ജീവിതശൈലിയില്‍ ചില നല്ല ശീലങ്ങള്‍ ഉള്‍പ്പെടുത്തുന്നത് വിഷാദരോഗത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ജനിതകപരമായി വിഷാദരോഗ സാധ്യതയുള്ളവരില്‍ പോലും ഇത്തരം ശീലങ്ങള്‍ക്ക് വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് ഇംഗ്ലണ്ടിലെ കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. നേച്ചര്‍ മെന്റല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് അനുസരിച്ച് ഇനി പറയുന്ന ശീലങ്ങള്‍ പിന്തുടരുന്നത് വിഷാദരോഗ സാധ്യത ഗണ്യമായി കുറയ്ക്കും. ആരോഗ്യകരമായ ഭക്ഷണക്രമം, നിത്യവുമുള്ള വ്യായാമം, പുകവലിശീലം ഒഴിവാക്കല്‍, മദ്യപാനം ഒഴിവാക്കുകയോ പരിമിതമായ തോതില്‍ മാത്രം ആക്കുകയോ ചെയ്യുക, സാമൂഹികമായ ബന്ധങ്ങള്‍ ഉണ്ടാക്കുകയും നിലനിര്‍ത്തുകയും ചെയ്യുക, നല്ല ഉറക്കം, അലസമായ ജീവിതശൈലി ഒഴിവാക്കി സജീവമായി ഇരിക്കുക. യുകെ ബയോബാങ്കിലെ 2,90,000 പേരുടെ വിവരങ്ങള്‍ ഒന്‍പത് വര്‍ഷക്കാലം പരിശോധിച്ചാണ് ഈ നിഗമനങ്ങളിലേക്ക് ഗവേഷകര്‍ എത്തിച്ചേര്‍ന്നത്. ഇവരില്‍ 13,000 പേര്‍ക്ക് വിഷാദരോഗം അനുഭവപ്പെട്ടു. ഈ ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഉറക്കമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. രാത്രിയില്‍ ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ തുടര്‍ച്ചയായി ഉറങ്ങാന്‍ സാധിച്ചവരിലെ വിഷാദരോഗ സാധ്യത 22 ശതമാനം കുറഞ്ഞതായി ഇവര്‍ നിരീക്ഷിച്ചു. ഒരിക്കലും പുകവലിക്കാത്തവര്‍ക്ക് വിഷാദരോഗ സാധ്യത 20 ശതമാനം കുറഞ്ഞിരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. നല്ല സാമൂഹിക ബന്ധങ്ങളുള്ളവര്‍ക്ക് വിഷാദരോഗ സാധ്യത 18 ശതമാനം കുറഞ്ഞിരിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. ആരോഗ്യകരമായ ഭക്ഷണക്രമം ആറ് ശതമാനവും പരിമിതമായ മദ്യപാനം 11 ശതമാനവും നിത്യവുമുള്ള വ്യായാമം 14 ശതമാനവും സജീവമായ ജീവിതശൈലി 13 ശതമാനവും വിഷാദരോഗ സാധ്യത കുറയ്ക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.