Untitled design 20240911 161921 0000

ചിങ്ങമാസത്തിലെ അത്തംനാൾ മുതൽ അത്തപ്പൂവ് ഇടാറുണ്ട്. തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതലായി അറിയാം….!!!!

തൃക്കാക്കരയപ്പന് വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത് എന്നാണ് വിശ്വാസം.തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാൻ എല്ലാ ജനങ്ങൾക്കും സാധിക്കാതെ വന്നപ്പോൾ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതിൽ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുവദിച്ചു എന്നാണ് ഐതിഹ്യം.

അത്തപ്പൂവിടുന്നതിൽ പ്രാദേശികമായ രീതിവ്യത്യാസങ്ങൾ കാണുന്നുണ്ട്. ചിങ്ങത്തിലെ അത്തംനാൾ മുതലാണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളിൽ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളിൽ വിവിധതരം പൂക്കൾ ഉപയോഗിക്കുന്നു.

 

ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാട നാളിലാണ്‌ പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്‌. മൂലം നാളീൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.

അത്തപൂവിൽ തുടങ്ങി 10-ആം ദിവസം പത്തു നിറങ്ങളിലുള്ള പൂക്കൾകൊണ്ട് പൂക്കളം ഒരുക്കുന്നു. ചാണകം മെഴുകിയ വെറും നിലം കൂടാതെ, മണ്ണുകൊണ്ട് നിർമിച്ച ചാണകം മെഴുകിയ ചെറുമണ്ഡപവും പൂവിടുന്നതിന് ഉപയോഗിക്കുന്നുണ്ട്. തിരുവോണ ദിവസം രാവിലെ പൂക്കളത്തിൽ പലകയിട്ട് അരിമാവു പൂശി അതിന്റെ പുറത്ത് നാക്കിലയിട്ട് അരിമാവു പൂശുന്നു.

 

മണ്ണുകൊണ്ടോ തടികൊണ്ടോ തൃക്കാക്കരയപ്പന്റെ വിഗ്രഹങ്ങൾ നിർമിച്ച് ഇലയിൽ പ്രതിഷ്ഠിക്കും. വിഗ്രഹങ്ങൾ പൂക്കൾ കൊണ്ട് അലങ്കരിക്കുകയും പാലട, പഴം, ശർക്കര തുടങ്ങിയവ നിവേദിക്കുകയും ചെയ്യുന്നു. ചതയം വരെ ദിവസത്തിൽ മൂന്നു നേരവും പൂജയുണ്ട്. കുടുംബത്തിലെ കാരണവരാണ് പൂജ നടത്തേണ്ടത്. ഓണം കാണാൻ എഴുന്നള്ളുന്ന തൃക്കാക്കരയപ്പനെ ആർപ്പുവിളിച്ചും കുരവയിട്ടും ആണ് സ്വീകരിക്കുന്നത്.

ചതയം കഴിഞ്ഞ് ഏതെങ്കിലും നല്ല ദിവസം നോക്കി പ്രതിഷ്ഠ ഇളക്കുന്നു; മിക്കവാറും ഉത്തൃട്ടാതി നാളിലായിരിക്കും ഇങ്ങനെ ചെയ്യുന്നത്.ചില സ്ഥലങ്ങളിൽ മൂലം നക്ഷത്രത്തിലാണ് പ്രതിഷ്ഠ നടത്തുന്നത്. കളം ഒരുക്കി അതിൽ രണ്ടു പലക നിരത്തുന്നു. ആദ്യദിവസം 5-ഉം രണ്ടാം ദിവസം 7-ഉം മൂന്നാം ദിവസം 9-ഉം തിരുവോണ ദിവസം മഹാബലിയെക്കൂടി ഉൾപ്പെടുത്തി 21-ഉം വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് പൂജിക്കുന്നു.ഓണം കേരളീയരുടെ ദേശീയോത്സവമായി പ്രഖ്യാപിക്കപ്പെട്ടതോടെ അത്തപ്പൂവിടൽ മത്സരങ്ങൾ നടത്തിവരുന്നുണ്ട്. ഇതിനോടനുബന്ധിച്ചുള്ളതാണ് അത്തച്ചമയ ഘോഷയാത്ര. അത്തച്ചമയത്തെക്കുറിച്ച് അറിയാക്കഥകളുടെ അടുത്ത ഭാഗത്തിലൂടെ നിങ്ങളിലേക്ക് എത്തും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *