ബിബിസി ഡോക്യുമെന്ററി വിവാദ ട്വീറ്റിനെത്തുടർന്ന് കോൺഗ്രസ് പദവികൾ രാജിവച്ച അനിൽ കെ. ആന്‍റണിയെ വിമർശിച്ച് കോൺഗ്രസ് യുവ നേതാക്കാൾ.
അനിലിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വി.ടി. ബൽറാം. പദവിയുണ്ടെങ്കിലും കുറച്ചുകാലമായി അദ്ദേഹം പാർട്ടിയിൽ സജീവമായിരുന്നില്ല. പദവികള്‍ പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ബൽറാം പറഞ്ഞു.
മൂക്കാതെ പഴുക്കുന്ന നേതാക്കന്‍മാരുടെ മക്കള്‍ പാര്‍ട്ടിക്ക് ഏല്‍പ്പിക്കുന്ന പരിക്ക് ചെറുതല്ലെന്ന് റിജില്‍ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.അല്‍പം വെയിലും മഴയും ഒക്കെ കൊള്ളാത്തതിന്‍റെ സൂക്കേടാണ്. അതാണ് പാര്‍ട്ടിയെ ഇവനൊക്കെ പ്രതിരോധത്തിലാക്കുന്നതെന്നും റിജില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മോദി എന്ന പിആർ വർക്ക് പ്രോഡക്റ്റിന്റെ യഥാർഥമുഖം തുറന്നു കാണിച്ച ബിബിസിക്കെതിരെ കോൺഗ്രസിന്റെ കേരളത്തിലെ ഐടി സെൽ കോ–ഓർഡിനേറ്റർ രംഗത്തുവരിക എന്നത് തികച്ചും അപമാനകരമാണെന്ന് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി പി.എൻ.വൈശാഖ് ഫെയ്സ്ബുക്കിൽ കുറിച്ചു.
കോൺഗ്രസ് പ്രവർത്തകനെന്ന നിലയിലും കോൺഗ്രസിനുള്ളിൽ പ്രധാനപ്പെട്ട പദവി വഹിക്കുന്നയാളെന്ന നിലയിലും ഇത്തരമൊരു നിലപാട് സ്വീകാര്യമല്ല. തന്റെ ട്വീറ്റിലെ തെറ്റു മനസ്സിലാക്കി അദ്ദേഹം അതു തിരുത്തുന്നതായിരുന്നു കൂടുതൽ ഉചിതം. അതിനു പകരം ആരോപണങ്ങൾ ആവർത്തിച്ച് കൂടുതൽ പടുകുഴിയിലേക്കു പോയത് നിർഭാഗ്യകരമായെന്ന് ശബരീനാഥൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്‍ററിയെ വിമർശിച്ചതിന്‍റെ പേരിൽ വിവാദത്തിലായ അനിൽ ആന്‍റണി കോൺഗ്രസിന്‍റെ എല്ലാ പദവികളിൽനിന്നും ബുധനാഴ്ച രാവിലെയാണ് രാജിവച്ചത്. എഐസിസി സോഷ്യൽ മീഡിയ കോർഡിനേറ്റർ അടക്കമുള്ള പദവികളാണ് രാജിവച്ചത്.
കോൺഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണെന്നും അനിൽ ആന്‍റണി കുറ്റപ്പെടുത്തി.