◼️കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ അഞ്ചു പ്രതികളുടെ വീടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. മുഖ്യപ്രതി ബിജോയ്, സുനില്‍ കുമാര്‍, ജില്‍സ്, ബിജു കരീം എന്നിവരുടെ വീടുകളിലാണ് പരിശോധന. വരവില്‍ കവിഞ്ഞ സ്വത്തു കണ്ടെത്താനാണു പരിശോധന. സിപിഎം നേതാക്കളടങ്ങിയ ഭരണസമിതിയാണ് ബാങ്ക് ഭരിച്ചിരുന്നത്. അപഹരിച്ച പണം ഉപയോഗിച്ച് പലരും റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്നെന്നാണ് ആരോപണം.
◼️ഓര്‍ഡിനന്‍സ് വിഷയത്തില്‍ ബില്ലുകള്‍ പാസാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടുന്നു. ഈ മാസം 22 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെയാണ് സഭാ സമ്മേളനം. മന്ത്രിസഭാ യോഗമാണു തീരുമാനമെടുത്തത്.
◼️ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ വിശാല സഖ്യ സര്‍ക്കാര്‍ അധികാരത്തിലേക്ക്. തേജസ്വിയാദവ് ഉപമുഖ്യമന്ത്രി. കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍, മറ്റ് ചെറുകക്ഷികള്‍ എന്നിവര്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം. ബിജെപി അംഗമായ നിയമസഭ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ വിശാല സഖ്യം തീരുമാനിച്ചു. ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ആര്‍ ജെ ഡി തള്ളി. ആഭ്യന്തരം വേണമെന്ന നിലപാടിലാണ് തേജസ്വി യാദവ്.
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◼️സെക്രട്ടേറിയറ്റിനു മുന്നിലെ മല്‍സ്യത്തൊഴിലാളി സമരത്തിനിടെ സംഘര്‍ഷാവസ്ഥ. ലോറികളില്‍ ബോട്ടുകളുമായി എത്തിയ മല്‍സ്യത്തൊഴിലാളികളെ പോലീസ് തടഞ്ഞു. ലോറികളുടെ താക്കോല്‍ ഊരിയെടുത്തു. ഇതോടെ വള്ളവും ചുമന്ന് റോഡ് തടസപ്പെടുത്തി മല്‍സ്യത്തൊഴിലാളികള്‍ രംഗത്തിറങ്ങി. സ്ത്രീകള്‍ അടക്കമുള്ള മല്‍സ്യത്തൊഴിലാളികളാണ് സമരത്തിനുള്ളത്. അദാനിയുടെ തുറമുഖ നിര്‍മാണംമൂലം കടലാക്രമണത്തിലൂടെ തീരം ഒലിച്ചുപോയെന്നും തീരവാസികളെ സംരക്ഷിക്കണമെന്നുമാണ് സമരക്കാര്‍ പറയുന്നത്. മൂന്നാഴ്ചയായി ലത്തീന്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തെ അധികാരികള്‍ ഗൗനിച്ചില്ല. ഇതോടെയാണ് ഇന്ന് ബോട്ടുകളുമായി സമരത്തിനെത്തിയത്. മല്‍സ്യത്തൊഴിലാളികളുടെ നിരവധി ബോട്ടുകള്‍ വിഴിഞ്ഞത്തും പൂന്തുറയിലും പോലീസ് തടഞ്ഞിട്ടു.
◼️കഴിഞ്ഞ തവണ നിയമസഭ ചേര്‍ന്നപ്പോള്‍ ഓര്‍ഡിനന്‍സുകള്‍ സഭയില്‍ പാസാക്കിതിരുന്നത് എന്തുകൊണ്ടാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. ഇത്തരം കാര്യങ്ങള്‍കൂടി പഠിച്ചശേഷമേ ഓര്‍ഡിനന്‍സില്‍ ഒപ്പിടുന്ന കാര്യം തീരുമാനിക്കൂവെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. നിയമസഭ ചേരാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
◼️ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിലെ കുഴിയടയ്ക്കലിനെതിരേ വ്യാപക പരാതികളും കളക്ടറുടെ റിപ്പോര്‍ട്ടുകളും വന്നതോടെ കരാറുകാര്‍ ഇന്നു ശാസ്ത്രീയമായ കുഴിയടയ്ക്കലുമായി രംഗത്ത്. റോഡ് റോളറുകളും മറ്റ് സംവിധാനങ്ങളുമായാണ് കുഴിയടയ്ക്കല്‍. കുഴികളില്‍ മെറ്റല്‍ തൂമ്പകൊണ്ടു നിരത്തിയുള്ള കുഴിയടയ്ക്കലാണ് ഇന്നലെ നടത്തിയിരുന്നത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◼️മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. 139.15 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. മഴ കുറഞ്ഞതാണ് ജലനിരപ്പ് കുറയാന്‍ കാരണം. ഇടുക്കി ഡാമിലെ ജലനിരപ്പ് കുറഞ്ഞിട്ടില്ലെങ്കിലും കൂടുതല്‍ ജലം ഇന്നു തുറന്നു വിടില്ല.
◼️വാളയാര്‍ പീഡന കേസ് സിബിഐതന്നെ പുനരന്വേഷിക്കണമെന്ന് പാലക്കാട് പോക്സോ കോടതി. സിബിഐയുടെ കുറ്റപത്രം കോടതി തള്ളി. പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ വിധി. പെണ്‍കുട്ടികളുടെ മരണം കൊലപാതകമല്ലെന്ന പോലീസ് കണ്ടെത്തല്‍ ശരിവച്ചുള്ള കുറ്റപത്രമാണ് സിബിഐയും കോടതിയില്‍ സമര്‍പ്പിച്ചത്.
◼️കൊല്ലം ശൂരനാട് വടക്ക് സിപിഐ പ്രദേശിക യുവ വനിതാ നേതാവിനെയും കുടുംബത്തെയും വ്യാജ ചാരായവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇടപ്പനയം മുറിയില്‍ അമ്മു നിവാസില്‍ സിന്ധു എന്ന ബിന്ദു ജനാര്‍ദ്ദനന്‍, മകള്‍ എ.ഐ.എസ്.എഫ് നേതാവായ അമ്മു, സഹോദരന്‍ അപ്പു എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്നു പത്തു ലിറ്റര്‍ വ്യാജ ചാരായവും പിടികൂടി. റെയിഡിനെത്തിയ വനിതാ ഉദ്യോഗസ്ഥരെ ഇവരടക്കമുള്ള സംഘം ആക്രമിക്കുകയും വാഹനം തല്ലിത്തകര്‍ക്കുകയും ചെയ്തതിനു വേറെ കേസുമുണ്ട്. ഈ കേസില്‍ അമ്മുവിന്റെ അച്ഛന്‍ ജനാര്‍ദനന്‍ (60), വിജില്‍ ഭവനത്തില്‍ വിനോദ് (41), മകന്‍ വിജില്‍ (20) എന്നിവരെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു
◼️സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിതാ നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി. മുഖ്യമന്ത്രിയ്ക്കും കുടുംബാഗങ്ങള്‍ക്കുമെതിരെ സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി പൊതരേഖയല്ലെന്നു കോടതി നിരീക്ഷിച്ചു.
◼️തൃശൂര്‍ മാളയ്ക്കടുത്ത് അന്നമനടയിലുണ്ടായ ചുഴലിക്കാറ്റില്‍ കനത്ത നാശം. ഒട്ടേറെ മരങ്ങള്‍ കടപുഴകി വീണു. വീടുകളുടെ മേല്‍ക്കൂരയിലുണ്ടായിരുന്ന ഓടുകള്‍ ശക്തമായ കാറ്റില്‍ പറന്നു പോയി. വൈദ്യുതി ലൈനുകള്‍ പൊട്ടിവീണ് പ്രദേശത്തെ വൈദ്യുതിബന്ധം തകരാറിലായി.
◼️പോലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ആദിവാസി വയോധികയുടെ മൃതദേഹം എട്ടു മണിക്കൂര്‍ ആശുപത്രിയില്‍ കിടത്തേണ്ടി വന്നെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിയും താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ടും ഒരാഴ്ചക്കകം വിശദീകരണം നല്‍കണം. കൂരാച്ചുണ്ട് പഞ്ചായത്ത് നാലാം വാര്‍ഡില്‍ കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിലെ മാധവി (90) യുടെ മൃതദേഹമാണ് മോര്‍ച്ചറിയില്‍ എട്ടു മണിക്കൂര്‍ കിടന്നത്.
