ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ബാങ്കിംഗ് സേവനം ഉറപ്പുവരുത്തുന്നതില്‍ മുന്‍പന്തിയില്‍ ഉള്ള പൊതുമേഖല ബാങ്കാണ് ബാങ്ക് ഓഫ് ബറോഡ. ഇത്തവണ യുപിഐ സേവന രംഗത്തെ സാധ്യതകള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ക്കാണ് ബാങ്ക് ഓഫ് ബറോഡ തുടക്കമിട്ടിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ഉള്ള ഏതൊരു ഉപഭോക്താക്കള്‍ക്കും യുപിഐ ഇടപാടുകള്‍ വേഗത്തിലും എളുപ്പത്തിലും നടത്താന്‍ സാധിക്കും. ഈ സാധ്യത കണക്കിലെടുത്ത് ക്യുആര്‍ കോഡ് എടിഎം മെഷീനുകള്‍ക്കാണ് ബാങ്ക് ഓഫ് ബറോഡ രൂപം നല്‍കിയിരിക്കുന്നത്. രാജ്യത്തുടനീളം 6000- ത്തിലധികം എടിഎമ്മുകളില്‍ യുപിഐ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബാങ്ക് ഓഫ് ബറോഡ വ്യക്തമാക്കി. ഇതോടെ, രാജ്യത്ത് യുപിഐ എടിഎമ്മുകള്‍ സ്ഥാപിക്കുന്ന ആദ്യ പൊതുമേഖല ബാങ്ക് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബാങ്ക് ഓഫ് ബറോഡ. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെയും, എന്‍സിഇആര്‍ കോര്‍പ്പറേഷന്റെയും പിന്തുണയോടെയാണ് ബാങ്ക് ഓഫ് ബറോഡ ഈ നേട്ടം കൈവരിച്ചത്. ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ തന്നെ പണം പിന്‍വലിക്കാന്‍ കഴിയുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. ഇന്റര്‍ഓപ്പറബിള്‍ കാര്‍ഡിലെ കാര്‍ഡ്‌ലെസ് ക്യാഷ് വിത്ത്‌ഡ്രേവല്‍ സാങ്കേതിക വിദ്യയിലൂടെ യുപിഐ എടിഎമ്മുകളില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം പിന്‍വലിക്കാന്‍ സാധിക്കും.