Untitled 1 13

ഒരു ആക്ഷന്‍ ഹീറോയുടെ സ്‌ക്രീന്‍ ഇമേജ് ആണ് മലയാള സിനിമയില്‍ ആന്റണി വര്‍ഗീസിന്. ഇപ്പോഴിതാ അടിയും ഇടിയുമൊന്നുമില്ലാതെ ഒരു റൊമാന്റിക് ഫാമിലി എന്റര്‍ടെയ്‌നറുമായി എത്തുകയാണ് ആന്റണി. ‘ഓ മേരി ലൈല’ എന്ന പേരിലെത്തുന്ന ചിത്രത്തില്‍ ആന്റണിയുടെ കഥാപാത്രത്തിന്റെ പേര് ലൈലാസുരന്‍ എന്നാണ്. പുതുമുഖം നന്ദന രാജനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ടീസര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഭിഷേക് കെ എസ് ആണ്. അനുരാജ് ഒ ബിയുടേതാണ് തിരക്കഥ. അഭിഷേക് കെ എസും അനുരാജ് ഒ ബിയും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്.

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ‘കാന്താര’ മലയാളമടക്കം മറ്റ് ഭാഷകളിലും പ്രേക്ഷകരിലേക്ക് എത്തുകയാണ്. ‘കാന്താര’ മലയാളം തിയറ്ററുകളിലേക്ക് എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. ഒക്ടോബര്‍ 20നാണ് കേരളമെമ്പാടുമായി ‘കാന്താര’ മലയാളം റിലീസ് ചെയ്യുക. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം 11 ദിവസം കൊണ്ട് കര്‍ണാടകത്തില്‍ നിന്ന് 58- 60 കോടി വരെ നേടിയതായാണ് റിപ്പോര്‍ട്ട്. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇന്ത്യയിലെ നൂറ് അതിസമ്പന്നരുടെ പട്ടികയില്‍ മലയാളികളില്‍ ഏറ്റവും സമ്പന്നന്‍ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പു ചെയര്‍മാനുമായ എംഎ യൂസഫലി. ഫോബ്സ് മാഗസിന്റെ റിപ്പോര്‍ട്ടുപ്രകാരം 43,200 കോടി രൂപ ആസ്തിയുമായി പട്ടികയില്‍ 35-ാം സ്ഥാനത്താണ് യൂസഫലി. 32,400 കോടി രൂപ ആസ്തിയുള്ള മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പ് 45-ാം സ്ഥാനത്താണ്, ബൈജൂസ് ആപ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍, ഭാര്യ ദിവ്യ ഗോകുല്‍നാഥ് എന്നിവരുടെ ആസ്തി 2,8800 കോടി രൂപയാണ്, പട്ടികയില്‍ 54-ാം സ്ഥാനമാണ്. ജോയ് ആലുക്കാസിന്റെ ആസ്തി 24,800 കോടി രൂപയാണ് സ്ഥാനം 69. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്റെ ആസ്തി 24,400 കോടി രൂപയും 71-ാം സ്ഥാനത്തുമാണ്. ഗൗതം അദാനിയാണ് ഇന്ത്യയില്‍ ഏറ്റവും സമ്പന്നന്‍. ആസ്തി 15,000 കോടി ഡോളര്‍ (12 ലക്ഷം കോടി രൂപ). രണ്ടാം സ്ഥാനത്ത് മുകേഷ് അംബാനി. ആസ്തി 7.04 ലക്ഷം കോടി രൂപ. രാജ്യാന്തര പട്ടികയില്‍ ഗൗതം അദാനി നാലാം സ്ഥാനത്തും മുകേഷ് അംബാനി ഒന്‍പതാം സ്ഥാനത്തുമാണ്. ഇലോണ്‍ മസ്‌ക് ആണ് പട്ടികയില്‍ ഒന്നാമത്.

നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഉയര്‍ത്തി കേരള ബാങ്കും പ്രാഥമിക സഹകരണ സംഘങ്ങളും. 15 ദിവസം മുതല്‍ 45 ദിവസം വരെയുള്ള കുറഞ്ഞ കാലയളവിലേക്കുള്ള നിക്ഷേപങ്ങള്‍ മുതല്‍ രണ്ടു വര്‍ഷത്തിലധികം സമയത്തേക്ക് നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് വരെ ഉയര്‍ന്ന പലിശ ലഭിക്കും. പ്രാഥമിക സഹകരണ സംഘങ്ങളില്‍ 15 ദിവസം മുതല്‍ 45 ദിവസം വരെയുള്ള പലിശയ്ക്ക് 5.5 ശതമാനമാണ് പുതിയ പലിശ. ആനുപാതികമായി മറ്റ് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 7.75 ശതമാനമാണ് പലിശ. കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങള്‍ക്കും പലിശ ഉയര്‍ത്തിയിട്ടുണ്ട്. 5 ശതമാനം മുതല്‍ 6.75 ശതമാനം വരെയാണ് പുതിയ പലിശ.

