ജാന്‍വി കപൂര്‍ നായികയാകുന്ന പുതിയ ചിത്രമാണ് ‘മിലി’. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ഹെലന്റെ’ റീമേക്കാണ് ‘മിലി’. ‘ഹെലന്റെ’ സംവിധായകനായ മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ചിത്രം ഒരുക്കുന്നത്. മികച്ച ഒരു സിനിമാനുഭവമായിരിക്കും റീമേക്കിലും ‘എന്ന് സൂചിപ്പിച്ച് ‘മിലി’യുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ‘മിലി’യുടെ ഗാന രചന ജാവേദ് അക്തര്‍. സുനില്‍ കാര്‍ത്തികേയനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മോനിഷ ആര്‍ ബല്‍ദവ ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ജാവന്‍വി കപൂറിന്റെ അച്ഛന്‍ കൂടിയായ ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. ജാന്‍വി കപൂറിന് പുരമേ സണ്ണി കൗശല്‍, മനോജ് പഹ്വ, ഹസ്‌ലീന്‍ കൗര്‍, രാജേഷ് ജെയ്‌സ്, വിക്രം കൊച്ചാര്‍, അനുരാഗ് അറോറ, സഞ്ജയ് സൂര്യ എന്നിവരും അഭിനയിക്കുന്നു.
കെജിഎഫിനു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് സലാറിന് ലഭിച്ചിരിക്കുന്ന ഹൈപ്പ്. ഇതുവരെ കന്നഡത്തില്‍ മാത്രം സിനിമകള്‍ ഒരുക്കിയിട്ടുള്ള പ്രശാന്ത് ആദ്യമായി തെലുങ്കില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സലാര്‍’. പ്രഭാസ് നായകനാവുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിലെ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. വരദരാജ മന്നാര്‍ എന്നാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കറുത്ത ഗോപിക്കുറിയണിഞ്ഞ് കഴുത്തിലും മൂക്കിലുമെല്ലാം ആഭരണങ്ങള്‍ അണിഞ്ഞ് ഒരു വില്ലന്‍ ഛായയിലാണ് ഫസ്റ്റ് ലുക്കില്‍ പൃഥ്വിരാജിന്റെ കഥാപാത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം ചിത്രം കാണണമെങ്കില്‍ ഇനിയും ഒരു വര്‍ഷം കൂടി കാത്തിരിക്കണം. 2023 സെപ്റ്റംബര്‍ 28 ആണ് പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി.
പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ ഇനി ചെലവേറിയതാകും. ഇഎംഐ രീതിയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും വാടക നല്‍കുന്നതിനും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ പ്രൊസസിങ് ഫീസ് എസ്ബിഐ വര്‍ധിപ്പിച്ചു. നവംബര്‍ 15 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാടക നല്‍കുന്നവര്‍ക്ക് 99 രൂപയും ജിഎസ്ടിയുമാണ് ഫീസ്. ഇഎംഐ അടിസ്ഥാനത്തില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള പ്രൊസസിങ് ചാര്‍ജ് 99 രൂപയില്‍ നിന്ന് 199 രൂപയായാണ് ഉയര്‍ത്തിയത്. ജിഎസ്ടിയും അധികമായി നല്‍കണം. നവംബര്‍ 15ന് മുന്‍പ് നടന്ന ഇടപാടില്‍ ബില്‍ അടയ്ക്കേണ്ട സമയം നവംബര്‍ 15ന് ശേഷമാണെങ്കില്‍ പുതിയ നിരക്ക് ഈടാക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാടക നല്‍കുന്നതിന് ഐസിഐസിഐ ബാങ്കും പ്രോസസിങ് ഫീസ് ഈടാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ മഹേശ്വരം ജനറല്‍ പാര്‍ക്കില്‍ 750 കോടിരൂപ നിക്ഷേപത്തോടെ ‘മലബാര്‍ ജെംസ് ആന്‍ഡ് ജുവലറി’ ആരംഭിക്കുന്നു. 3.7 ഏക്കറില്‍ 2.3 ലക്ഷം ചതുരശ്രഅടിയിലാണ് അമേരിക്ക, ജര്‍മ്മനി, ഇറ്റലി എന്നിവിടങ്ങളിലെ വിദഗ്ദ്ധരുടെ സഹായത്തോടെ അത്യാധുനിക സംവിധാനങ്ങളുള്ള പദ്ധതി പ്രകൃതിസൗഹൃദമായി ഒരുങ്ങുന്നത്. തെലങ്കാന സര്‍ക്കാരാണ് അടിസ്ഥാനസൗകര്യമൊരുക്കിയത്. പദ്ധതിയില്‍ 2,750 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. പ്രതിവര്‍ഷം 10 ടണ്‍ സ്വര്‍ണത്തിന്റെയും 1.5 ലക്ഷം കാരറ്റ് ഡയമണ്ടിന്റെയും ആഭരണങ്ങള്‍ ഇവിടെ നിര്‍മ്മിക്കാം. വര്‍ഷം 180 ടണ്‍ സ്വര്‍ണം ശുദ്ധീകരിക്കാനും സൗകര്യമുണ്ടാകും. ഡിസൈന്‍ സ്റ്റുഡിയോ, ഗവേഷണ, വികസനകേന്ദ്രം, ജീവനക്കാര്‍ക്കുള്ള താമസസൗകര്യം എന്നിവയും ഇവിടെയുണ്ടാകും. പദ്ധതി പ്രദേശത്തിന്റെ 33 ശതമാനം പച്ചപ്പിനായി നീക്കിവച്ചിട്ടുണ്ട്.
32 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനവുമായി മാരുതിയും എസ് പ്രസോ സിഎന്‍ജി. 5.90ലക്ഷം രൂപയ്ക്കാണ് പുതിയ മാരുതി സുസുക്കി എസ് പ്രസോയുടെ സിഎന്‍ജി മോഡല്‍ വിപണിയിലെത്തിയിരിക്കുന്നത്. രണ്ട് വേരിയന്റുകളാണ് എസ് പ്രസോ സിഎന്‍ജിക്കുള്ളത്. എല്‍എക്‌സ്‌ഐ വേരിയന്റിന് 5.90ലക്ഷം രൂപയും വിഎക്‌സ്‌ഐ വേരിയന്റിന് 6.10 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. പെട്രോള്‍ മോഡലിനേക്കാള്‍ 95000 രൂപ അധികമാണ് സിഎന്‍ജി പതിപ്പിനെങ്കിലും മൈലേജ് ആരെയും മോഹിപ്പിക്കും. പുതിയ 1.0 കെ ടെന്‍സി എന്‍ജിനാണ് എസ് പ്രസോയ്ക്കുള്ളത്. പെട്രോള്‍ മോഡില്‍ 65 എച്ച് പി പവറും 89 എന്‍എ ടോര്‍ക്കും ഈ എന്‍ജിന് പുറത്തെടുക്കാനാവും. സിഎന്‍ജി മോഡില്‍ 57 എച്ച് പി കരുത്തും 82 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ നല്‍കുന്നുണ്ട്.
സുരാസു, മധുമാഷ്, ടി.എന്‍. ജോയി, ജോണ്‍ എബ്രഹാം, പ്രൊഫ. ശോഭീന്ദ്രന്‍, എ. ശാന്തകുമാര്‍, പുസ്തകപ്രസാധനം, കോളേജുകാലം, യാത്ര, പ്രവാസം… തുടങ്ങി പലപല വ്യക്തികള്‍ക്കും കാലത്തിനും ലോകത്തിനുമൊപ്പം കടന്നുവന്ന ഒരാളുടെ ഏറെ കൗതുകം നിറഞ്ഞ സ്മരണകള്‍. ഒപ്പം, ജീവിതത്തിന്റെ പല നിര്‍ണ്ണായക ഘട്ടങ്ങളിലും ആശ്വാസവും ആശ്രയവും വഴികാട്ടിയുമായി മാറിയ ഗുരുനാഥന്‍ എം.എന്‍. കാരശ്ശേരിയെക്കുറിച്ചുള്ള ശിഷ്യന്റെ ദീര്‍ഘമായ അനുഭവക്കുറിപ്പും. ജോയ് മാത്യുവിന്റെ ഏറ്റവും പുതിയ ഓര്‍മ്മപ്പുസ്തകം. ‘തീപിടിച്ച പര്‍ണ്ണശാലകള്‍’. മാതൃഭൂമി ബുക്‌സ്. വില 266 രൂപ.
വാര്‍ദ്ധക്യം സ്വാഭാവികമായ ഒരു പ്രക്രിയയാണ്, എന്തൊക്കെ ചെയ്താലും അത് തടയാന്‍ പറ്റില്ല എന്നാണ് പലരും പറയുന്നത്. പക്ഷെ ആരോഗ്യകരമായ ജീവിതശൈലിയും പോഷകസമൃദ്ധമായ ഭക്ഷണക്രമവും കൊണ്ട് ഇത് മന്ദഗതിയിലാക്കാം. പ്രായമാകാന്‍ തുടങ്ങുമ്പോള്‍ അതിന്റെ ലക്ഷണങ്ങള്‍ ചര്‍മ്മത്തിലും മുടിയിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. ഇത് അതിവേഗം നിങ്ങളെ കീഴ്‌പ്പെടുത്താതിരിക്കാന്‍ ചില പച്ചക്കറികളെയും പഴങ്ങളെയും കൂട്ടുപിടിക്കാം. നെല്ലിക്ക, മാതളനാരങ്ങ, കറുത്ത മുന്തിരി എന്നിവ ചേര്‍ത്ത ഒരു ആന്റി-ഏജിംഗ് ജ്യൂസാണ് പോഷകാഹാര വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. രുചി കൂട്ടാന്‍ ഉപ്പും ചാട്ട് മസാലയും ചേര്‍ക്കാം. വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്ക ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും പ്രായമാകല്‍ മന്ദഗതിയിലാക്കാനും സഹായിക്കും. ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ, പൊട്ടാസ്യം, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുള്ള മാതളനാരങ്ങ അകാല വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ മറികടക്കാന്‍ സഹായിക്കും. മറുവശത്ത്, കറുത്ത മുന്തിരി രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും കാന്‍സറിനെ ചെറുക്കുന്നതിനും സഹായിക്കുന്നതാണ്.