കുറഞ്ഞവിലയ്ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് സാഹചര്യം ഒരുക്കിക്കൊടുക്കാമെന്ന് അമേരിക്കയുടെ വാഗ്ദാനം. റഷ്യ-യുക്രെയ്ന്‍ യുദ്ധപശ്ചാത്തലത്തില്‍ റഷ്യയ്ക്കുമേല്‍ അമേരിക്കയും യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നതിനായിരുന്നു മുഖ്യ ഉപരോധം. റഷ്യന്‍ എണ്ണയ്ക്ക് ബാരലിന് 60 ഡോളര്‍ പരമാവധി വിലയും ഉപരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്നു. യുദ്ധ പശ്ചാത്തലത്തില്‍ യൂറോപ്യന്‍, അമേരിക്കന്‍ ഉപയോക്താക്കളെ നഷ്ടപ്പെട്ട റഷ്യക്ക് തുണയായത് ഇന്ത്യയും ചൈനയുമാണ്. ഇരു രാജ്യങ്ങളും വന്‍തോതില്‍ റഷ്യന്‍ എണ്ണ വാങ്ങിക്കൂട്ടി. ഇന്ത്യക്ക് ഏറ്റവുമധികം എണ്ണ നല്‍കുന്ന രാജ്യവുമാണ് ഇപ്പോള്‍ റഷ്യ. ഇന്ത്യക്ക് റഷ്യ ക്രൂഡോയില്‍ വിലയില്‍ നേരത്തെ ബാരലിന് 15-20 ഡോളര്‍ വരെ ഡിസ്‌കൗണ്ട് നല്‍കിയിരുന്നു. ഇതിന് പിന്നീട് 10 ഡോളറിന് താഴെയായി റഷ്യ കുറച്ചു. റഷ്യന്‍ എണ്ണയുടെ ഡിസ്‌കൗണ്ട് കുറഞ്ഞെങ്കിലും ഫെബ്രുവരിയില്‍ ഇറക്കുമതി കൂടിയിട്ടുണ്ട്. പ്രതിദിനം 1.54 മില്യണ്‍ ബാരല്‍ റഷ്യന്‍ എണ്ണയാണ് കഴിഞ്ഞമാസം ഇന്ത്യന്‍ കമ്പനികള്‍ വാങ്ങിയത്. ജനുവരിയേക്കാള്‍ പ്രതിദിനം 50,000 ബാരല്‍ അധികമാണിത്. എന്നാല്‍, 2023 ഫെബ്രുവരിയിലെ 1.84 മില്യണ്‍ ബാരലിനെ അപേക്ഷിച്ച് 16 ശതമാനം കുറവുമാണിത്. ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡോയില്‍ ഇറക്കുമതിയില്‍ 33 ശതമാനവും റഷ്യയില്‍ നിന്നാണ്. റഷ്യയ്ക്കാണ് ഒന്നാംസ്ഥാനവും. യൂറല്‍, സൊക്കോല്‍ എന്നീ റഷ്യന്‍ എണ്ണയിനങ്ങളാണ് ഇന്ത്യ കൂടുതല്‍ വാങ്ങിയത്.