ആന്റിബയോട്ടിക്കുകള്‍ക്കെതിരെ ഉയര്‍ന്ന തോതിലുള്ള പ്രതിരോധശേഷി കൈവരിച്ച് ചില ബാക്ടീരിയകള്‍. ലോകാരോഗ്യ സംഘടന പുറത്ത് വിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇതേകുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. ഇത് ദശലക്ഷക്കണക്കിന് ജീവനുകളെ അപകടത്തിലാക്കാമെന്നും പറയുന്നു. 80 ലധികം രാജ്യങ്ങളില്‍ നടത്തിയ സര്‍വേകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. രക്തപ്രവാഹത്തില്‍ അണുബാധകള്‍ വരുത്തുന്ന ബാക്ടീരിയകളില്‍ 50 ശതമാനത്തിലേറെ ആന്റിബയോട്ടിക് പ്രതിരോധം കണ്ടെത്തി. ക്ലെബ്‌സിയല്ല ന്യുമോണിയെ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന എട്ട് ശതമാനം രക്തപ്രവാഹ അണുബാധകളും മരുന്നുകളോട് പ്രതിരോധശേഷി കൈവരിച്ച് ബാധിക്കപ്പെടുന്നവരുടെ മരണസാധ്യത ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൊണേറിയക്ക് കാരണമാകുന്ന നെയ്‌സ്സെരിയ ഗൊണേറിയ ബാക്ടീരിയ കഴിക്കുന്ന ആന്റിബയോട്ടിക് മരുന്നുകള്‍ക്കെതിരെ 60 ശതമാനം പ്രതിരോധം ആര്‍ജ്ജിച്ചതായും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. മൂത്രനാളിയില്‍ അണുബാധകള്‍ക്ക് കാരണാകുന്ന ഇ.കോളി ബാക്ടീരിയയും പ്രതിരോധശേഷി ആര്‍ജ്ജിച്ച ബാക്ടീരിയകളുടെ പട്ടികയില്‍പ്പെടുന്നു. 20 ശതമാനത്തിലധികം ഇ.കോളി അണുബാധകളിലും ഒന്നാം നിര, രണ്ടാം നിര ചികിത്സകള്‍ക്കെതിരെ പ്രതിരോധമുള്ളതായി ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍ പറയുന്നു. ഇ.കോളി, സാല്‍മണെല്ല, ഗൊണേറിയ എന്നിവ മൂലമുള്ള രക്തപ്രവാഹ അണുബാധകള്‍ 2017നും 2020നും ഇടയില്‍ 15 ശതമാനം വര്‍ധിച്ചു. ആന്റിമൈക്രോബിയല്‍ പ്രതിരോധം ആധുനിക വൈദ്യശാസ്ത്രത്തെ ക്ഷയിപ്പിക്കുമെന്നും ലക്ഷണക്കണക്കിന് ജീവനുകള്‍ അപകടത്തിലാക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്.