പാന്‍കാര്‍ഡ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെടുന്ന സന്ദേശങ്ങളില്‍ ജാഗ്രതപാലിക്കണമെന്ന് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക്. പാന്‍ കാര്‍ഡ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ആകുമെന്ന തരത്തിലാണ് ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ ലഭിക്കുന്നത്. ഉപയോക്താക്കളില്‍ നിന്ന് ആവര്‍ത്തിച്ച് പരാതികള്‍ എത്തുന്ന സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരത്തില്‍ വരുന്ന സന്ദേശങ്ങളിലെ ലിങ്കുകള്‍ ഓപ്പണ്‍ ചെയ്യുന്നത് വഴി ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പ് സംഘം ചോര്‍ത്തുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇന്ത്യ പോസ്റ്റ്, ഉപയോക്താക്കള്‍ക്ക് ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയച്ചിട്ടില്ലെന്നും അജ്ഞാത ലിങ്കുകളില്‍ കയറുന്നത് വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്നതിലേക്ക് എത്തുമെന്ന് പിഐബി എക്സില്‍ കുറിച്ചു. പാന്‍കാര്‍ഡ് വിവരങ്ങള്‍ അത്യാവശ്യമെങ്കില്‍ മാത്രം നല്‍കുക, വിശ്വസ്യതയുള്ള ഏജന്‍സികള്‍ക്കും പ്ലാറ്റ്ഫോമുകള്‍ക്കും മാത്രമെ ആവശ്യമെങ്കില്‍ വ്യക്തി വിവരങ്ങള്‍ നല്‍കാവൂ എന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇമെയില്‍ വഴിയോ എസ്എംഎസ് വഴിയോ വരുന്ന സന്ദേശങ്ങളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.