ഹൈക്കമാന്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് അട്ടിമറിച്ചെന്ന് എഐസിസി നിരീക്ഷകരുടെ റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ജയ്പൂരില്‍ കഴിഞ്ഞ ദിവസം എംഎല്‍എമാരുടെ അട്ടിമറി യോഗം ഗെലോട്ടിന്റെ ആസൂത്രണമാണെന്ന് നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും അജയ് മാക്കനും സോണിയ ഗാന്ധിക്കു റിപ്പോര്‍ട്ടു നല്കി. അധ്യക്ഷ സ്ഥാനത്തേക്ക് ഇനി അശോക് ഗെലോട്ടിനെ പരിഗണിക്കില്ല. ഇതേസമയം, അജയ് മാക്കന് സച്ചിന് പൈലറ്റിനുവേണ്ടി ഒത്തുകളിച്ചെന്നാണ് ഗെലോട്ട് പക്ഷത്തിന്റെ ആരോപണം.
സില്‍വര്‍ലൈന്‍ പ്രതിഷേധക്കാര്‍ക്ക് എതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്രാനുമതി ഇല്ലാത്ത സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്തു ഗുണം. ഇത്രയും പണം ചെലവാക്കിയതെന്തിന്? ഇത്രയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കിയത് എന്തിനെന്നും കോടതി ചോദിച്ചു.
കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്കു സെനറ്റ് പ്രതിനിധിയെ ഇന്നലെതന്നെ നിര്‍ദേശിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം സര്‍വകലാശാല തള്ളി. ഗവര്‍ണര്‍ ഏകപക്ഷീയമായി രൂപീകരിച്ച രണ്ടംഗ സെര്‍ച്ച് കമ്മിറ്റി ചട്ടവിരുദ്ധമാണെന്ന് വിസി കത്തു നല്‍കിയിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍ അക്രമങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 1404 പേര് അറസ്റ്റിലായി. 309 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 834 പേരെ കരുതല്‍ തടങ്കലിലാക്കി. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റു ചെയ്തത്. 215 പേരെ. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 34 കേസുകള്‍.
സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി സിലബസില്‍ റോഡ് നിയമങ്ങളുടെ പാഠപുസ്തകം വരുന്നു. പുസ്കത്തിന്റെ പ്രകാശനം നാളെ നടക്കും. ഹയര്‍ സെക്കന്‍ഡറി പരീക്ഷ പാസാകുന്നവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് ലേണേഴ്സ് ടെസ്റ്റ് ഒഴിവാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
കൊച്ചി വിമാനത്താവളത്തില്‍ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഈ വര്‍ഷം പ്രവര്‍ത്തനസജ്ജമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിയാലിന്റെ 28 ാം വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരിയുടമകളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈനായാണ് മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുത്തത്.
കേന്ദ്ര സര്‍ക്കാറിന്റെ തലതിരിഞ്ഞ പരിഷ്കാരങ്ങള്‍ ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ പാലക്കാട് ജില്ലയിലെ പര്യടനത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. വിലക്കയറ്റം നാടിനെ വലയ്ക്കുന്നു. രണ്ടോ മൂന്നോ സമ്പന്നരുടെ താല്പര്യങ്ങള് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. രാഹുല്‍ കുറ്റപ്പെടുത്തി.
മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മാണത്തിലെ അഴിമതിക്കേസില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്മാന് കല്ലായി അടക്കം മൂന്നു പേര് അറസ്റ്റില്‍. മൂവരേയും ഓരോ ലക്ഷം രൂപയുടെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. കോണ്‍ഗ്രസ് നേതാവ് എം.സി.കുഞ്ഞമ്മദ്, യു.മഹ്റൂഫ് എന്നിവരെയാണ് മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടന് ശ്രീനാഥ് ഭാസിയെ അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടു. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് നടനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. മോശമായി സംസാരിച്ചതിന്റെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. വനിതാ കമ്മീഷനിലും യുവതി പരാതി നല്‍കിയിരുന്നു.
എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതി ജിതിനുമായി തെളിവെടുപ്പ് നടത്തിയെങ്കിലും സ്ഫോടകവസ്തു എറിയുന്ന സമയത്ത് ധിരിച്ചിരുന്ന ടീ ഷര്‍ട്ട് പൊലീസിന് കണ്ടെത്താനായില്ല. എന്നാല്‍ ഷൂസ് കണ്ടെത്തി. ടീ ഷര്‍ട്ട് വേളി കായലില്‍ പ്രതി ഉപേക്ഷിച്ചെന്നാണ് പൊലീസ് കോടതിയില്‍ പറഞ്ഞത്.