assembly pinarayi

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തുറന്ന യുദ്ധത്തിനിടെ നിയമസഭാ സമ്മേളനം ഇന്നു തുടങ്ങും. ഗവര്‍ണര്‍ ഒപ്പിടാതെ റദ്ദായ 11 ഓര്‍ഡിനന്‍സുകള്‍ പാസാക്കാനാണ് പ്രത്യേക നിയമസഭാ സമ്മേളനം. ഇന്ന് സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികാഘോഷം മാത്രമാണ് സഭ പരിഗണിക്കുക. ലോകായുക്ത നിയമ ഭേദഗതിയില്‍ സിപിഐ നിലപാടു മയപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി എകെജി സെന്ററില്‍ അര മണിക്കൂറോളം ചര്‍ച്ച നടത്തി. നിയമമന്ത്രി പി. രാജീവും സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും കൂടെയുണ്ടായിരുന്നു. സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമവും പരിഗണനയിലുണ്ട്.

കണ്ണൂര്‍ വിസി ക്രിമിനലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍. കറുത്ത ഷര്‍ട്ടു ധരിച്ചാല്‍ അറസ്റ്റു ചെയ്യുന്ന പോലീസുള്ള കേരളത്തില്‍ തന്നെ ആക്രമിച്ചവരെയും ഒത്താശ ചെയ്തവരേയും സംരക്ഷിച്ചെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൈയേറ്റം വൈസ് ചാന്‍സലര്‍ പോലീസില്‍ അറിയിച്ചു നടപടിയെടുപ്പിച്ചില്ല. അതിനാല്‍ വിസിക്കു ഗൂഡാലോചനയില്‍ പങ്കുണ്ടെന്നു സംശയിക്കണം. കൈയേറ്റം അക്കാദമിക് പ്രവര്‍ത്തനമോ ഗുണ്ടായിസമോ എന്നും ഗവര്‍ണര്‍ ചോദിച്ചു.

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറെ ക്രിമിനലെന്ന് വിശേഷിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന ഭരണഘടനാ പദവിക്കു ചേര്‍ന്നതല്ലെന്നു കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ്.  ഗവര്‍ണര്‍ വിവാദങ്ങളുണ്ടാക്കുകയാണ്. സര്‍വകലാശാലാ നിയമങ്ങള്‍ പൂര്‍ണമായി ഗവര്‍ണര്‍ മനസിലാക്കിയിട്ടില്ലെന്നും സിന്‍ഡിക്കേറ്റ് കുറ്റപ്പെടുത്തി.

കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെ അറസ്റ്റു ചെയ്യണമെന്ന് പോലീസില്‍ പരാതി. 2019 ഡിസംബര്‍ 28 ന് സര്‍വകലാശാലയില്‍ നടന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിലുണ്ടായ ആക്രമണത്തില്‍ വിസിക്കു പങ്കുണ്ടെന്ന് ഗവര്‍ണര്‍ ആരോപിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരാതി. ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.വി. മനോജ്കുമാറാണ് പോലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കിയത്.

നിര്‍മാണം പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുഖത്തെ കടലിലും കരയിലും വളഞ്ഞുള്ള ഉപരോധസമരവുമായി മല്‍സ്യത്തൊഴിലാളികളും തീരവാസികളും. ഇന്നു മുതല്‍ സമരം ശക്തമാക്കുമെന്ന് നേരത്തെ സമരസമിതി പ്രഖ്യാപിച്ചിരുന്നു. മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലെ ധാരണകള്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച് തീര്‍പ്പാക്കണമെന്നാണ് ആവശ്യം. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണു സമരം. കടലാക്രമണം മൂലം വീടുകള്‍ നഷ്ടപ്പെട്ടവരുടെ പ്രതിസന്ധി അതീവ ഗുരുതരമാണെന്നും പരിഹാരം വേണമെന്നും കെസിബിസി.

തിരുവന്തപുരത്തു സമരത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പദ്ധതി ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന്. ഫിഷറീസ് മന്ത്രി അബ്ദുറഹ്‌മാന്റെ അധ്യക്ഷതയില്‍ മന്ത്രിമാരായ കെ രാജന്‍, എം വി ഗോവിന്ദന്‍, ആന്റണി രാജു, ചിഞ്ചുറാണി എന്നിവര്‍ പങ്കെടുക്കും.

ജഡ്ജിയുടെ ഭര്‍ത്താവും പ്രതി ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ചും വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടും അതിജീവിത വീണ്ടും കോടതിയില്‍. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ആണ് ഹര്‍ജി പരിഗണിക്കുക. കേസില്‍നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത് പിന്മാറിയിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *