രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്‍ഡായ ആതര്‍ എനര്‍ജി തങ്ങളുടെ വരാനിരിക്കുന്ന ഫാമിലി സ്കൂട്ടറിന്റെ പേര് ‘റിസ്റ്റ’ എന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഏപ്രിലില്‍ നടക്കാന്‍ സാധ്യതയുള്ള 2024 ഏഥര്‍ കമ്മ്യൂണിറ്റി ഡേയില്‍ വരാനിരിക്കുന്ന സ്കൂട്ടര്‍ ആതര്‍ അനാച്ഛാദനം ചെയ്യും. 2024 മധ്യത്തോടെ സ്കൂട്ടര്‍ വിപണിയിലെത്തും. സ്കൂട്ടറിന് കൂടുതല്‍ കംഫര്‍ട്ട് ഫീച്ചറും റൈഡര്‍മാരുടെ സുരക്ഷയ്ക്ക് ഊന്നല്‍ നല്കുന്നതുമാണ്. ഇത് ‘ഇന്‍ഡസ്ട്രി-ഫസ്റ്റ്’ ഫീച്ചറുകളാല്‍ നിറഞ്ഞതായിരിക്കും. 450 സീരീസ് ഇ-സ്കൂട്ടറുകളേക്കാള് വലുതായി ഇത് കാണപ്പെടുന്നു, കൂടാതെ 450 മോഡലുകളില്‍ കാണുന്ന ലംബമായിട്ടുള്ള ഹെഡ്ലൈറ്റില് നിന്ന് വ്യത്യസ്തമായി, മെലിഞ്ഞ ഫ്രണ്ട്-എന്‍ഡ്, തിരശ്ചീന ലൈറ്റിംഗ് എന്നിവയുണ്ട്. നിലവില്‍, 450 ലൈനപ്പിന് രണ്ട് ബാറ്ററി ഓപ്ഷനുകളുണ്ട് – 2.9 കിലോവാട്ട്അവര്‍ പായ്ക്ക് (450എസ്, 450എക്സ് എന്നിവയില്‍), 3.7 കിലോവാട്ട്അവര്‍ പായ്ക്ക് (450എക്സില്‍ മാത്രം). 2.9 കിലോവാട്ട്അവര്‍ പാക്കും 3.7 കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് ഓപ്ഷനുകളും ആതര്‍ റിസ്റ്റ വാഗ്ദാനം ചെയ്യാവുന്നതാണ്. എന്നാല്‍ സ്കൂട്ടറിന്റെ വില കുറയ്ക്കാന്‍ കമ്പനി ഇതിലും ചെറിയ ബാറ്ററി വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.