കേരളത്തിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഓഹരി പങ്കാളിത്തം 2.36 ശതമാനം ഉയര്‍ത്തി ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത്കെയര്‍. മലയാളിയായ ഡോ.ആസാദ് മൂപ്പന്‍ നേതൃത്വം നല്‍കുന്ന ആശുപത്രി ശൃഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന്റെ ഉപകമ്പനിയാണ് മിംമ്സ്. നിലവിലെ പ്രവര്‍ത്തനവും ലാഭക്ഷമതയും കണക്കിലെടുത്ത് 2.6% ഓഹരികള്‍ക്ക് 23.58 കോടി രൂപയാണ് വില നിശ്ചയിച്ചത്. മിംമ്സിന് ഏകദേശം 1,000 കോടി രൂപയാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മിംമ്സിന്റെ വരുമാനം 907.79 കോടി രൂപയായിരുന്നു. ലാഭം 70.66 കോടി രൂപയും. ഏറ്റെടുക്കലോടെ മിംമ്സിലെ ആസ്റ്ററിന്റെ ഓഹരി പങ്കാളിത്തം 76.01 ശതമാനത്തില്‍ നിന്ന് 78.37 ശതമാനമായി ഉയര്‍ന്നു. കോഴിക്കോട്, കോട്ടയ്ക്കല്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് മിംമ്സ് ആശുപത്രികളുള്ളത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 12,011 കോടി രൂപയാണ് ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത്കെയറിന്റെ സംയോജിത വരുമാനം. ലാഭം 475 കോടി രൂപയും. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന് പശ്ചിമേഷ്യയിലും ഇന്ത്യയിലുമായി 32 ആശുപത്രികള്‍, 127 ക്ലിനിക്കുകള്‍, 521 ഫാര്‍മസികള്‍, 16 ലബോറട്ടറികള്‍, 189 പേഷ്യന്‍ എക്സ്പീരിയന്‍സ് സെന്ററുകള്‍ എന്നിവയുമുണ്ട്. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന്റെ ഗള്‍ഫ് ബിസിനസ് ഫജര്‍ ഗ്രൂപ്പ് വാങ്ങുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു.