മുകള്‍ ഭാഗത്ത് ടച്ച് ചെയ്തു. ഏകദേശം നാലഞ്ച് മിനിറ്റ് അവള്‍ അതിന് ചെലവിട്ടു. പിന്നെ പഴയ പടി പുറകോട്ട് ഇറങ്ങിനിന്ന് തന്റെ സൃഷ്ടിയെ അവള്‍ നിരീക്ഷിച്ചു.
അവളുടെ മുഖത്ത് പ്രകാശം വെച്ചു. കുറച്ചുനേരം കൂടി ചിത്രത്തിലേക്ക് നോക്കിനിന്നശേഷം അവള്‍ ബ്രഷും പാലറ്റും അടുക്കിവെക്കാന്‍ തുടങ്ങി.
മടക്കി വെക്കാവുന്ന പാലറ്റും ബ്രഷുകളും ട്യൂബുകളും മുതുകില്‍ തുക്കിയിടാന്‍ ഉതകുന്നതരത്തിലുള്ള ബാഗില്‍ ചിത്രകാരി തിരുകിവെച്ചു.
‘ഈ ചിത്രം എന്തു ചെയ്യാന്‍ പോകുന്നു?’ ടിം ചോദിച്ചു
അപ്പോഴാണ് താനല്ലാതെ മറ്റൊരാള്‍ക്കൂടി ഈ ചിത്രം ശ്രദ്ധിക്കുണ്ടെന്ന് അവള്‍ മനസ്സിലാക്കിയത്.സ്വാഭാവികമായ അതിശയത്തോടെ അവള്‍ പുഞ്ചിരിച്ചു.

‘ഇത് ഈ റെസ്റ്റോറന്റില്‍ കൊടുക്കും അവരിത് വില്ക്കും. പണം കിട്ടുമ്പോള്‍ എന്റെ ബാങ്ക് അക്കൗണ്ടില്‍ ഇടും.’
‘ഈ ചിത്രം ഞാനെടുക്കാം.’
അവളത് പ്രതീക്ഷിച്ചിരുന്നില്ല. റെസ്റ്റോറന്റില്‍ വരുന്നവരാരെങ്കിലും എപ്പോഴെങ്കിലും ഈ ചിത്രം വാങ്ങിയേക്കാം എന്നേ അവള്‍ പ്രതീക്ഷിച്ചുള്ളു. അതിന് ചിലപ്പോള്‍ മാസങ്ങള്‍ വേണ്ടിവരും.
‘ഇത് റെസ്റ്റോറന്റുകാരുടെ അവകാശമാണ്. ആര്‍ടിസ്റ്റിന് അവര്‍ വരക്കാനുള്ള സൗകര്യം നല്‍കും. ചിത്രത്തിന്റെ വിലയുടെ പത്തു ശതമാനം ഹോട്ടലുകാര്‍ മുന്‍ കൂര്‍ ആയി തരാറുണ്ട്. ചിലപ്പോള്‍ കാപ്പിയോ ചെറുവക ഭക്ഷണമോ നല്‍കും. .നിങ്ങള്‍ക്ക് വേണമെങ്കില്‍ ഞാന്‍ റെസ്റ്റോറന്റ് മാനേജരോട് സംസാരിക്കാം.’
‘തീര്‍ച്ചയായും, പക്ഷേ ഇതിന്റെ വില പറഞ്ഞില്ല.’
‘എന്റെ കണക്കില്‍ 1200 സ്വിസ് ഫ്രാങ്ക് ലഭിക്കണം. റെസ്റ്റോറന്റ് മാനേജര്‍ക്ക് ഒരു ചെറിയ ചാര്‍ജ് കൊടുക്കണം. ആ ചാര്‍ജ് ചെറുതാണെങ്കില്‍ അത് ഞാന്‍ എന്റെ പ്രതിഫലത്തില്‍ നിന്ന് കുറക്കാം.’
ചെറുപ്പക്കാരിയായ റെസ്റ്റോറന്റ് മാനേജര്‍ ആ ഡീലിന് സൗകര്യമൊരുക്കി. റെസ്റ്റോറന്റിന് കൊടുക്കാനുള്ള 20 ഫ്രാങ്ക് ടിം തന്നെ കൊടുത്തു. ചിത്രകാരിക്ക് മുഴുവന്‍ തുകയും ലഭിച്ചു.