ക്ലാസിക് ലെജന്‍ഡ് ജാവയുടെ പുതിയ ബൈക്ക് ജാവ 42 ബോബര്‍ കേരളാ വിപണിയില്‍. മൂന്നു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ മിസ്റ്റിക് കൂപ്പര്‍ നിറത്തിന് 1.99 ലക്ഷം രൂപയും മൂണ്‍സ്റ്റോണ്‍ വൈറ്റ് നിറത്തിന് 2.11 ലക്ഷം രൂപയും ജാസ്പര്‍ റെഡ് ഡ്യുവല്‍ ടോണിന് 2.13 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. മനോഹരമായ ലുക്കിലാണ് ജാവ 42 ബോബര്‍ വിപണിയിലെത്തിയത്. ചോപ്പ്ഡ് ഫെന്‍ഡറുകള്‍, സിംഗിള്‍ സീറ്റ്, ഫ്‌ലാറ്റ് ടയറുകള്‍ എന്നിവ ജാവ 42 ബോബറിലുണ്ട്. ജാവയില്‍ നിന്ന് കടമെടുത്തെ ഇന്ധനടാങ്കും രൂപമാറ്റം വരുത്തിയ വശങ്ങളും ആകര്‍ഷകമാണ്. 334 സിസി എന്‍ജിനാണ് ബൈക്കിന്. 30.64 പിഎസ് കരുത്തും 32.74 എന്‍എം ടോര്‍ക്കും നല്‍കുന്നുണ്ട് ഈ എന്‍ജിന്‍. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്.

ടി.പത്മനാഭന്റെ കഥകളില്‍ സൗന്ദര്യബോധപരമായ ശാഠ്യങ്ങളൊന്നുമില്ല. അത് ശൈലീശാസ്ത്രപരമായ അപഗ്രഥനത്തിനുള്ള ഭൗതികവസ്തുവല്ല. രൂപകങ്ങളും വിശേഷങ്ങളും ഒഴിവാക്കുന്ന ഭാഷയാണത്. നിര്‍വ്വഹണത്തിന്റെ ലാളിത്യമാണ് പത്മനാഭന്റെ കല. എന്നിട്ടും അത് സൗന്ദര്യത്തിന്റെ അളവറ്റ ധന്യത തരുന്നു. ആലങ്കാരികഭാഷയുടെ എല്ലാ പൊങ്ങച്ചവും അതിന്റെ മുമ്പില്‍ മങ്ങിപ്പോകുന്നു. വാക്കുകളല്ല, വാക്കുകളുടെമേലുള്ള ജീവിതത്തിന്റെ ശക്തിയാണ് പത്മനാഭന്‍ അവതരിപ്പിക്കുന്നത്. ‘ടി പത്മനാഭന്റെ കഥകള്‍ സമ്പൂര്‍ണം’. ഡിസി ബുക്‌സ്. വില 1,234 രൂപ.

അനാരോഗ്യകരമായ ഭക്ഷണശൈലിയും വ്യായാമമില്ലായ്മയും ചെറുപ്പക്കാരില്‍ ഹൃദയാഘാത സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഒപ്പം ചെറുപ്പക്കാരില്‍ വര്‍ദ്ധിച്ചുവരുന്ന ഹൃദയാഘാതത്തിന്റെ ഒരു പ്രധാനകാരണം മാനസിക സമ്മര്‍ദ്ദമാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം, കാെളസ്ട്രോള്‍ എന്നിവയും ചെറുപ്പക്കാരെ ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഒപ്പം കൊവിഡ് ഹൃദയാരോഗ്യത്തിന് ഭീഷണിയായിട്ടുണ്ടെന്നും പറയപ്പെടുന്നു. നെഞ്ചുവേദന ഗ്യാസാണെന്ന് തെറ്റിദ്ധരിക്കാതെ ആരംഭത്തില്‍ത്തന്നെ വൈദ്യസഹായം തേടുക. കൊഴുപ്പ് കൂടുതലുള്ള ആഹാരം ഒഴിവാക്കേണ്ടതും പുകവലി വര്‍ജ്ജിക്കേണ്ടതും മദ്യപാനം പരിമിതപ്പെടുത്തേണ്ടതും വ്യായാമം ശീലമാക്കേണ്ടതും മാനസിക സമ്മര്‍ദ്ദം ഒഴിവാക്കി ശാന്തമായ മനസിന് ഉടമയാകേണ്ടതും ഹൃദയാരോഗ്യത്തിന് അനിവാര്യമെന്ന് അറിയുക.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *