ഹുറൂണും 360 ഉം വണ്‍ വെല്‍ത്തും ചേര്‍ന്ന് പുറത്തിറക്കിയ 2023ലെ ഇന്ത്യന്‍ അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍ പുറത്ത്. വായ്പാ തിരിച്ചടവ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ മൂലം നിക്ഷേപകര്‍ ബൈജൂസിന്റെ വാല്വേഷന്‍ കുറച്ചതാണ് ബൈജു രവീന്ദ്രന് തിരിച്ചടിയായത്. കഴിഞ്ഞവര്‍ഷം 30,600 കോടി രൂപയുടെ ആസ്തിയുമായി 49-ാം സ്ഥാനത്തായിരുന്നു ബൈജു രവീന്ദ്രന്‍. 2022ല്‍ ഹുറൂണ്‍ റിച്ച് ലിസ്റ്റ് പുറത്തിറക്കിയപ്പോള്‍ വിപ്രോ സ്ഥാപകന്‍ അസീം പ്രേംജിക്കും ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തിക്കും മുന്നിലായിരുന്നു ബൈജുവിന്റെ സ്ഥാനം. നടത്തിപ്പിലെ പോരായ്മകള്‍ മൂലം അതിവേഗം തകര്‍ച്ചയിലേക്ക് നീങ്ങി. 1,000 കോടി രൂപയിലധികം ആസ്തിയുള്ള 1,319 പേരാണ് പട്ടികയിലിടം പിടിച്ചത്. 216 പേര്‍ പുതുതായി പട്ടികയിലുള്‍പ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 76 ശതമാനം വര്‍ധനയാണ് 1,000 കോടി വരുമാനം നേടുന്ന വ്യക്തികളുടെ എണ്ണത്തിലുണ്ടായത്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികളായ സോഹോയുടെയും സീറോദയുടേയും ഉടമകളും പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തി. സോഹോയുടെ സ്ഥാപകന്‍ ശ്രീധര്‍ വെമ്പുവിന്റെ സഹോദരിയും മുഖ്യ ഓഹരി ഉടമയുമായ രാധാ വെമ്പു 36,500 കോടി രൂപ ആസ്തിയുമായി 40-ാം സ്ഥാനത്തെത്തി. ബ്രോക്കറേജ് സ്ഥാപനമായ സീറോദയുടെ സ്ഥാപകരും സഹോദരങ്ങളുമായ നിതിന്‍ കാമത്ത് 35,300 കോടി രൂപയുടെ ആസ്തിയുമായി 42-ാം സ്ഥാനത്തും നിഖില്‍ കാമത്ത് 22,500 കോടി രൂപ ആസ്തിയുമായി 81-ാം സ്ഥാനത്തുമാണ്. 22,500 കോടി രൂപ ആസ്തിയുമായി നൈകയുടെ ഫല്‍ഗുനി നയ്യാറും കുടുംബവും ലിസ്റ്റില്‍ മുന്നിലെത്തിയിട്ടുണ്ട്. പലചരക്ക് ഡെലിവറി സ്ഥാപനമായ സെപ്റ്റോയുടെ സഹസ്ഥാപകന്‍ ഇരുപതുകാരനായ കൈവല്യ വോഹ്രയാണ് ലിസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.