റിലീസ് ചെയ്ത് പത്താം ദിവസവും ബോക്‌സോഫീസില്‍ കുതിപ്പ് തുടര്‍ന്ന് അനിമല്‍. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 1 നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. സാക്‌നില്‍ക്.കോം റിപ്പോര്ട്ട് അനുസരിച്ച്, ചിത്രം അതിന്റെ രണ്ടാം ഞായറാഴ്ചയോടെ ഇന്ത്യയില്‍ നിന്നും കളക്ഷനില്‍ 430 കോടി പിന്നിട്ടു. രണ്‍ബീര്‍ കപൂര്‍, രശ്മിക മന്ദാന, ബോബി ഡിയോള്‍, അനില്‍ കപൂര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രിപ്തി ദിമ്രി, ശക്തി കപൂര്‍, പ്രേം ചോപ്ര എന്നിവരും ശക്തമായ വേഷത്തില്‍ എത്തുന്നുണ്ട്. ആദ്യവാരത്തില്‍ 337.58 കോടിയാണ് നേടിയത്. അതിന് ശേഷം ചിത്രം അതിന്റെ റിലീസിന്റെ ഒന്‍പതാം ദിനത്തില്‍ 34.74 കോടി നേടി. ഇതില്‍ ഹിന്ദി പതിപ്പില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക എത്തിയത് 32.74 കോടി. എന്നാല്‍ ഞായറാഴ്ച എത്തിയതോടെ കളക്ഷന്‍ വീണ്ടും ഉയര്‍ന്നു. 35.02 കോടിയാണ് റിലീസിന് ശേഷമുള്ള രണ്ടാം ഞയറാഴ്ച ചിത്രം നേടിയത്. ഇതോടെ അനിമലിന്റെ ഇന്ത്യന്‍ ബോക്‌സോഫീസ് കളക്ഷന്‍ 430.29 കോടിയായി. അതേ സമയം ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ നിരയിലുള്ള സുല്‍ത്താന്‍, സഞ്ജു, ധൂം 3 തുടങ്ങിയ ചിത്രങ്ങളെയൊക്കെ അനിമല്‍ ഇതിനകം പിന്നിലാക്കിയിട്ടുണ്ട്. സണ്ണി ഡിയോളിന്റെ ഗദര്‍ 2 ന് അടുത്തെത്തിയിട്ടുമുണ്ട് 9 ദിവസം കൊണ്ട് രണ്‍ബീര്‍ കപൂര്‍ ചിത്രം. അതേ സമയം 9-ാം ദിവസം വരെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ഇതുവരെ അനിമല്‍ നേടിയത് 660.89 കോടി ആണെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്.