◼️ആത്മഹത്യാ പ്രേരണ കേസില്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹ്നാസ് മൊയ്ദുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
◼️പാലക്കാട് ചിറ്റിലഞ്ചേരിക്കടുത്ത് കോന്നല്ലൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകയായ യുവതിയെ കൊലപ്പെടുത്തി കാമുകന്‍ പോലീസില്‍ കീഴടങ്ങി. മേലാര്‍കോട് കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യപ്രിയയാണ് കൊല്ലപ്പെട്ടത്. 24 വയസായിരുന്നു. മംഗലം ചിക്കോട് സ്വദേശി സുജീഷാണു പൊലീസില്‍ കീഴടങ്ങിയത്.
◼️പത്തനംതിട്ട മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. 70 കോടി രൂപയുടെ ക്രമക്കേടാണ് ആരോപിക്കപ്പെടുന്നത്. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള യൂണിറ്റിനാണ് അന്വേഷണ ചുമതല.
◼️വധശ്രമക്കേസില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയ്ക്ക് ഹൈക്കോടതി ജാമ്യം. പിജി പരീക്ഷ എഴുതാനായി നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
◼️ക്വാറികള്‍ പൂട്ടണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഭരണങ്ങാനം നാടുകാണിയിലെ ദുരിതാശ്വാസ ക്യാമ്പിലെ 18 കുടുംബാംഗങ്ങള്‍. ക്യാമ്പ് ഒഴിഞ്ഞുപോകില്ലെന്ന് കുടുംബാംഗങ്ങളും നാട്ടുകാരും നിലപാടെടുത്തിരിക്കുകയാണ്.
◼️പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് കഞ്ചാവ് വലിക്കാന്‍ പ്രേരിപ്പിച്ചതിന് എക്സൈസിന്റെ പിടിയിലായ വ്ളോഗര്‍ ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിന്‍ കഞ്ചാവിന്റെ ഗുണങ്ങളെപ്പറ്റി റാപ്പ് ഗാന ശൈലിയില്‍ വിവരിക്കുന്ന വീഡിയോ പുറത്ത്. എക്സൈസ് ഓഫിസില്‍ കസ്റ്റഡിയിലിരിക്കേയാണ് ഈ പ്രകടനം. താനൊരു രോഗിയാണ്, അതുകൊണ്ടാണ് കഞ്ചാവ് ഇപയോഗിക്കുന്നത്. കഞ്ചാവ് ഉപയോഗിക്കുന്നവരെ പീഡിപ്പക്കരുതെന്നാണ് ഇയാളുടെ അഭ്യര്‍ത്ഥന.
◼️അക്രമരാഷ്ട്രീയം പയറ്റുന്ന എസ്എഫ്ഐയെ നിരോധിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട എറണാകുളം എംപി ഹൈബി ഈഡനെതിരെ എസ്എഫ്ഐയുടെ ബാനര്‍. ‘ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്’ എന്ന ബാനര്‍ എറണാകുളം മഹാരാജാസ് കോളേജിന് മുന്നില്‍ ഉയര്‍ത്തി. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്.
◼️അഴീക്കോട് മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ തൊഴിലാളിയെ കാണാതായി. എറിയാട് ചന്തക്കു പടിഞ്ഞാറ് വശം സുധിയാണ് (42) രാവിലെ കടലില്‍ വീണത്.
◼️പീഡനക്കേസില്‍ കണ്ണൂര്‍ നഗരസഭ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ പി.വി കൃഷ്ണകുമാര്‍ അറസ്റ്റില്‍. ഒളിവിലായിരുന്ന കൃഷ്ണകുമാറിനെ ബംഗളൂരുവില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.
◼️കണ്ണൂരില്‍ 14 വയസുകാരനെതിരേ മയക്കുമരുന്നു, പീഡന പരാതികളുമായി സഹപാഠിയായ പെണ്‍കുട്ടി. ലഹരിമരുന്നിന് അടിമയാക്കുകയും ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പതിനൊന്നോളം പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി പീഡിപ്പിപ്പിച്ചെന്നാണ് ഒരു വാര്‍ത്താചാനല്‍ ആരോപിച്ചത്.
◼️കോട്ടയം പാമ്പാടിക്കടുത്ത് കൂരോപ്പടയില്‍ വീട് കുത്തിത്തുറന്ന് 50 പവന്‍ മോഷ്ടിച്ച സംഭവത്തില്‍ ദുരൂഹത. ഫാദര്‍ ജേക്കബ് നൈനാന്‍ എന്ന വൈദികന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണത്തിന്റെ ഒരു ഭാഗം വീടിന് സമീപത്തു നിന്നും പൊലീസ് കണ്ടെടുത്തു. ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി.
◼️വീട്ടില്‍ ആളില്ലാത്ത തക്കം നോക്കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ സഹോദരനും ബന്ധുവും അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ എടവണ്ണ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് പീഡനം നടന്നത്.
◼️സ്ത്രീധനപീഡനം മൂലം ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി മരിച്ചു. പെരിഞ്ഞനം കൊറ്റംകുളം സ്വദേശി അഫ്സാന (21) ആണ് മരിച്ചത്. ഓഗസ്റ്റ് ഒന്നിനാണ് അഫ്സാന അത്മഹത്യക്കു ശ്രമിച്ചത്.
◼️മഹാരാഷ്ട്ര മന്ത്രിസഭയില്‍ ഒരു സ്ത്രീ പോലുമില്ലെന്ന് എന്‍സിപി നേതാവ് സുപ്രിയ സുലെ. സ്ത്രീകളെ അപമാനിക്കുന്നതിനു തുല്യമായ നടപടിയെന്നാണ് സുപ്രിയ ആരോപിച്ചത്.
◼️ഭീമ കൊറേഗാവ് കേസില്‍ പ്രതിയായ കവി വരവരറാവുവിന് സ്ഥിരം ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ആരോഗ്യ കാരണങ്ങള്‍ പരിഗണിച്ചാണ് ജാമ്യം. പാര്‍ക്കിന്‍സണ്‍ രോഗത്തിനു ചികില്‍സയിലാണ് 82 വയസായ വരവരറാവു.
◼️സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38,080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 35 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4,760 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,930 രൂപയാണ്.
◼️ജി-സീരീസിലെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണ്‍ മോട്ടോ ജി 32 ഇന്ത്യയില്‍ അവതരിപ്പിച്ചു. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 680 പ്രോസസര്‍, 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറോട് കൂടിയ ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പ്, 5,000എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയിഡ് 12 എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. മോട്ടോ ജി 32 ന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ ഇന്ത്യയിലെ വില 12,999 രൂപയാണ്. മിനറല്‍ ഗ്രേ, സാറ്റിന്‍ സില്‍വര്‍ കളര്‍ ഓപ്ഷനുകളിലാണ് പുതിയ ഹാന്‍ഡ്സെറ്റ് വരുന്നത്. ഇന്ത്യയില്‍ ഓഗസ്റ്റ് 16 മുതല്‍ ഫ്ലിപ്കാര്‍ട്ടിലും പ്രമുഖ ഓഫ്‌ലൈന്‍ ഔട്ട്‌ലെറ്റുകളിലും സ്മാര്‍ട് ഫോണ്‍ ലഭ്യമാകും.
◼️സംസ്ഥാന അവാര്‍ഡ് ജേതാവ് ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം സംവിധാനം നിര്‍വഹിക്കുന്ന പുതിയ ഗാനം പുറത്തിറങ്ങി. ‘മൈക്ക്’ സിനിമയിലെ ‘ലഡ്കി’ എന്ന ഗാനമാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറങ്ങിയത്. ഈ ഗാനം പാടിയിരിക്കുന്നത് സിത്താര കൃഷ്ണകുമാറും, വരികള്‍ എഴുതിയത് സുഹൈല്‍ കോയയുമാണ്. അനശ്വര രാജന്‍ അവതരിപ്പിച്ച ‘സാറ’ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഗാനമാണ് ‘ലഡ്കി ‘. നടന്‍ ജോണ്‍ എബ്രഹാമിന്റെ ജെഎ എന്റര്‍ടൈന്‍മെന്റ് ആദ്യമായി നിര്‍മ്മിക്കുന്ന മലയാള ചിത്രമാണ് ‘മൈക്ക്’. നവാഗതന്‍ രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രത്തില്‍ രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം രാധാകൃഷ്ണന്‍, സിനി എബ്രഹാം, രാഹുല്‍, നെഹാന്‍, റോഷന്‍ ചന്ദ്ര, ഡയാന ഹമീദ്, കാര്‍ത്തിക്ക് മണികണ്ഠന്‍, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ ഉണ്ട്.
◼️താപ്സി പന്നു നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് സബാഷ് മിത്തു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന ‘മിതാലി രാജി’ന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. താപ്സി പന്നു ചിത്രം ഒടിടിയിലും റിലീസ് ചെയ്യുകയാണ്. വൂട് സെലക്ടിലാണ് സബാഷ് മിത്തു റിലീസ് ചെയ്യുക എന്ന് അറിയിച്ച് ടീസര്‍ പുറത്തുവിട്ടു. ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്ത ചിത്രത്തിന്റ ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. വനിതാ ഏകദിന ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായിരുന്ന മിതാലി രാജ് ജൂണ്‍ എട്ടിനാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
◼️ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹണ്ടര്‍ 350 മോട്ടോര്‍സൈക്കിള്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 ന്റെ അടിസ്ഥാന റെട്രോ വേരിയന്റിന് 1.50 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുന്നു. ഡ്യുവല്‍-ടോണ്‍ മെട്രോ വേരിയന്റുകള്‍ക്ക് 1.69 ലക്ഷം രൂപ വരെ ഉയരുന്നു. ടിവിഎസ് റോണിന്റെ വില 1.49 ലക്ഷം രൂപ മുതലും,ഹോണ്ട സിബി350ആര്‍എസിന്റെ വില 2.03 ലക്ഷം രൂപ മുതലും, ജാവ 42വിന്റെ വില 1.94 ലക്ഷം രൂപ മുതലും യെസ്ഡി റോഡ്സ്റ്ററിന്റെ വില 2.01 ലക്ഷം രൂപയും ആണ്. 20.2 ബിഎച്ച്പിയും 27 എന്‍എം ടോര്‍ക്കും നല്‍കുന്ന 349 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ ഓയില്‍ കൂള്‍ഡ് മോട്ടോറാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 ന് കരുത്ത് പകരുന്നത്.
◼️അവിശ്വസനീയമായി തോന്നിയേക്കാവുന്ന ഈ നോവലിലെ പല സംഗതികളും വാസ്തവത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നവതന്നെയാണ്. വാസ്തവം ഫിക്ഷനെക്കാള്‍ അസാധാരണമാണ്. ‘പെണ്‍സുന്നത്ത്’. രണ്ടാം പതിപ്പ്. അനിത ശ്രീജിത്ത്. കറന്റ് ബുക്സ്. തൃശൂര്‍. വില 237 രൂപ.
◼️സ്ത്രീകളിലും പെണ്‍കുട്ടികളിലും സാധാരണ കാണപ്പെടുന്ന ആരോഗ്യപ്രശ്‌നമാണ് വിളര്‍ച്ച. ഇരുമ്പ് അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗമാണ് ഇതിനുള്ള പരിഹാരം. സസ്യസ്രോതസുകളെ അപേക്ഷിച്ച് മത്സ്യം ഉള്‍പ്പെടെയുള്ള മാംസഭക്ഷണങ്ങളില്‍നിന്നുള്ള ഇരുമ്പിന്റെ ജൈവലഭ്യത വളരെ കൂടുതലാണ്. വിറ്റാമിന്‍ ബി12, ഫോളിക് ആസിഡ് എന്നിവയുടെ കുറവു മൂലവും വിളര്‍ച്ച സംഭവിക്കാം. ഇങ്ങനെ വരുമ്പോള്‍ മത്സ്യവിഭവങ്ങളുടെ ഉപയോഗം ഒരു ഉത്തമ പരിഹാരമാണ്. അയഡിന്‍, സിങ്ക് തുടങ്ങിയ ധാതുക്കളാല്‍ സമൃദ്ധമായ കക്ക, ചിപ്പി, ചെമ്മീന്‍, ഞണ്ട് പോലുള്ള കടല്‍വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ആരോഗ്യത്തിന് പ്രയോജനങ്ങളേറെയുണ്ട്. നല്ല മീന്‍ ശ്രദ്ധിച്ച് വാങ്ങണമെന്ന് മാത്രം. മത്സ്യങ്ങളില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുളളതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയെ സഹായിക്കും. രോഗപ്രതിരോധശേഷിയ്ക്കും മികച്ചതാണ്. വലിയ മീനുകളേക്കാള്‍ ചെറിയ മീനുകളാണ് ആരോഗ്യത്തിന് കൂടുതല്‍ ഗുണകരം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 79.49, പൗണ്ട് – 96.05, യൂറോ – 81.11, സ്വിസ് ഫ്രാങ്ക് – 83.46, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.34, ബഹറിന്‍ ദിനാര്‍ – 210.84, കുവൈത്ത് ദിനാര്‍ -259.00, ഒമാനി റിയാല്‍ – 206.48, സൗദി റിയാല്‍ – 21.14, യു.എ.ഇ ദിര്‍ഹം – 21.64, ഖത്തര്‍ റിയാല്‍ – 21.83, കനേഡിയന്‍ ഡോളര്‍ – 61.72.