‘ഇനി നമുക്ക് എന്തെങ്കിലും കഴിക്കാം?’ അവള്‍.
‘ആകാം.’
ജനലിനടുത്തുള്ള സീറ്റിലാണ് അവര്‍ ഇരുന്നത്. ജനലിനപ്പുറം ആല്‍പ്‌സിന്റെ നീല മേലാപ്പ് തെക്കുവടക്കായി വളഞ്ഞു പുളഞ്ഞു നീണ്ടു. അതിനുതാഴെ പൈന്‍ മരങ്ങള്‍. വെയില്‍ നാളങ്ങള്‍ പുറത്തേക്ക് നീണ്ടിട്ടും തണുപ്പ് വിട്ടിട്ടില്ല.
‘എവിടേക്ക് പോകുന്നു.’
‘ബേണിലേക്ക്.’
‘ബേണില്‍?’
‘അവിടെ ഫോര്‍ഡ് കോര്‍പറേഷനില്‍.’
‘അപ്പോള്‍ ജോലി ചെയ്യുകയാണ്?’

‘അതെ, നീയോ?’
‘ആര്‍ട്ടിസ്റ്റാണ്. ഇടയ്ക്ക് ഇങ്ങനെയുള്ള ഹോട്ടലുകളില്‍ ചിത്രങ്ങള്‍ വരച്ച് വില്‍ക്കും.’
‘ഓ…’
വെയ്ട്രസ് അടുത്ത് വന്നു
അവള്‍ ഒരു ഹോട് ടി യും ഫ്രൈഡ് ബേക്കണും പറഞ്ഞു. അടുത്തത് ടിമ്മിന്റെ ഊഴം
‘എനിക്ക് ഹോട് കോഫി മാത്രംമതി, കഴിക്കാനൊന്നും വേണ്ട.’
‘അതെന്താ?’
‘ഞാന്‍ രാവിലെ ബ്രഡും ബട്ടറും സാന്‍വിച്ചും കഴിച്ചു. അത് അനങ്ങാതെ കിടപ്പുണ്ട് . ഇനി ഉച്ചക്ക്‌ശേഷം’
ഭക്ഷണശേഷം അവള്‍ പണം കൊടുത്തു.
അവന്‍ അവള്‍ക്ക് കൊടുക്കാനുള്ള പണവും റെസ്റ്റോറന്റില്‍ കൊടുക്കേണ്ട പണവും കൊടുത്തു.
‘ഈ ചിത്രം കുറച്ചു ദിവസത്തേക്ക് ഇവിടെ സൂക്ഷിക്കാന്‍ കഴിയുമോ? അടുത്തയാഴ്ച്ച ഞാന്‍ കാറുമായി വന്ന് കൊണ്ടുപോയ്‌ക്കോളാം.’ ടിം ചോദിച്ചു
അവള്‍ റെസ്റ്റോറന്റ് മാനേജരുമായി സംസാരിച്ചു. അടുത്ത ഞായറാഴ്ച്ച കൊണ്ടുപോകാം എന്ന ടിമ്മിന്റെ ഉറപ്പില്‍ അവരത് സൂക്ഷിക്കാന്‍ സമ്മതിച്ചു.
‘നീ എങ്ങനെയാ പോകുന്നത്.’
‘ഏതെങ്കിലും ബസ് വരും, അല്ലെങ്കില്‍ ഏതെങ്കിലും ബൈക്കിന് കൈ കാണിക്കും.’
അവന്‍ ചിരിച്ചു.
‘പോരുന്നോ?’
അവള്‍ എങ്ങനെ എന്ന് ചോദിക്കുന്ന മട്ടില്‍ അവനെ നോക്കി.
അവന്‍ ബൈക്ക് അവളുടെ സമീപം കൊണ്ടുവന്നു നിര്‍ത്തി.
ഓ, ഈ ബൈക്ക് ഇയാളുടെയായിരുന്നോ? അവള്‍ മനസ്സില്‍ കൗതുകംകൊണ്ടു.
അവന്‍ പറഞ്ഞു:

‘ഈ ബൈക്ക് നന്നായി വരച്ചതുകൊണ്ടാണ് പറഞ്ഞ വില തന്ന് ഞാന്‍ ആ ചിത്രം വാങ്ങിയത്.’
അവള്‍ പൊട്ടിച്ചിരിച്ചു.
‘ഞാന്‍ നിനക്ക് ഒരു ഉമ്മ തരട്ടെ?’ അവള്‍ ചോദിച്ചു.
‘എത്ര വേണമെങ്കിലും….’ ടിം തയ്യാര്‍.
അവളെ ബൈക്കില്‍ കയറ്റി അവന്‍ സൂറിച്ചിലേക്ക് ഓടിച്ചുപോയി. പോകുന്ന വഴി പലതവണ അവളവനെ പുണര്‍ന്ന് കവിളില്‍ ഉമ്മ വെച്ചു. മാറിടം അവന്റെ മുതുകില്‍ ചേര്‍ത്തമര്‍ത്തി അവള്‍ ഉല്ലസിച്ചു ചിരിച്ചു.
‘നീ ഉറങ്ങിപ്പോയോ?’ ടിം ചോദിച്ചു.
ടിം അവളെ തട്ടിയുണര്‍ത്തി. എയര്‍പോര്‍ട്ടില്‍ നിന്ന് അവളെ കാറില്‍ കയറ്റി അപ്പാര്‍ട്‌മെന്റിലേക്ക് കൊണ്ടുപോവുകയായിരുന്നു ടിം.
‘ഇല്ല. നമ്മള്‍ തമ്മില്‍ എങ്ങനെ കണ്ടുമുട്ടി എന്ന് ആലോചിച്ചതാ.’
അവന്‍ പുഞ്ചിരിച്ചു.
‘നീ ഏതോ ഒരു സുഹൃത്തിനെ കാണണമെന്ന് പറഞ്ഞില്ലേ? അത് എവിടെയാ?’
‘അത് സിറ്റിയില്‍നിന്ന് കുറച്ചു മാറിയാണ്. ഹൊസൂര്‍ ഹൈവെയില്‍. ഒരു ഗ്രാമപ്രദേശം.’
‘നിനക്കറിയാമോ ആ സ്ഥലം?’
‘ഇല്ല. ഞാന്‍ ആദ്യമായാണ് ഇവിടെ.’
‘ഓക്കേ. ഞാന്‍ കൊണ്ടുവിടാം. ഈ രാത്രി പോകണോ? നാളെ പോരെ?’
‘മതി.’
അന്ന് ബേണില്‍ മൂന്നുദിവസം അവര്‍ ഒരുമിച്ചു താമസിച്ചു. ടിമ്മിന്റെ അപാര്‍ട്‌മെന്റ് മികച്ച സൗകര്യങ്ങളുള്ളതായിരുന്നു. എല്ലാ ദിവസവും ഒരു തവണയെങ്കിലും പ്രായേണ അപരിചിതരാണെന്ന വാസ്തവം മറന്നുകൊണ്ട് അവര്‍ പ്രണയിച്ചു. അതു കഴിഞ്ഞിട്ട് ഇപ്പോള്‍ ഒരു വര്‍ഷമാകുന്നു. അതാണ് ടിം ആലോചിച്ചു കൊണ്ടിരുന്നത്.
അവള്‍ രതിയില്‍ ഏര്‍പ്പെടുവാന്‍ സമ്മതിക്കുമോ എന്നായിരുന്നു അവന്റെ പ്രധാന സന്ദേഹം. ആ സന്ദേഹം റദ്ദ് ചെയ്യുന്ന രീതിയിലായിരുന്നു ആ
കാമവിലാസിനിയുടെ പ്രകടനമെന്ന വാസ്തവം ഒരിക്കലും അവന് മറക്കാനാവില്ല. ആദ്യമായി ഇണചേര്‍ന്നപ്പോള്‍ അവള്‍ പ്രകടിപ്പിച്ച ചില വിചിത്ര ശബ്ദങ്ങള്‍ അവനെ അത്ഭുതപ്പെടുത്തി. അവളുടെ കണ്ണിലെ ചെങ്കനലുകള്‍ അവനെ തെല്ലൊന്ന് ഭയപ്പെടുത്തി. അവളുടെ രതിമൂര്‍ഛ കണ്ണുകളിലൂടെയാണെന്നു അവന് തോന്നി.
മൂന്നാമത്തെ ദിവസം അവള്‍ ജെനീവയിലേക്ക് പോകാനൊരുങ്ങി. അവളുടെ മമ്മ ജെനീവയിലെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അഡൈ്വസറായി ജോലി ചെയ്യുകയായിരുന്നു.
ടിമ്മിന്റെ അപ്പാര്‍ട്‌മെന്റില്‍ നിന്ന് ഇറങ്ങുന്നതിനുമുമ്പ് അവള്‍ അവന്റെ ബ്രീഫ്‌കേസിനുപുറത്ത് ഒരു ചിത്രം വരച്ചു: രതിമൂര്‍ച്ച അനുഭവിക്കുന്ന തന്റെ കാമുകന്റെ, ടിം ആള്‍ട്മാന്റെ മുഖം. അക്രിലിക്കില്‍ വരച്ച ആ ചിത്രം ഇപ്പോഴും മങ്ങിയിട്ടില്ലെന്ന് അവനോര്‍ത്തു. ഒരു കാമുകിയും ഇങ്ങനെയൊരു ഉപഹാരം ഒരു കാമുകനും നല്കിയിട്ടുണ്ടാവില്ലെന്ന് അവന്‍ ഉറച്ചു വിശ്വസിക്കുന്നു.
ബാംഗ്ലൂര്‍നഗരത്തിലുള്ള മൈത്രി നഗറിലെ ഒരു അപ്പാര്‍ട്‌മെന്റിലാണ് ടിം താമസിക്കുന്നത്. ടിം ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനം അവന് കാറും താമസസ്ഥലവും നല്‍കി. മൂന്നു മുറികളുള്ള അപ്പാര്‍ട്‌മെന്റില്‍ ആഴ്ചയിലൊരിക്കല്‍ ഒരു പരിചാരിക വന്ന് ശുചീകരണ ജോലികള്‍ ചെയ്യും, വസ്ത്രങ്ങള്‍ അലക്കി അയേണ്‍ ചെയ്യും.
കുളി കഴിഞ്ഞ് വന്നപ്പോള്‍ ടിം അവളെയും കൊണ്ട് തൊട്ടടുത്തുള്ള കഫറ്റീരിയയില്‍ കയറി അത്താഴം കഴിച്ചു. അത്താഴത്തിനു ശേഷം അപ്പാര്‍ട്‌മെന്റിലെത്തിയ അവര്‍ അല്‍പ്പം നേരത്തെ കിടക്കാമെന്ന് തീരുമാനിച്ചു.
ടിം ആള്‍ട്മാന്‍ കുറച്ചുകാലം തന്നോടോത്ത് കഴിയുമോ എന്ന് ജൂഡിത്ത് മോര്‍ഗനോട് ചോദിച്ചു. ജൂഡിത്ത് ആ അപേക്ഷ നിരസിച്ചു. ഇന്ന് രാത്രി അവള്‍ അയാള്‍ക്കൊപ്പം താമസിക്കും. ഇന്ന് രാത്രി തന്നിലെ ഏറ്റവും മികച്ച കാമുകിയെ അയാള്‍ക്ക് നല്‍കാമെന്ന് അവള്‍ വാഗ്ദാനം ചെയ്തു. പണ്ട് ബേണിലെ അപ്പാര്‍ട്ട്‌മെന്റില്‍വെച്ച് പ്രത്യക്ഷപ്പെട്ട കാമുകിയെ.
അന്ന് രാത്രി ആദ്യത്തെ തവണ അയാളെ കീഴടക്കിയശേഷം അവള്‍ തന്റെ പുതിയ സുഹൃത്തിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കു വെച്ചു.
‘ചാരുമതി ഒരു മികച്ച പെയ്ന്റര്‍ ആണ്. അവള്‍ താമസിക്കുന്നത് ഒരു എഴുത്തുകാരന്റെ കൂടെയാണ്. പുവര്‍ നൈസ് മാന്‍ എന്നാണ് അവളുടെ നിരീക്ഷണം. ഹി ഹെല്‍പ്ഡ് ഹേര്‍ എ ലോട്ട്. അയാള്‍ക്കൊപ്പം നാലു മാസമായി താമസിക്കുന്നു. എക്‌സിബിഷന്‍ നടത്തുവാന്‍ അയാള്‍ സഹായിച്ചു. ഇന്‍ ഫാക്ട്
ഹി ഈസ് ബിറ്റ് ഓള്‍ഡ് അറൗണ്ട് ഫിഫ്റ്റി. ആന്‍ഡ് ഡ്യൂറിങ് ദി ലാസ്റ്റ് വീക്ക് ദാറ്റ് മാന്‍ ഈസ് ലവ് സിക്ക്. ദേ സ്ലീപ് ടുഗതര്‍, ഹാവ് വാരിയസ് ടൈപ്‌സ് ഓഫ് സെക്‌സിങ്..’
ഫ്രഞ്ച് ചുവയുള്ള ഇംഗ്ലീഷില്‍ അവള്‍ വിസ്തരിച്ചു.
ടിം ആ കഥ കേട്ടുകൊണ്ട് അവളുടെ മാറിടത്തില്‍ പരതി.
‘വെയിറ്റ് ബോയ്…’
അവള്‍ കളിവാക്ക് പറഞ്ഞ് പൊട്ടിച്ചിരിച്ചു, അതിനു പിന്നാലെ അവനും ചിരിച്ചു.
‘നോക്ക്, അന്‍പത് പിന്നിട്ട ഈ ആണുങ്ങളെല്ലാം പ്രണയത്തിന്റെ കാര്യത്തില്‍ പാവങ്ങളാണ്. ഐ നോ എ ബോയ് ഓഫ് ഫിഫ്റ്റി ടു ഹൂ വാസ് എ പ്രൊഫെസ്സര്‍ ഇന്‍ മാഡ്രിഡ് യൂണിവേഴ്‌സിറ്റി. മിഗ്വല്‍ റോഡ്രിഗസ്. ഐ വാസ് ട്വന്റി റ്റൂ ദെന്‍. എന്നെ ഒരു രാത്രി കണ്ടില്ലെങ്കില്‍ അയാള്‍ക്ക് വൈകാരിക തകര്‍ച്ച ഉണ്ടാകുമായിരുന്നു. ബട്ട് ഹി ആള്‍വേസ് സര്‍പ്രൈസ്ഡ് മി ഇന്‍ സെക്‌സിങ്.. എന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞതിന്റെ പിറ്റേന്ന് അയാളെ വിട്ട് ഞാന്‍ പാരീസില്‍നിന്ന് രക്ഷപ്പെട്ടു…’
‘ഇതുവരെ നിനക്ക് എത്ര കാമുകന്മാരെ ലഭിച്ചു?’
ടിം അവളെ പ്രകോപിപ്പിക്കുവാന്‍ ഒരു കുസൃതി ഉന്നയിച്ചു.
‘എണ്ണം പിടിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ കണ്ടെത്തിയ രണ്ടു മോഡലുകളാണ് എന്നെ തൃപ്തിപ്പെടുത്തിയത്. ഒര്‍ണന്‍സില്‍ വെച്ച് ഗുസ്താവ് കൂര്‍ബേയെപ്പോലിരിക്കുന്ന കറുത്ത കോട്ടിട്ട താടിക്കാരന്‍ ക്‌ളോദ് മിച്ചല്‍ എന്നെ അതിശയിപ്പിച്ചു. അയാളെ എനിക്ക് മറക്കാനാവുന്നില്ല. കൂര്‍ബെയുടെ നാടാണ് ഒര്‍ണന്‍സ്. അവിടെ അദ്ദേഹത്തിന്റെ സ്‌റുഡിയോക്ക്, ഇപ്പോള്‍ അത് മ്യൂസിയം, കാവലിരിക്കുന്നവന്‍ ക്‌ളോദ് മിച്ചല്‍. മിച്ചലിന്റെ കണ്ണുകള്‍ എന്നെ വിവസ്ത്രയാക്കുന്നത് എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞു. സന്ദര്‍ശകരില്ലാത്ത നട്ടുച്ച സമയത്ത് അയാള്‍ എന്നെ ആ ചരിത്രമുറങ്ങുന്ന സ്റ്റുഡിയോയിലിട്ട് പേര്‍ത്തും പേര്‍ത്തും….. ഹോ. എനിക്കത് മറക്കാന്‍ കഴിയുന്നില്ല. ഗുസ്താവ് കൂര്‍ബെ തന്നെയായിരുന്നു അത്. ആ സംയോഗം എനിക്ക് ഗര്‍ഭം നല്‍കിയെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു. പക്ഷേ ഒന്നുമുണ്ടായില്ല. വെറുതെ മെനക്കേട്.’
