ലോകത്തിലെ ഏറ്റവും വലിയ ധനികനും ഫ്രഞ്ച് ഫാഷന്‍ കമ്പനിയായ ലൂയിസ് വ്യൂട്ടന് (എല്‍.വി.എം.എച്ച്) സി.ഇ.ഒയുമായ ബെര്‍നാഡ് അര്‍നോള്‍ട്ടിന്റെ ആസ്തി 200 ബില്യണ്‍ ഡോളര്‍ കവിഞ്ഞു. കമ്പനിയുടെ ഓഹരികള്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തി. വ്യക്തിഗത സമ്പത്തിന്റെ കാര്യത്തില്‍ ഇത്രയും ഉയരങ്ങളിലെത്തുന്ന മൂന്നാമത്തെ വ്യക്തിയായി ഇതോടെ ബെര്‍നാഡ് അര്‍നോള്‍ട്ട് മാറി. ടെസ്ല സി.ഇ.ഒ എലോണ്‍ മസ്ക്, ആമസോണിന്റെ സ്ഥാപകന്‍ ജെഫ് ബെസോസ് എന്നിവരായിരുന്നു മുമ്പ് ഈ പദവി കൈവരിച്ചത്. പുതുക്കിയ ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്മാരുടെ സൂചിക അനുസരിച്ച് അര്‍നോള്‍ട്ടിന്റെ ആസ്തി ചൊവ്വാഴ്ച 2.4 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 201 ബില്യണ്‍ ഡോളറായി. ലോകത്തിലെ സമ്പന്നര്‍ക്കിടയില്‍ ആഡംബര വസ്തുക്കളുടെ ആവശ്യം വര്‍ധിച്ചതിനാല്‍ എല്‍.വി.എം.എച്ച് ഓഹരികള്‍ 30 ശതമാനം വര്‍ധിച്ചു. ഇത് അര്‍നോള്‍ട്ടിന്റെ സമ്പത്തില്‍ 39 ബില്യണ്‍ ഡോളര്‍ വര്‍ധനവുണ്ടാക്കി. അതേസമയം മസ്കിന്റെയും ബെസോസിന്റെയും സമ്പത്തില്‍ ഇടിവാണ് രേഖപ്പെടുത്തിയത്. മസ്ക് 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുത്തതും വൈദ്യുത വാഹന നിര്‍മാണരംഗത്തെ മൂല്യത്തിലുണ്ടായ 50 ശതമാനം ഇടിവും അദ്ദേഹത്തിന്റെ സമ്പത്തില്‍ 25 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടാക്കി. 128 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ജെഫ് ബെസോസ് ഇപ്പോള്‍ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ധനികനായ വ്യക്തിയാണ്.