ബീറ്റ്‌റൂട്ട് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് വിപരീതഫലമുണ്ടാക്കാം. ബീറ്റ്‌റൂട്ടില്‍ ഓക്‌സലേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മൂത്രത്തില്‍ കാല്‍സ്യം ഓക്‌സലേറ്റ് വര്‍ധിപ്പിക്കുകയും കിഡ്‌നി സ്റ്റോണിന് കാരണമാവുകയും ചെയ്യും. ഓക്സലേറ്റ് തരത്തിലുള്ള കിഡ്നി സ്റ്റോണ്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവര്‍ ബീറ്റ്ടോപ്പുകള്‍ അധികം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ ബീറ്റ്‌റൂട്ട് അലര്‍ജി ഉണ്ടാക്കും. ബീറ്റ വി 1 എന്ന ലിപിഡ് ട്രാന്‍സ്ഫര്‍ പ്രോട്ടീന്‍, പ്രൊഫലിന്‍ (ബീറ്റ വി 2), ബീറ്റ വി പിആര്‍ -10 തുടങ്ങിയ അലര്‍ജിക്ക് കാരണമാകുന്ന നിരവധി അലര്‍ജി പ്രോട്ടീനുകള്‍ ബീറ്റ്‌റൂട്ടില്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത് നേരിയ തോത് മുതല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ വരെ സൃഷ്ടിക്കാം. ബീറ്റ്‌റൂട്ടില്‍ കാര്‍ബോഹൈഡ്രേറ്റുകളായ ഫ്രക്ടാനുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം അല്ലെങ്കില്‍ മറ്റ് ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ പ്രശ്നങ്ങള്‍ ഉള്ളവരില്‍ ദഹനക്കേട് ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ബീറ്റ്‌റൂട്ടില്‍ നൈട്രേറ്റ് കൂടുതലായതിനാല്‍ അമിതമായി കഴിക്കുന്നത് വയറുവേദനയ്ക്ക് കാരണമാകും. കൂടാതെ അമിതമായി നൈട്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഗര്‍ഭിണികളില്‍ തലകറക്കം, തലവേദന, ഉര്‍ജ്ജക്കുറവ് എന്നിവ അനുഭവപ്പെടാം.