ജൂഡിത്ത് തന്നോടൊപ്പം കഴിയില്ലെന്ന നിരാശയും സംയോഗത്തിന്റെ അധ്വാനം നല്‍കിയ തളര്‍ച്ചയും ടിമ്മിനെ ദ്രുതഗതിയില്‍ നിദ്രയിലേക്ക് നയിച്ചു.

പിറ്റേന്ന് രാവിലെ ടിമ്മിന് അസൗകര്യമുണ്ടാക്കേണ്ടെന്നും അവനറിയാതെ അവിടെനിന്നിറങ്ങണമെന്നും അവള്‍ തീരുമാനിച്ചിരുന്നു. ജൂഡിത്ത് അവന്‍ എഴുന്നേല്‍ക്കുന്നതിനുമുന്‍പേ അപ്പാര്‍ട്‌മെന്റില്‍ നിന്ന് പുറത്തിറങ്ങി ഒരു യുബര്‍ വിളിച്ച് ഹൊസൂര്‍ ഹൈവെയില്‍ ചാരുമതി ആശ്രിതയായി താമസിക്കുന്ന വീടിനുമുന്നിലെത്തി. ഗേറ്റ് പിടിപ്പിച്ചിരിക്കുന്ന ചതുരത്തൂണില്‍ ബെല്‍ അമീ എന്നെഴുതി വെച്ചതായിരുന്നു അവള്‍ക്ക് ചാരുമതി നല്‍കിയിരുന്ന അടയാളം. മോപ്പസാങ്ങിന്റെ കഥകളിലെ വീടുകളെ ഓര്‍മ്മിപ്പിക്കുംവിധമുള്ള ആ പഴയ വലിയ വീടിനോട് ആദ്യ കാഴ്ച്ചയില്‍തന്നെ ജൂഡിത്തിന് സ്‌നേഹം തോന്നി. തൊടിയിലെ വൃക്ഷങ്ങളും പക്ഷികളും കാറ്റും കരിയിലകളും പച്ചില പടര്‍പ്പുകളും ആത്മാതുരമായ ഒരു ലോകം തന്റെ മുന്നില്‍ നിവര്‍ത്തിയിടുന്നതായി അവള്‍ മനോരാജ്യം കൊണ്ടു. ചാരിയിട്ടിരുന്ന ഗേറ്റ് തുറന്ന് അകത്തു കടന്നപ്പോള്‍ ഏട്രിറ്റയിലെ ഒരു പുരാതനമായ അഭിജാത ഭവനത്തിലെത്തിയതുപോലെ അവള്‍ക്ക് തോന്നി.
മണല്‍ വിരിച്ച നടവഴിപിന്നിട്ട് മുറ്റത്തെത്തുമ്പോള്‍, വലതുഭാഗത്ത് ചെങ്കല്‍ തറകെട്ടി പാര്‍പ്പിച്ച പടര്‍ന്നു പന്തലിച്ച മുത്തന്‍മാവ്. ബന്യനും മാങ്കോ ട്രീയും ഇന്ത്യന്‍ കള്‍ച്ചറല്‍ സിമ്പല്‍സ് ആണെന്ന് ചെറിയ ക്ലാസില്‍ പഠിച്ചത് തല്‍ക്ഷണം അവളുടെ ഓര്‍മ്മയിലേക്ക് കടന്നു വന്നു. മുറ്റം കടന്ന് മുതുകുസഞ്ചിയുമേന്തി പൂമുഖത്തേക്ക് കയറിയ അവള്‍ പഴയ ശൈലിയിലുള്ള കോള്‍ബെല്‍ സ്വിച്ചില്‍ വിരലമര്‍ത്തി.
(തുടരും)
Copy Right Reserved

ബെല്‍ അമി | അദ്ധ്യായം 5

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *