താടിയുള്ള അപ്പനേയേ പേടിയുള്ളൂ എന്നൊരു ചൊല്ലുണ്ട്. ഈ താടിയും മീശയും പുരുഷന്മാരുടെ കുത്തകയാണോ? അല്ലെന്നു തെളിയിക്കുകയാണ് ഈ അമേരിക്കക്കാരി. മിഷിഗണില്‍ നിന്നുള്ള എറിന്‍ ഹണികട്ട് എന്ന 38 -കാരി ഒരു താടിക്കാരിയാണ്. വെറും താടിക്കാരിയല്ല, ലോകത്തിലെ ഏറ്റവും വലിയ താടിക്കാരി എന്നു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിട്ട താരമാണ്. രണ്ടു വര്‍ഷക്കാലമായി താടി നീട്ടിവളര്‍ത്തുന്ന ഇവരുടെ താടിക്ക് ഒരടിയോളം നീളമുണ്ട്. കൃത്യമായി പറഞ്ഞാല്‍ 11.81 ഇഞ്ച് നീളം. 75 -കാരിയായ വിവിയന്‍ വീലറുടെ 10.04 ഇഞ്ചു നീളമുള്ള താടിയുടെ ലോക റെക്കോര്‍ഡാണ് ഇപ്പോള്‍ ഹണികട്ട് തകര്‍ത്തത്. താടി വളര്‍ത്തുന്നതിനെ വീട്ടുകാരും കൂട്ടുകാരുമെല്ലാം എതിര്‍ത്തെങ്കിലും അതു കൂസാതെയാണ് ഇവര്‍ താടി വളര്‍ത്തുന്നത്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ് മുഖത്തെ അമിതമായ രോമവളര്‍ച്ചയ്ക്കു കാരണം. പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം മൂലമാണ് ഇങ്ങന താടി വളരുന്നത്. മുഖത്തെ അമിതമായി ഈ രോമം വളരുന്നത് ആദ്യമൊക്കെ മനസിനു വിഷമമായിരുന്നെങ്കിലും ഇപ്പോള്‍ അതൊരു പ്രശ്നമേ അല്ലെന്നാണ് എറിന്‍ ഹണികട്ട് പറയുന്നത്. തന്റെ ജീവിതപങ്കാളിയുടെ അംഗീകാരവും പ്രോത്സാഹനവുമാണ് ഈ ആത്മവിശ്വാസത്തിനു മുഖ്യകാരണമെന്നും അവര്‍ പറഞ്ഞു.