തന്റെ ഗുരുവായ ഡോ. ബെല്ലില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട്, അദ്ദേഹത്തെ മാതൃകയാക്കിക്കൊണ്ടാണ് ആര്‍തര്‍ കോനല്‍ ഡോയല്‍ തന്റെ അനശ്വരകഥാപാത്രമായ ഷെര്‍ലക് ഹോംസിനെ സൃഷ്ടിച്ചത്. വൈദ്യവും കുറ്റാന്വേഷണവും വിസ്മയകരമായ ഒരദൃശ്യതലത്തില്‍ ഒത്തുചേരുന്ന അസുലഭനിമിഷമാണിത്. ഡോ. മുരളീധരന്റെ ‘ആയുസ്സിന്റെ അവകാശികള്‍’ എന്ന പുസ്തകത്തിലും ഈ നിരീക്ഷണപാടവത്തിന്റെ സവിശേഷതകള്‍ കാണാന്‍ പറ്റും. ഇവിടെ അത് സാഹിത്യവും വൈദ്യവും സംഗമിക്കുന്ന ജീവന്റെ അഴിമുഖമാകുന്നു എന്നുമാത്രം. ഒരു അനസ്തേഷ്യോളജിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ഒപ്പം അദ്ദേഹം സാക്ഷ്യംവഹിച്ച അതിജീവനകഥകളും. ‘ആയുസ്സിന്റെ അവകാശികള്‍’. ഡോ. മുരളീധരന്‍ എ.കെ. മാതൃഭൂമി ബുക്‌സ്. വില 176 രൂപ.