സാധാരണ ഗതിയില്‍ ജലദോഷവും പനിയുമൊക്കെ വരുത്തുന്ന അഡെനോവൈറസ് അണുബാധ രക്തം കട്ട പിടിക്കാനും ശരീരത്തിലെ പ്ലേറ്റ്ലെറ്റ് തോത് കുറയാനുമൊക്കെ കാരണമാകുമെന്ന് പഠനം. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് നോര്‍ത്ത് കാരോലൈനയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച ഗവേഷണം നടത്തിയത്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ആന്റി-പ്ലേറ്റ്ലെറ്റ് ഫാക്ടര്‍ 4 തകരാറുകളിലേക്ക് അഡെനോവൈറസ് അണുബാധ നയിക്കാമെന്ന് പഠനത്തിന് നേതൃത്വം നല്കിയവര് പറയുന്നു. ഒരു വ്യക്തിയുടെ പ്രതിരോധ സംവിധാനം തന്റെ ശരീരത്തിലെതന്നെ പ്ലേറ്റ്ലെറ്റ് ഫാക്ടര്‍-4നെതിരെ ആന്റി ബോഡികളെ പുറപ്പെടുവിപ്പിക്കുമ്പോഴാണ് ആന്റി-പിഎഫ്4 തകരാറുണ്ടാകുന്നത്. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ്ലെറ്റുകള് പുറത്ത് വിടുന്ന പ്രോട്ടീനാണ് പ്ലേറ്റ്ലെറ്റ് ഫാക്ടര്‍-4. പിഎഫ്-4നെതിരെ ഒരു ആന്റിബോഡി ഉണ്ടാവുകയും അവ അതിനോട് ഒട്ടിപ്പിടിക്കുകയും ചെയ്യുമ്പോള്‍ ഇത് രക്തപ്രവാഹത്തില്‍ നിന്ന് പ്ലേറ്റ്ലെറ്റുകള് നീക്കം ചെയ്യപ്പെടാന്‍ ഇടയാക്കുന്നു. ഇതാണ് രക്തം കട്ടപിടിക്കുന്നതിലേക്കും പ്ലേറ്റ്ലെറ്റ് തോത് കുറയുന്നതിലേക്കും നയിക്കുന്നത്. നേരത്തെയുള്ള രോഗനിര്‍ണയത്തിലേക്കും ചികിത്സാരീതികളിലേക്കുമൊക്കെ നയിക്കാന്‍ പഠനത്തിനാകുമെന്നും ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.